വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Friday, September 02, 2005

പുരാതനശിലായുഗം

ന്റെ ഭാര്യക്കു കേരളത്തെപ്പറ്റി വളരെ romantic ആയ കാഴ്ചപ്പാടാണ്—അവൾ “കേരളം”, “കേരളം” എന്നുപറയുമ്പോൾ പശ്ചാത്തലത്തിൽ കേളികൊട്ടുയരുന്നതു കേൾക്കാം. അവൾ ജനിച്ചതും, 30 കൊല്ലം വളർന്നതും കേരളത്തിലാണ് – എന്നിട്ടുകൂടി! പൊതുവെ പല കാര്യങ്ങളിലും romantic എന്നു ബലം പിടിച്ചു നടക്കുന്ന ഞാനോ, ഇക്കാര്യത്തിൽ പക്കാ realist.

കഴിഞ്ഞ കൊല്ലം ഒറ്റയ്ക്കു നാട്ടിൽ വന്നപ്പോൾ കിട്ടിയ ഷോക്ക് ഇപ്പൊഴും മാറിയിട്ടില്ല എനിക്ക്.

പണ്ട്, വളരെപ്പണ്ട്, ഞാൻ ഒരു ബാലയോഗിയായി, ബ്രഹ്മചാരിയായി എൻ കുഗ്രാമത്തിൽ മരുവും കാലം, എന്റെ വീടിരിക്കുന്ന ഊടുവഴിയിൽ, വേറെ 3 വീടുകളേ വിളിപ്പാടിൽ ഉണ്ടായിരുന്നുള്ളു. പുതുമഴ പെയ്താൽ അന്നുരാത്രി വഴി നിറയെ പാമ്പിറങ്ങും -- മനുഷ്യൻ സൂക്ഷിച്ചു നടന്നിലെന്കിൽ പാമ്പ് ഖസാക്കിന്റെ ഇതിഹാസം രചിക്കും. രവീന്നാണോ, അതോ അപ്പുക്കിളീന്നാണോന്നു പേരുപോലും ചോദിക്കില്ല. മഴയില്ലാത്ത ദിവസം രാത്രി ആ വഴി വരുമ്പോൾ, വഴിയുടെ ഇരുവശവുമുള്ള മാവിലും, പ്ലാവിലും തൂങ്ങിയാടുന്ന ഞറള വള്ളികൾ നിലാവത്തു യക്ഷികളുടെ ഊഞാൽ പോലെയോ, അനാക്കൊണ്ട (ചില ആങ്ഗലേയ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരിനം റബ്ബറ്പ്പാമ്പ്) പോലെയോ ഒക്കെതോന്നും. ആ വഴിയിലൂടെ ഒറ്റയ്ക്കു സെക്കൻഡ് ഷോ കാണാൻ പോയിത്തുടങ്ങിയ കാലത്താണു ഞാൻ മഹാഭാരതം തപ്പിപ്പിടിച്ചെടുത്തു അർജ്ജുനന്റെ 10 നാമങ്ങളും ഭക്ത്യാ ജപിക്കാൻ പഠിച്ചത്. അവിടെയും വന്നു ഒരു പാര. ഏകദേശം അക്കാലത്താണു ഫാ ജിയോ കപ്പലുമാക്കൻ കപ്പലുമാവുകളുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും സമീപത്തുകൂടി നടന്നുപോകുന്നവരുടെ ശരീരത്തിൽ ആവേശിക്കുന്ന ഒരുതരം മറുതകളെപ്പറ്റി മനോരമ ആഴ്ച്ചപ്പതിപ്പിൽ എഴുതിത്തുടങ്ങിയത്. കഞ്ഞി കുടിക്കാൻ കാശില്ലാത്തവന് വയറിളക്കം വന്ന പോലെയായി എന്റെ സ്ഥിതി. കപ്പലുമാക്കൻ മറുതകളാണെൻകിലോ കൂടിയ ഇനമാണു്. നമ്മുടെ ശരീരത്തിൽ കയറിയാലും, നമ്മൾ അറിഞ്ഞെന്നു വരില്ല. പുറമെനിന്നു കണ്ടാൽ മുഹമ്മദ് ആട്ടയെപ്പോലെ ഒരു പാവത്താൻ ലുക്ക് ആയിരിക്കും സാധനങ്ങൾക്കു്. ചിലപ്പോൾ ഒരു പൂച്ചക്കുട്ടി, ചിലപ്പോൾ ഒരു പട്ടിക്കുട്ടി. അങ്ങനെ എന്തെൻകിലുമൊന്നു്. പക്ഷേ, നമ്മെ ആവേശിച്ചുകഴിഞാൽ അവറ്റയ്ക്കും ആവേശമാകുമത്രെ. ബാധ കൂടിയ ആളുടെ സ്വഭാവം മാറും എന്നതാണു് ആകെ ഒരു ബാഹ്യലക്ഷണം. ഓരോ സെക്കൻഡ് ഷോ പരിപാടി കഴിയുമ്പോഴും അടുത്ത ആഴ്ച വരെ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നുണ്ടോയെന്നു ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചുപോന്നു. ഇനി എന്റെ മാറ്റങ്ങൾ എനിക്കു തന്നെ കണ്ടുപിടിക്കാൻ പറ്റാതെ പോയാലോ എന്നു കരുതി അമ്മയേയും, അനിയത്തിയേയും കൂടി ഈ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പൊതുവെ ഒരു കിടുകിടുങ്കൻ സ്ഥലവും, കാലവും.

കഴിഞ്ഞ കൊല്ലം നാട്ടിൽ ചെന്നപ്പോഴാണു് മാറ്റങ്ങൾ എന്നെ വളഞ്ഞുനിന്നാക്രമിച്ചത്. “തൊണ്ട്” എന്നു ഞങ്ങൾ ഓമനയായി വിളിച്ചുപോന്ന ഊടുവഴി ഇപ്പോൾ ചങ്ങമ്പുഴ റോഡ് ആയി. ഞങ്ങളുടെ പുരയിടം ഒഴികെ ബാക്കി പറമ്പുകളിലെല്ലാം ഇപ്പോൾ വീടുകളാണു കൃഷി ചെയ്യുന്നതെന്നു തോന്നി. പണ്ടു പ്രധാനമായി ഞങ്ങൾക്കു കുട്ടിയും, കോലും കളിക്കാനും, പിന്നെ ബാക്കി കാലങ്ങളിൽ നെല്ലു കൃഷി ചെയ്യാനും വേണ്ടി ഇട്ടിരുന്ന സ്ഥലങ്ങളായിരുന്നു അവ. ആ പുരാതനശിലായുഗത്തിൽ, അക്ഷരാർത്ഥത്തിൽ വീകേയെൻ പറഞ്ഞതുപോലെ, “ഒന്നിനും ഒരു കുറവുമില്ല, രണ്ടിനാണെൻകിൽ പറമ്പിൽ ഇഷ്ടം പോലെ സ്ഥലം” എന്നതായിരുന്നു അവസ്ഥ.
ഇപ്പോഴോ, അടുത്ത വീട്ടിലെ കൊച്ചുതെമ്മാടി മുറ്റത്തു മുള്ളിയാൽ, ചുറ്റുമുള്ള മൂന്നാലു വീട്ടിലെൻകിലും സുനാമി വന്നേക്കുമോ എന്നു വർണ്ണ്യത്തിലാശങ്ക. ആകപ്പാടെ ഒരു “ഒരു ദേശത്തിന്റെ കഥ“യുടെ അവസാനത്തെ അദ്ധ്യായം പോലെ.

അമ്മയും അച്ഛനും താമസിക്കുന്ന “അന്നൈ ഒരാലയം” തന്നെയും പഴയതിൽനിന്നും ഒരുപാടുമാറിക്കഴിഞ്ഞിരിക്കുന്നു. പണ്ടു ഞാനും അനിയത്തിയും വളർന്ന, ഓടുമേഞ്ഞ, കുറച്ചൊരു തണുപ്പും, കുറച്ചൊരിരുട്ടും ഒക്കെയുണ്ടായിരുന്ന വീട് ഇപ്പോൾ വാടകക്കാർക്ക്. പകരം അമ്മ പണിയിച്ചു ഒരു വെള്ള നിറമുള്ള കോൺക്രീറ്റ് ബോർമ്മ.
“കൂപോദകം, വടച്ഛായാ, ഗൃഹാന്തം, തരുണീസ്തനം
ശീതകാലേ വഹത്യുഷ്ണം, ഉഷ്ണകാലേതു ശീതളം” എന്ന് ഏതോ വീകേയെൻ കഥയിൽ വായിച്ചതാണ്. ഈ പുതിയ ഗൃഹാന്തത്തിൽ ഉഷ്ണകാലത്തുഷ്ണം മാത്രമേയുള്ളു. യീസ്റ്റ്, സോഡാക്കാരം മുതലായവ അടങ്ങിയതൊന്നും കഴിച്ച് വീട്ടിൽ അധികനേരം ഇരിക്കരുതെന്നു ഞാൻ മാതാപിതാക്കളെ താക്കീതു ചെയ്തു. “കേട്ടില്ലേ, ആ തെക്കേലെ ടീച്ചർ കേയ്ക്ക് ആയിപ്പോയി” എന്നു ജനത്തിനെക്കൊണ്ട് പറയിക്കണ്ടല്ലോ.

ഇങ്ങനെയൊക്കെയാണു് ഇന്നത്തെ കേരൾ പ്രദേശ് എന്നു ഞാൻ വാമഭാഗത്തിനെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചുവരവെയാണ് ഞങ്ങൾ ഇവിടെ ഒരു പഴയ വീട്ടിലേക്ക് പുതുതായി മാറിയത്.

(ഉദ്വേഗജനകമായ ഈ കഥയുടെ രണ്ടാം ഭാഗം ഇതേ ബ്ലോഗിൽ തുടരും. ർഭിണികൾ, കൊച്ചുകുട്ടികൾ, വൃദ്ധർ, പിടലി ഉളുക്കാൻ സാദ്ധ്യതയുള്ളവർ എന്നിവർ തുടർന്നുവായിക്കരുത്.)

9 Comments:

At Friday, September 02, 2005 11:05:00 PM, Blogger സു | Su said...

അപ്പോ പണ്ട് ആവേശിച്ച ദുഷ്ടശക്തികളൊന്നും തന്നെ വിട്ട് പോയിട്ടില്ല എന്ന് എല്ലാവർക്കും മനസ്സിലായി.


വായിക്കരുത് എന്ന വിഭാഗത്തിൽ പെടാത്തതുകൊണ്ടും, കമന്റടി എന്റെ ഹോബി ആയതുകൊണ്ടും , വായിച്ചു, കമന്റും വെച്ചു :)
എനിക്കും എന്തെങ്കിലുമൊക്കെ ഒരു ദുഷ്ടകമന്റ് വെക്കണം എന്നുണ്ടായിരുന്നു. രാവിലെ ആയതുകൊണ്ടും കുറ്റബോധം തോന്നുന്നത് ഒരു മഹാബോറൻ കാര്യമായതുകൊണ്ടും വേണ്ടാന്നു വെച്ചു.

 
At Saturday, September 03, 2005 2:06:00 AM, Blogger കെവിൻ & സിജി said...

പാപ്പാനേ, വധത്തിന്റെ രണ്ടാംഭാഗത്തിനു വേണ്ടി അധികം കാത്തിരിയ്ക്കണോ? *&*$%!)&{:>&^%_

 
At Saturday, September 03, 2005 2:28:00 AM, Blogger SunilKumar Elamkulam Muthukurussi said...

blog4comments.blogspot.com il kooTi cheroo. veTivaTTam gambheeramaakkaam. kooTTatthil oru muRukkaan chellam vENEy.

 
At Saturday, September 03, 2005 2:52:00 AM, Blogger രാജ് said...

സുഖനിദ്രയെന്നതു് പോലെ സുഖവായന എന്നൊരു ഐറ്റം കൂടിയുള്ളത് തിരിച്ചറിയുന്നത് താങ്കളെപ്പോലെയുള്ളവരെ വായിക്കുമ്പോഴാണ്...

എന്നെക്കൊണ്ട് ഈ പാപ്പാൻ “എന്തൊരു മഹാനുഭാവലു” പാടിക്കും ;)

 
At Saturday, September 03, 2005 3:11:00 AM, Blogger aneel kumar said...

അതേ, നിർത്താതെ പോരട്ടെ.
ഇത്തരം സംഗതികൾ ബ്രേക്കിട്ടാൽ‌പ്പിന്നെ തെരക്കാണെന്നുപറഞ്ഞു നിർത്താൻ തോന്നും.
അതുപറയാൻ വിട്ടു; നന്നാവുന്നൂ ആനക്കാരാ.
മലയാളത്തെ ഇന്ന് അറുക്കാമെന്നു പറഞ്ഞപ്പോൾ പേടിച്ചിരുന്നു.
ഇപ്പോ “വാളില്ലാതറുക്കുന്ന ആനക്കാരാ
അറുപ്പുകാരൻ നീ വല്ലൊരറുപ്പുകാരൻ നീ” എന്ന പാട്ടോർമ വരുന്നു.

 
At Saturday, September 03, 2005 3:18:00 AM, Blogger Jo said...

Ha ha ha... very intersting post. thudarnnum ingu ponnotte. :-)

 
At Saturday, September 03, 2005 2:51:00 PM, Blogger പാപ്പാന്‍‌/mahout said...

സൂ: ദയവുചെയ്തു ഒരു ദുഷ്ടകമന്റ് വൈ. എനിക്കു ആ അദ്ധ്യായം അടച്ച സമാധാനത്തിൽ പേടിസ്വപ്നങ്ങളില്ലാതെ ഉറങ്ങാല്ലോ. ഇതിപ്പൊ ദാവൂദ് ഇബ്രാഹിമിനെ ഒറ്റുകൊടുത്തവൻ ഏതുനിമിഷവും ഒരു വെടിയുണ്ട പ്രതീക്ഷിച്ചു നടക്കുന്നപോലെ, എപ്പൊഴാവും ദുഷ്ട കമന്റ് എഴുതുക എന്ന tension-ൽ ആണു ഞാൻ :-) “മനസ്സിൽ കുറ്റബോധം തോന്നിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിത്തോന്നും” എന്നറിയാല്ലോ.

കെവിൻ: വീട്ടുജോലിത്തിരക്കിനിടയ്ക്കു ബ്ലോഗ് എഴുതാൻ സമയം കമ്മി. ഓഫീസിലാണ് അല്പമെൻകിലും free കിട്ടുന്നത്. ഇന്നേക്കു ദുർഗാഷ്ടമി ശനിയാഴ്ച. ഇനി ചൊവ്വാഴ്ചയേ പണിയുള്ളു. അതുവരെ പാത്രം കഴുകൽ, വീടു തൂക്കൽ, പുല്ലുവെട്ടൽ മുതലായ കലാപരിപാടികളിലായിരിക്കും എന്റെ ഒട്ടുമുക്കാലും സമയവും :-)

സുനിൽ: നന്ദി. ഉപദേശം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

പെരിങ്ങോടരെ:വളരെ നന്ദി. “സുഖവായന“ എന്നതു ഏറ്റവും നല്ല ഒരു അഭിനന്ദനമായി ഞാൻ സ്വീകരിക്കുന്നു. സത്യത്തിൽ “സുഖനിദ്ര” ഒരുതരം passive pleasure ആണ്, ഒരു നല്ല വായന തരുന്ന സുഖത്തിന് “സുഖശോധന”യോടാണ് കൂടുതൽ സാമ്യമെന്നാണെനിക്കു പക്ഷം :-)

അനിൽ: “ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ” എന്നു ഞാൻ പാടിപ്പിച്ചു എന്നു പറയാത്തിടത്തോളം ഞാൻ ഹേപ്പി.

ജോ: പതിവുപോലെ, നന്ദി.

 
At Saturday, September 03, 2005 10:29:00 PM, Blogger Paul said...

തകര്‍ത്തു... ആദ്യത്തെ ചവിട്ടിക്കൂട്ടല്‍ കണ്ടപ്പഴേ തോന്നി, ഒരുഗ്രന്‍ ബ്ലോഗ് പിന്നാലെയുണ്ടാവുമെന്ന്... സ്വാഗതം.. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

 
At Friday, September 09, 2005 9:54:00 AM, Blogger Achinthya said...

BhadrakaaLane pidikkan pishaachu janichittilyaa nnu manassilaayallo!

idhehathinte koode ithrem kaalam jeeevichittum keralathine kurichu nalla abhipraayam manassil sookshikkunna aa punyavathikku malayaalanaadinte sathyam manassilaakkan ethenkilum malayalam channelinte countdown showyile sundarimaarde kilikkonjal kelppichu koduthaal mathyaavum.haraharO harahara

 

Post a Comment

<< Home