വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Monday, May 15, 2006

“ഭി ഫോര്‍ ...”

ബംഗാളികളുടെയും, ഗുജറാത്തികളുടെയും ഇംഗ്ലീഷുച്ചാരണത്തെപ്പറ്റിയുള്ള ദേവന്റെ ഈ കമന്റ് വായിച്ചപ്പോഴാണു ബംഗാളികളുടെ ഒരു സ്പെല്ലിങ്ങ് വൈചിത്ര്യം ഓര്‍മ്മ വന്നത് - “ഭ” എന്ന അക്ഷരം അവര്‍ ഇംഗ്ലീഷില്‍ ‘v' എന്നേ എഴുതൂ. ‘അഭിജിത്’ എന്നും ‘Avijit' ആയിരിക്കും. ഫുള്‍ സൂട്ടിനോടൊപ്പം “മങ്കി ക്യാപ് “ വയ്ക്കുന്ന പോലെ മറ്റൊരു ബംഗാളി idiosyncracy. ഇതിനോടു ബന്ധപ്പെട്ട ഒരു ഒരു സംഭവം ഓര്‍ക്കുകയാണ്. എന്റെ കൂട്ടുകാരനും ബംഗാളിയുമായ രഞ്ജനാണ് ഇതിലെ കഥാനായകന്‍.

രഞ്ജനും ഞാനും തമ്മിലുള്ള പരിചയം ഞങ്ങളുടെ ബാച്ചിലര്‍ ജീവിതത്തിലേ തുടങ്ങിയതാണു്. ഞാന്‍ പണ്ട് ജോലിചെയ്തിരുന്ന ദില്ലിക്കമ്പനിയില്‍ എന്റെ ഒന്നുരണ്ടു ബാച്ച് ജൂനിയറായിരുന്ന രഞ്ജന്‍ എനിക്കുമുമ്പേ അവിടം വിട്ട് അമേരിക്കാമഹാരാജ്യത്തെത്തി. ഒരു ‘ബഹുഗോ’വായി പിമ്പേഗമിച്ചിവിടെയെത്തിയ എനിക്കു ഇവിടത്തെ ആദ്യദിനങ്ങളില്‍ രഞ്ജന്‍ ഒരു വലിയ സഹായമായിരുന്നു.

കാലം കുറച്ചുകൂടി മുമ്പോട്ടേക്കു നടന്നപ്പോള്‍ രഞ്ജന്‍ വിവാഹിതനായി. “നിഹാരിക”എന്ന നല്ല പേരുള്ള പെണ്‍‌കുട്ടി “നിക്കി”യായി രഞ്ജന്റെ ഭാര്യയായി (എന്റെ കല്യാണം ഇതിനൊക്കെ മുമ്പു കഴിഞ്ഞിരുന്നു). പിന്നെയും കുറെക്കൂടി കഴിഞപ്പോള്‍ അവര്‍ക്കൊരു മോനുമുണ്ടായി.

ഞാന്‍ പറയാന്‍പോകുന്ന സംഭവം നടക്കുന്നത് ഞാനും, ഭാര്യയും കൂടി രഞ്ജന്റെ കുട്ടിയെക്കാണാന്‍ പോകുമ്പോള്‍. ഞങ്ങള്‍ സംഭവസ്ഥലത്തുചെന്നു പൊന്നും, മൂറും, കുന്തിരിക്കവുമൊക്കെ കൊടുത്തു. “നിന്റെ മോന്റെ പ്യാരെന്തര്” എന്നു ഇംഗ്ലീഷില്‍ ചോദിച്ചു . “ഋഷഭ്” എന്നു മൊഴിഞ്ഞു രഞ്ജന്‍. ഞങ്ങള്‍ക്കിനി പിടികിട്ടിയില്ലെങ്കിലോ എന്നു പേടിച്ചാകണം, അവനതിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങും നല്‍കി: "R, I, S, H, A, V". എനിക്കു സംഭവമെല്ലാം വളരെ നേച്ചുറല്‍ ആയിത്തോന്നി; പ്രത്യേകിച്ചും അഷ്ടദിക്കും പൊട്ടുമാറുള്ള കുട്ടിയുടെ ആക്രന്ദനം കൂടി കേട്ടപ്പോള്‍ “ഏറ്റ പേരു തന്നെ” എന്നു മനസ്സില്‍ കരുതി. എന്നാല്‍ കറതീര്‍ന്ന മലയാളിയും ‘ത’ എന്നതിന് ഇംഗ്ലീഷില്‍ ‘th' എന്നെഴുതുന്നവളുമായ എന്റെ വാമഭാഗം നിഷ്കളങ്കമായ ആ ചോദ്യം ചോദിച്ചു; “അതെന്താ രഞ്ജാ, B, H എന്നല്ലേ അവസാനത്തെ രണ്ടക്ഷരങ്ങള്‍ വരേണ്ടത്‌ , പിന്നെന്താ ‘V' എന്നാക്കിയതു് അവസാനത്തില്‍?” എന്ന്.

ഒരു നിമിഷം ഉത്തരവും കഴുക്കോലുമില്ലാത്തവനായി രഞ്ജന്‍. പെട്ടെന്ന്, തുണിയില്ലാതെ നഗരമദ്ധ്യത്തിലൂടെ ഓടുവാന്‍ ഒരു ചാ‍ന്‍സ് കിട്ടിയ ആര്‍ക്കിമിഡീസിന്റെ സന്തോഷത്തോടെ രഞ്ജന്‍ ആക്രോശിച്ചു: “ഭീ ഫോര്‍ ഭിക്‍ടറി...”.

Wednesday, May 10, 2006

കലേഷിനും, റീമയ്ക്കും...

ഇനിയെന്നും സന്തോഷത്തിന്റെ നാളുകളാകട്ടെ എന്നാശംസിക്കുന്നു.

Saturday, October 22, 2005

ചെട്ടികുളങ്ങര വിശേഷം

[ഇവിടെ ഞങ്ങൾക്ക് ആഴ്ച തോറും ഒരു കഞ്ഞിപാർച്ച പോലെ മലയാളം വിളമ്പുന്ന മലയാളം പത്രം എന്ന വാരാന്ത്യപ്പത്രികയിൽ ശ്രീമാൻ ചെട്ടികുളങ്ങര വേണുകുമാർ എഴുതുന്ന വെടിവട്ടം എന്നൊരു പംക്തി ഉണ്ട്. (സംശയരോഗം ബാധിക്കുന്നതിനുമുമ്പുതന്നെ എന്റെ വക വാക്സിനേഷൻ -- ഈ ബ്ലോഗിന്റെ പേരും ആ പംക്തിയുടെ പേരും ഒന്നായതു തികച്ചും യാദൃച്ഛികം. നെയ് തിളപ്പിക്കൂ, ഞാൻ കൈമുക്കി കാട്ടിത്തരാം). എനിക്കിഷ്ടമുള്ള ഒരു പരമ്പര ആണത്. ഈ പരമ്പര നാട്ടിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ വരുന്നുണ്ടോ എന്നെനിക്കറിയില്ല. ഇത്തവണ വേണുകുമാർ സാനിയ മിശ്രയുടെമേൽ കൈവയ്ക്കുന്ന ചിലരുടെ മേൽ കൈവയ്ക്കുന്നു. അതിന്റെ ഒരു കഷണം ബ്ലോഗ്‍ലോക നിവാസികൾക്കിരിക്കട്ടെ.]

ഉടുത്തില്ലെങ്കിലെന്ത്
ചെട്ടികുളങ്ങര വേണുകുമാർ

സുരേഷിന് ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. പഠിച്ചതെല്ലാം മറന്നുപോകുന്നു. എങ്കിലും, ഓർമ്മയ്ക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി നൽകേണ്ടതില്ല എന്നാണ് അവനെ അടുത്തറിയുന്നവരുടെ അഭിപ്രായം. കാരണം, പഠനത്തിൽ മാത്രമേയുള്ളത്രേ അവനു മറവിയും, ബുദ്ധിമാന്ദ്യവും.

അയൽ പക്കത്തെ പാറുവമ്മയ്ക്കുണ്ടായ ഒരനുഭവം -
രാവിലെ അങ്ങേതിലേക്കു ചെന്ന സുരേഷിനോടു പാറുവമ്മ ചോദിച്ചു: “ഇന്നലെ നിന്റച്ഛൻ കള്ളുങ്കുടിച്ചേച്ചുവന്ന് നിന്റമ്മേ ഏതാണ്ടൊക്കെ പറേന്ന കേട്ടല്ലോടാ -- എന്തവാരുന്നു?”

“ഫ്‍ഫാ...! തന്തയില്ലാ കഴു.... പന്നപ്പൊ... ... പോക്രിത്തരം പറയുന്നോ? കൂ... ... ... അടിച്ചുനിന്റെ കൂമ്പിളക്കും, ...നായിന്റെ മോളേ, പട്ടീ... തെണ്ടീ... ... ... മ... ക... പൂ... ...“
സുരേഷ് ഒറ്റശ്വാസത്തിൽ പറഞ്ഞുകേൾപ്പിച്ചു.
എന്നിട്ടവൻ കൂട്ടിച്ചേർത്തു: “... ഇങ്ങനാ അച്ഛൻ അമ്മയോട് പറഞ്ഞെ.”

കൊച്ചുപയ്യനാണ് സുരേഷ്. ഉള്ളിൽ കളങ്കമില്ലാത്ത കൊച്ചൻ. സുരേഷിന്റെ മുഖത്തെ നിഷ്ക്കളങ്കതയാണ് “കോർട്ടിലെ പോർണോത്സവം” എന്ന ശീർഷകത്തിൽ ലേഖനമെഴുതിയ രവിമേനോനിലും, ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന കലാകൌമുദി വാരികയിലും കാണപ്പെടുന്നത്. പത്രങ്ങളും, ടെലിവിഷൻ ചാനലുകളും സാനിയ മിർസയുടെ ശരീരഭാഗങ്ങൾ പകർത്തിക്കാട്ടി മുതലെടുപ്പു നടത്തുന്നതിനെ ലേഖനത്തിലൂടെ രവികുമാർ അപലപിക്കുന്നു. സാനിയയുടെ മാദകസൌന്ദര്യത്തെയും അവയവഭംഗിയെയും കുറിച്ചുള്ള സമഗ്രവിവരണവും രവികുമാറിന്റെ ലേഖനത്തിലുണ്ട്. ലേഖനത്തോടൊപ്പം പെൺ‍‍കൊച്ചിന്റെ മാദകഭംഗി തെളിയിക്കുന്ന അപൂർവ്വചിത്രങ്ങളും ചേർത്തിരിക്കുന്നു. കൂടാതെ, ഏതാനും മലയാളി കായികതരുണിമാരുടെ സാമാന്യം മാദകഭംഗി തോന്നിപ്പിക്കുന്ന ചിത്രങ്ങളും...

ഒക്കെ വേണ്ടതാണ്, എങ്കിലല്ലേ മേല്പറഞ്ഞ മീഡിയ എങ്ങനെ മുതലെടുത്തു എന്ന് വായനക്കാരെ ശരിക്കും ബോധ്യപ്പെടുത്താനാവൂ
- ഇതാണ് ശരിയായ പത്രധർമ്മം.
അതേസമയം, സ്പോർട്സ് ചാനലുകളും, പത്രങ്ങളിലെ “കായികരംഗം” പേജുകളും ശ്രദ്ധിക്കാനും സാനിയ മിർസയുടെയും മറ്റും ശരീരഭാഗങ്ങളുടെ ഭംഗി ആസ്വദിക്കാനും സാധിക്കാതെപോയവരുടെ ഇച്ഛാഭംഗം പരിഹരിക്കുകയും ചെയ്യുന്നു ‘ധർമ്മക്കാർ‘.

ഒരിക്കൽ ഒരു ജഡ്ജി സാക്ഷിയോടു ചോദിച്ചു: “പ്രതി ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതു താങ്കൾ കണ്ടു എന്നല്ലേ പറഞ്ഞത്. ആകട്ടെ, എങ്ങനെയാണ് കൃത്യം നടന്നത്?”
സാക്ഷി: “ഏമാന്നേ, പെൺകുട്ടിയെ വിട്ടുതന്നാൽ എങ്ങനെയെന്നു ഞാൻ കാണിച്ചുതരാം.”

ഇതാ കലാകൌമുദി കാണിച്ചുതരുന്നു; ആസ്വദിക്കുക.

Friday, October 21, 2005

മഹിഷാസുരൻ

തുളസിയുടെ ഈ പോസ്റ്റും അതിലെ “കരിങ്കാലി”ക്കമന്റുകളും കണ്ടപ്പോൾ ഒരു പഴയ കഥ ഓർമ്മ വന്നു, അല്പം ‘ഭീകരമായ’ കഥ:

ഒരിരുപത്തഞ്ചു കൊല്ലം മുമ്പാണ് സംഭവം നടന്നത് (അഥവാ ഞാൻ അതെപ്പറ്റി കേൾക്കുന്നത് -- ഈ കഥയിൽ ഉത്തമ, മധ്യമപുരുഷവേഷങ്ങളിലൊന്നും ഞാനില്ല). സ്ഥലം മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളം, അന്നുമുതലേ റബ്ബറിനും, കൈതച്ചയ്ക്കയ്ക്കും പേരുകേട്ട ഇടമാണത്. (മൂവാറ്റുപുഴ ഏരിയയിൽ കുഞ്ഞുങ്ങൾ കുടിക്കുന്ന മുലപ്പാലിനുപോലും റബ്ബർപ്പാലിന്റെ ടെയ്‍സ്റ്റാണ്, അത്രമേലിഷ്ടമാണ് ഞങ്ങൾക്കു റബ്ബറിനെ). വാഴക്കുളം അന്നൊരു കുഗ്രാമം. ഒരു സിനിമ കാണണമെങ്കിൽ വാഴക്കുളംകാർക്ക് അടുത്തുള്ള ഏകമെട്രോപൊളിസായ മൂവാറ്റുപുഴയിൽ വരണം. (നല്ലൊരു സിനിമ കാണാൻ മൂവാറ്റുപുഴക്കാർക്ക് എറണാകുളത്തുപോകണം -- ഇന്നും).

ഒരുരാത്രി അങ്ങനെ ഒരു റബ്ബർകർഷകൻ “യക്ഷഗാനം” എന്ന പ്രേതസിനിമ കാണാൻ നഗരത്തിലെത്തുന്നു. സൈക്കിളിലാണു വരവ്. കക്ഷി ഒറ്റയ്ക്കേയുള്ളുതാനും. പ്രേതസിനിമകളുടെ സെക്കൻഡ് ഷോകൾ ഒറ്റയ്ക്കുകാണാൻ വരുന്ന എല്ലാവർക്കും പറ്റുന്നപോലെ ഒരു ദുർഭാഗ്യം നമ്മുടെ കർഷകനും പറ്റി -- സിനിമ കഴിഞ്ഞുതിരിച്ചുപോകാൻ നേരത്ത് ടയർ “പഞ്ചർ“. നന്നാക്കാൻ ആ അസമയത്ത് ആരെയും കിട്ടാന്നുമില്ല. കൊട്ടകയിൽ സൈക്കിൾ വച്ചിട്ട് വാഴക്കുളം വരെ നടക്കാൻ കർഷകൻ ഉറച്ചു. അധികം ദൂരമൊന്നുമില്ല, 6-7 കിമീ മാത്രം. അന്നത്തെക്കാലത്ത് ഈസിയായി നടക്കാവുന്ന ദൂരം. കർഷകൻ നടന്നുനടന്ന് മൂവാറ്റുപുഴ വലിയപാലം, പോസ്റ്റോഫീസ് പടി, തൊടുപുഴ പാലം, നിർമ്മലാകോളേജ് ഇവ കഴിഞ്ഞ് ആനിക്കാടെത്തുന്നു. അവിടം മുതൽ റബ്ബർക്കാടുകൾ തുടങ്ങുകയായി -- റോഡിനിരുവശവും റബ്ബർതോട്ടങ്ങൾ മാത്രം. നഗരാതിർത്തി കഴിഞ്ഞതിനാൽ വഴിവിളക്കുകളില്ല. ചന്ദ്രികയോ, രമണനോ, നാട്ടുവെളിച്ചമോ ഒന്നും തന്നെയില്ല -- കുറ്റാക്കുറ്റിരുട്ട്. “നിശീഥിനീ, നിശീഥിനീ, ഞാനൊരു രാപ്പാടി” എന്നുപാടിക്കൊണ്ട് ഏതുനിമിഷവും ഏതുയക്ഷിക്കും വരാം എന്ന് “യക്ഷഗാനം” കണ്ട കർഷകനറിയാം. അയാൾ അർദ്ധമൃതശരീരനായി നടക്കുന്നു. അയാൾ സത്യത്തിൽ യക്ഷികളിൽ വിശ്വസിക്കാത്ത ഒരാളാണ്. പക്ഷേ യക്ഷികൾക്കതറിയില്ലല്ലോ. പെട്ടെന്ന് ഇടതുവശത്തെ തോട്ടത്തിൽ കരിയിലകളിളകുന്നു. ആരോ നടന്നടുക്കുകയാണ് റോഡിലേക്ക്. കർഷകൻ അപ്പോൾത്തന്നെ 80 ശതമാനം മരിച്ചു. വെറുതെ ഈ മെലോഡ്രാമയെല്ലാം ഒഴിവാക്കാൻവേണ്ടി, യക്ഷിക്കുകൊടുക്കാൻ ചുണ്ണാമ്പു നേരത്തെതന്നെ എടുത്തുവച്ചാലോ എന്നുപോലും അയാൾ ആലോചിച്ചു. എങ്കിലും, കനകച്ചിലങ്ക കിലുങ്ങിക്കേൾക്കാത്തതെന്തെന്ന് അയാൾ ചിന്തിക്കാതിരുന്നില്ല. പെട്ടെന്നു റബ്ബർതോട്ടത്തിൽനിന്നു ഒരു മനുഷ്യരൂപം ഇറങ്ങിവന്നു, ഒന്നു ചുമച്ചു -- ആണിന്റെ കുര. കർഷകനു സമാധാനമായി. യക്ഷിയല്ല. “ആരാ അത്” എന്നു കർഷകൻ ചോദിച്ചപ്പോൾ “ഓ, ഞാനൊരു റബ്ബർ വെട്ടുകാരനാണേ” എന്നു രൂപം ഉത്തരം പറഞ്ഞു. "എങ്ങോടാ” എന്നു കർഷകൻ. “ഓ, ഒന്നു വാഴക്കുളം വരെ” എന്നു രൂപം. “ഞാനും അങ്ങോട്ടാ” എന്നു ഒരു കൂട്ടുകിട്ടിയ സന്തോഷത്തിൽ കർഷകൻ. കുറച്ചുദൂരം നിശ്ശബ്ദത. “ചേട്ടന്റെകൈയിൽ തീപ്പെട്ടിയുണ്ടോ” എന്നു രൂപം ചോദിച്ചപ്പോൾ “എന്നാത്തിനാടാ ഉവ്വേ” എന്നു കർഷകൻ ചോദിച്ചു. “ഒരു ബീഡി വലിക്കാനാ” എന്നു രൂപം. കർഷകൻ കൊടുത്ത തീപ്പെട്ടിയിൽനിന്നും രൂപം ഒരു കൊള്ളിയെടുത്തുരച്ചു. പിന്നീട് അറിയാതെപറ്റിയതുപോലെ ആ കത്തുന്ന കൊള്ളി താഴെയിട്ടു. അതിന്റെ വെളിച്ചത്തിൽ കർഷകൻ ആ ഭയാനകമായ കാഴ്ച്ക കണ്ടു: മടക്കിക്കുത്തിയ മുണ്ടിനുതാഴേക്കുകാണുന്ന രൂപത്തിന്റെ കാലുകൾ മനുഷ്യന്റേതല്ല, കറുത്ത നിറവും രോമങ്ങളും കുളമ്പുകളുമുള്ള അവ പോത്തിന്റെ കാലുകളായിരുന്നു...

കർഷകൻ ഓടി. റബ്ബർതോട്ടങ്ങളുടെ ഇടയിലൂടെ വാഴക്കുളം ലക്ഷ്യമാക്കി ഓടി. പുറകിൽനിന്നും പോത്തിന്റെ കുളമ്പടികൾ ഉയരുന്നുണ്ടോയെന്ന തോന്നൽ ഓട്ടത്തിന്റെ വേഗത കൂട്ടി. ഓടിയോടി ചങ്കുപറിയാറായപ്പോൾ മറ്റൊരു വഴിയാത്രക്കാരനെക്കണ്ടു. അയാളുടെ കയിൽ കത്തിച്ച ഒരു ചൂട്ടുകെട്ടുമുണ്ടായിരുന്നു (അക്കാലത്തെ റ്റോർച്ച്). നടന്നുക്ഷീണിച്ചിട്ടാവാം, അയാൾ റോഡ്‍സൈഡിൽ ഒരു കലുങ്കിലിരിക്കുകയായിരുന്നു. കർഷകൻ ഓടിപ്പോയി അയാളോട് വിവരമെല്ലാം പറഞ്ഞു. ആദ്യം കർഷകൻ “റബ്ബർ തോട്ടം”, “തീപ്പെട്ടിക്കൊള്ളി”, “പോത്തുംകാൽ“ എന്നൊക്കെപറഞ്ഞപ്പോൾ കലുങ്കിലിരുന്നയാൾക്ക് ഒന്നും മനസ്സിലായില്ല. പിന്നീടു കർഷകൻ നിറുത്തിനിറുത്തി സംഭവങ്ങളെല്ലാം വിവരിച്ചുകഴിഞ്ഞപ്പോൾ വഴിപോക്കനു കാര്യം മനസ്സിലായെന്നു തോന്നി. അയാൾ മുണ്ടുമടക്കി ചൂട്ടു താഴ്ത്തി വെളിച്ചം സ്വന്തം കാലുകളിലേക്കുകാണിച്ചു. ആ കാഴ്ചയിൽ ബോധം പൂർണ്ണമായി മറയുന്നതിനുമുമ്പ് കൊണ്ട് കർഷകൻ അയാളുടെ ചോദ്യം ഏതോ വിദൂരത്തെന്നപോലെ കേട്ടു -- “ചേട്ടാ, ചേട്ടൻ കണ്ടയാളുടെ കാലുകൾ ഇതുപോലെയല്ലേ ഇരുന്നത്?”.

കർഷകന് അഞ്ചുദിവസം പനിച്ചു.

Friday, October 14, 2005

കവിതയുടെ മേലുള്ള സംശയം

താഴെക്കൊടുത്തിരിക്കുന്ന വരികളിൽത്തുടങ്ങുന്ന കവിത എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ?

“വീടു മാറുമ്പോൾ വിട പറയുന്നത്
ബന്ധങ്ങളും ബന്ധനങ്ങളുമാണ്
കൊടുക്കലുകളും വാങ്ങലുകളുമാണ്
തേങ്ങലുകളും തലോടലുകളുമാണ്
രാഗവും ദ്വേഷവുമാണ്”

ഇവിടെ ഒരു ലോക്കൽ സാധനത്തിൽ ഒരു ലോക്കൽ കക്ഷിയുടെ പേരിൽ അടിച്ചിറങ്ങിയതാണു സംഭവം. പക്ഷെ ആകെ ഒരു സച്ചിദാനന്ദൻ ചുവയില്ലേ എന്നെനിക്കു ബലമായ സംശയം. സച്ചിദാനന്ദന്റെ “വീടുമാറ്റം” ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ഒന്നു താരതമ്യപ്പെടുത്തുമോ? തെറ്റ് എന്റേതാവാനും മതി.

Monday, October 10, 2005

സ്വരമഞ്‍ജരി

എല്ലാ ആഴ്ചയും, ഞാൻ സൂര്യ ടി.വി.യിൽ മുടങ്ങാതെ കാണുന്ന ഒരു കാര്യം ഞായറാഴ്‍ച്ച രാത്രിയുള്ള സ്വരമഞ്ജരിയാണ്. ഇന്നു കണ്ട ക്വാർട്ടർ ഫൈനൽ റൌണ്ടിനോടൊപ്പം എന്റെ മനസ്സിൽ വന്ന ചിന്തകൾ:
 1. ഒരവതാരിക എന്ന നിലയിൽ താരാ കല്യാണിനോളം പിടിപ്പില്ലാത്ത ആളുകൾ അപൂർവ്വം. താര ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാരിയാണെങ്കിൽ മാപ്പാക്കണം[:-)], ഇക്കാര്യത്തിൽ സത്യം പറയാതെ വയ്യ, അത്ര ബോറാണു പെർഫോർമൻസ്. വിടുവായ്ത്തരങ്ങൾ വിളിച്ചുപറയുന്നതിലും, പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളെ ശല്യപ്പെടുത്തുന്നതിലും, പൊതുവേ ഒരലോസരമാകുന്നതിലും തത്ര ഭവതി നന്നായി വിജയിക്കുന്നുണ്ട്.
 2. സംഗീതസം‍വിധായകൻ എ റ്റി ഉമ്മർ മരിച്ചുപോയി എന്നത് ഞാനറിഞിരുന്നില്ല. അദ്ദേഹം ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ഒരിക്കൽ എന്നതും.
 3. “പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ“ എന്ന ഗാനത്തിലെ (രചന: പി ഭാസ്കരൻ), “എങ്കിലുമെന്നോമലാൾക്കുതാമസിക്കാനെൻകരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹാൾ ഞാനൊരുക്കാം” എന്ന വരികളിൽ കല്ലുകടിക്കുന്നു. എത്ര മനോഹരമാണെങ്കിലും, ഒരു ശവകുടീരമല്ലേ താജ്‍മഹൽ? (ആ പാട്ടിന്റെ സന്ദർഭം എനിക്കറിയില്ല. അതിലെ കാമുകി വല്ല യക്ഷിയോ മറ്റോ ആണോ?).
----------------------------------------------------------------------------------------------
(കലേഷ് ഈ പോസ്റ്റ് വായിച്ചു ഇതിനകമെങ്ങാനും ടെൻഷൻ അടിച്ചു കാണുമോയെന്നെനിക്കു ടെൻഷൻ, അതിനാൽ ഇതാ ഒരു തമാശ. ഇതിനുമുമ്പു കേട്ടിട്ടുള്ളതാണെങ്കിൽ ക്ഷമാപണം)

സ്ഥലം ഗുജറാത്തിലെ ഗീർവനം. സിംഹങ്ങളുടെ വിഹാരരംഗം.

രാവിലെ നടക്കാനിറങ്ങിയ മഹാത്മാഗാന്ധി ഒരു സിംഹത്തിന്റെ മുന്നിൽ ചെന്നുചാടുന്നു.

ഹാപ്പിയായ സിംഹം പറയുന്നു: “ഹായ്, ഇന്ദിരാ ഗാന്ധി“.

സിംഹത്തിന്റെ വാഗ്വിലാസത്തിൽ സം‍പ്രീതനായ രാഷ്ട്രപിതാവു തെറ്റുതിരുത്തുന്നു: “അല്ലയോ സിംഹമേ, ഞാൻ ഗാന്ധി തന്നെ, പക്ഷേ ഇന്ദിരയല്ല, മഹാത്മാഗാന്ധി”.

അപ്പോൾ സിംഹം: “മഹാത്മാവേ, അങ്ങാരാണെന്ന് ഈ ഗുജറാത്തിൽ ആർക്കാണറിയാത്തത്? ഞാൻ പറഞ്ഞതു് അങ്ങു തെറ്റിക്കേട്ടതാണ്. ഇന്ദിരാഗാന്ധിയെന്നല്ല ഞാൻ പറഞ്ഞത്, ഇന്ന് ഇര ഗാന്ധി എന്നാണ്”.

(കടപ്പാട്: രാജു മൈലപ്ര)

Friday, October 07, 2005

പ്രശ്നോത്തരി

എന്തെല്ലാം തടസ്സങ്ങൾ

ഉത്സവമില്ലെന്നാലും, കള്ളേറെ മോന്തിപ്പിള്ളേർ
ഒച്ചവെയ്ക്കുമീ ഗ്രാമമുറങ്ങാറില്ലാ രാവിൽ.
വീഥികൾ കടകളു, മുറങ്ങീടിലും, സദാ
ക്രോധത്താൽക്കടുത്തോതുമമ്മ കണ്ണടയ്ക്കില്ലാ.
ജയിൽ പോൽ പൂട്ടിക്കാക്കുമമ്മ കണ്ണടച്ചാലോ,
വരുമേ കൺ പൂട്ടാത്തോർ, ഗ്രാമത്തിൻ കാവൽബ്ഭടർ.
വേലേന്തും കാവൽക്കാരുറങ്ങിയാൽ, വലഞ്ചുഴി-
വാലാർന്നു ദംഷ്ട്രംകൂർത്ത നായ് കുരച്ചെത്തും മുന്നിൽ.
കുരനായ് കുരയ്ക്കാതെ വീണുറങ്ങിയാ, ലപ്പോൾ
പകൽ പോൽ നിലാവുതിർത്താകാശമധ്യത്തിങ്കൽ
വിസ്തൃതം കാണാം ചന്ദ്രമണ്ഡലം; ചന്ദ്രൻ താഴെ-
യസ്താദ്രി പൂകിക്കൂരിരുട്ടെങ്ങും കനക്കുകിൽ,
യക്ഷികൾ നടക്കുമായാമത്തി, ലെലികളെ-
ബ്ഭക്ഷിയ്ക്കാൻ വലിയ വായ് പിളർന്നെത്തീടും കൂമൻ
ഉൾത്തടം നടുങ്ങുമാറലറും; കൂമൻ പൊന്ത-
ക്കാട്ടിൽപ്പോയ്ക്കരയാതെ കൺചിമ്മിയുറങ്ങിയാൽ,
അഴകായ്ക്കൂകും വീട്ടിൽ വളരും പൂവൻകോഴി;
ഒരു നാളീവിഘ്നങ്ങളൊക്കെയുമൊഴിഞ്ഞെങ്കിൽ,
അടക്കമില്ലാനെഞ്ചിൽ വാഴുമദ്ദേഹം കുറി-
ച്ചിടത്തു വരികയി; ല്ലാകയാൽ പ്രിയസഖി,
അകമേ തരിയിട്ടുകിലങ്ങും ചിലമ്പാർന്നു
നെടുകേ പായുന്നതിൽപ്പേർകേട്ടോരശ്വങ്ങളും
ചുഴലും മതിൽക്കെട്ടു വിയലും തിത്തൻ നൃപ-
നമരുമുറന്തയാം രാജധാനിതൻ ചുറ്റും
പാറകളുയർന്ന കാവൽപ്പുറങ്കാട്ടിൽപ്പോലെ
ഏറെയുണ്ടല്ലോ വിഘ്നമെൻ ഗൂഢപ്രണയത്തിൽ.


ചോദ്യം: ഇതിന്റെ കവി ആരെന്നുൾപ്പെടെയുള്ള വിവരങ്ങൾ അറിയാവുന്നവർ എഴുതൂ. (ഒരു “കുളു” -- ഇതൊരു തർജ്ജമയാണ്.)

ശരിയുത്തരം എഴുതിയറിയിയ്ക്കുന്നവർക്ക് മായാ സോർട്ടെക്സിന്റെ വക ഒരു ചാക്ക് ഉമി, ആൻ‍ഡമാൻ ജൂവലേഴ്സിന്റെ വക 0.0001 ഗ്രാം സ്വർണ്ണം, ഹിമാലയാ ചിട്ടിഫണ്ട് വക ഒരു ഗിഫ്റ്റ് വൌച്ചർ മുതലായവ കിട്ടാൻ സാധ്യതയുണ്ട്.

ഉത്തരം:
സംഘസാഹിത്യത്തിലെ പ്രശസ്തമായ് അകം കവിതകളിലൊന്നാണിത്. മൂലകവി പരണർ. വിവർത്തകൻ എൻ വി കൃഷ്ണവാരിയർ.

Saturday, October 01, 2005

ഓർമ്മയിലെ ഓണം

മറുനാട്ടിലെ താമസവും, പിന്നീടിപ്പോൾ പ്രായാധിക്യവും കൂടി ജീവിതത്തിൽ നിന്നു കവർന്നെടുത്ത ഒരു വിലപ്പെട്ട സംഗതിയാണ് ഓണം എന്നാണ് ഞാൻ എന്നെത്തന്നെ ഇത്രയും നാൾ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ഇത്തവണ ബ്ലോഗുലകത്തിൽ മുഴുവൻ ഓണം പ്രമാണിച്ചുള്ള ഗോഗ്വാ വിളികൾ കണ്ടപ്പൊഴാണ് മനസ്സിലേക്കു ഒരുകണ്ണാടിപിടിച്ചു നോക്കാമെന്നു കരുതിയത്.

ഓണം എന്നുപറയുമ്പോൾ ഓണപ്പതിപ്പുകൾ വായിക്കുന്ന ഏതൊരാൾക്കും വരുന്ന പോലെ എനിക്കും നൊസ്റ്റാൽജിയ വരാറുണ്ട് (പ്രത്യേകിച്ചും, ONV എഴുതീതുപോലെ “നമുക്കീ നൊസ്റ്റാൽജിയ മരിക്കും വരെയുണ്ടാം” ടൈപ്പ് ആളാണുഞാൻ). ഓണപ്പാട്ടുകൾ, ഓണത്തപ്പൻ, പൂക്കളങ്ങൾ, വാമനൻ, മാവേലി, അത്തച്ചമയം, കള്ളപ്പറയും ചെറുനാഴിയും -- അങ്ങനെ ഒരു ബഹളം.

ഇത്തവണത്തെ ഞങ്ങളുടെ ഓണം സാധാരണയിൽക്കവിഞ്ഞു “കൊള”മായി -- ഓണസ്സദ്യ തലേ ദിവസം വാങ്ങിയിരുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ ബാക്കിയിലൊതുങ്ങി. മക്കൾക്കു നമ്മുടെ സാംസ്കാരികമൂല്യങ്ങൾ പകർന്നുകൊടുക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്നോർത്ത് കുറച്ചെനിക്കു മനോവിഷമം തോന്നി . സത്യത്തിൽ അപ്പോഴാണ് ഞാൻ എന്റെ ഓണങ്ങളെ എന്റെ മക്കളുടെ ഓണങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുന്നത്. താരതമ്യപഠനം കഴിഞപ്പോൾ little monsters കാര്യമായി ഒന്നും തന്നെ miss ചെയ്യുന്നില്ല എന്നെനിക്കപ്പോൾ തോന്നി.

യൂ സീ, NGO ആയിരുന്ന ഒരച്ഛന്റെയും, പ്രൈമറി സ്കൂൾ വാദ്ധ്യാരിണി ആയിരുന്ന ഒരമ്മയുടെയും സീമന്തപുത്രനായാണു ഈയുള്ളവൻ വളർന്നത്. അതുകൊണ്ട് തലേദിവസത്തെ കറികൾ കൂട്ടി VKN പറയുന്നപോലെ “കൊശുവായി” ഊണുകഴിക്കാൻ എനിക്കന്നേ ട്രെയിനിങ് കിട്ടി. കാരണം ഭാരിച്ച പാചകങ്ങളൊക്കെ അമ്മയ്ക്കവധിയുള്ള ശനി ഞായർ ദിവസങ്ങളിലേ ഉണ്ടാവാറുള്ളു. എനിക്കല്ലെൻകിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അന്നുമുതലേ ഇഷ്ടമല്ലായിരുന്നു. ഞാൻ ജനിച്ചുവളർന്ന നഗരമാണെൻകിൽ ഒരു ചെറിയ നഗരം -- അതായത് വലിയ നഗരങ്ങളുടെ സൌകര്യങ്ങളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല; എന്നാൽ “നന്മകളാൽ സമൃദ്ധ”മായ ഒരു നാട്ടിൻപുറമായിരുന്നില്ല താനും. ഇങ്ങനെ ഞങ്ങൾ ജീവിച്ചുവരുമ്പോഴാണ് കൊല്ലത്തിൽ ഒരിക്കൽ ഓണപ്പതിപ്പുകളിറങ്ങിയിരുന്നതും, മനുഷ്യനു പണിയുണ്ടാക്കിയിരുന്നതും.

അന്നത്തെ ഓണക്കാലം എന്നുപറഞ്ഞാൽ അച്ഛനും, അമ്മയ്ക്കും, കൂടാതെ എനിക്കും ഒഴിവു കിട്ടുന്ന സമയം. അമ്മയ്ക്കും എനിക്കും 9 ദിവസം അവധി. അച്ഛന് 4 ദിവസവും. ചുരുക്കിപ്പറഞ്ഞാൽ 5 ദിവസം സുഖമായിട്ട് അവധി ആസ്വദിക്കാം. കാരണം അച്ഛൻ വീട്ടിലുള്ള ദിവസം ആകെ എനിക്കൊരു ടെൻഷൻ ആണ്, അക്കാലത്ത്. ഓണമായാലും, ക്രിസ്മസ് ആയാലും, “പഠിക്കെടാ”, “കളിക്കാൻ പോകണ്ടെടാ” എന്നൊക്കെ ബഹളം. മനുഷ്യനെ സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലല്ലോ എന്നൊക്കെ അന്നു ഞാനോർക്കും. അവിട്ടം ചതയം ദിവസങ്ങൾ ഏതെൻകിലും ബന്ധുവീട്ടിൽ പോയിനിൽക്കാൻ ഞാൻ ശ്രമിക്കും. പിന്നെ ഓണക്കാലത്തിന്റെ ഒരു ഗുണം സർക്കാർ തരുന്ന അലവൻസ്, അഡ്വാൻസ് എന്നീ വകകളാണ്. സാമ്പത്തികനില താൽക്കാലികമായിട്ടാണെൻകിലും നന്നാവുന്നതുകൊണ്ട് ആ ഒരു കാര്യത്തിൽ ഒന്നുരണ്ടാഴ്ച്ച വീട്ടിൽ ഓണം പോലെയാണ്.

പൂപറിക്കൽ, ഇടൽ ഈ കാര്യങ്ങളിലൊന്നും എനിക്കു തീരെ പ്രതിപത്തി ഉണ്ടായിരുന്നില്ല. ഏകദേശം നഗരമായിക്കഴിഞ്ഞിരുന്ന ഒരു പ്രദേശത്താണു ഞങ്ങൾ താമസിച്ചിരുന്നത എന്നു പറഞ്ഞല്ലോ. അതുകൊണ്ട് കാട്ടുപൂവുകൾ തീരെ ഉണ്ടായിരുന്നില്ല. 42 സെന്റു സ്ഥലം ഉണ്ടായിരുന്ന ഞങ്ങൾ ആയിരുന്നു സ്ഥലത്തെ പ്രധാന ഭൂവുടമകൾ എന്നു പറയുമ്പോൾ സംഗതിയുടെ ഗുരുതരാവസ്ഥ പിടി കിട്ടിയല്ലോ. ഈ 42 സെന്റ് സ്ഥലത്ത് വിടരാൻ തയാറായി ധാരാളം തുമ്പകളും, മറ്റു കാട്ടുചെടികളും ഉണ്ടായിരുന്നു എന്നാണെന്റെ ബലമായ വിശ്വാസം. പക്ഷെ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന എന്റെ അപ്പൂപ്പൻ ഒരു ചെറിയ കള പോലുമെങ്ങാനും പറമ്പിൽ കണ്ടാൽ അതിനെ വേരോടെ പിഴുതു കൊലവിളിച്ചിരുന്നതിനാൽ അവയൊന്നും സൂര്യവെളിച്ചം അധികനാൾ കാണാൻ വിധിയില്ലാത്തവയായി അവശേഷിച്ചു. പിന്നെ വേണമെൻകിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കണം. അക്കാര്യത്തിൽ അന്നും, ഇന്നും എനിക്കുയാതൊരിഷ്ടവുമില്ല. വല്ലവന്റെയും കരുണയുടെ ബലത്തിൽ ജീവിക്കുന്ന, പുച്ഛം അർഹിക്കുന്ന സാധനങ്ങളായാണ് ഞാൻ എപ്പോഴും വളർത്തുചെടികളെ കാണാറ്. വെള്ളവും വളവും ആവശ്യമില്ലാത്ത ഒരു ചെടി , ഒരു മന്ദാരം, ഞാൻ ഒരിക്കൽ മുറ്റത്തു നട്ടുപിടിപ്പിച്ചു. അതെനിക്ക് പിന്നീട് ഒരു മഹാ പാരയായി മാറി. ജനകമഹാരാജാവിന് എന്നെ തല്ലണമെന്നു തോന്നുമ്പോൾ നല്ല ഒന്നാന്തരം വടികൾ ആ നന്ദിയില്ലാത്ത മന്ദാരം നൽകിക്കൊണ്ടിരുന്നു. പിന്നീടൊരിക്കലും ഞാൻ മന്ദാരങ്ങളും നട്ടുപിടിപ്പിച്ചിട്ടില്ല.

പൂപറിക്കാൻ പിന്നെ ആകെ ഒരുവഴി ബ്ലോക്കുമലയാണ്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഗ്രാമവികസനബ്ലോക്ക് എന്നോ മറ്റോ പേരുള്ള ഒരു ആപ്പീസ് ഉണ്ടായിരുന്നു. എന്താണവിടെ പരിപാടിയെന്നു അവിടെ ജോലിചെയ്യുന്നവർക്കു പോലും പൊതുവേ പിടിയില്ലയിരുന്നു. ഒരമ്പതേക്കർ സ്ഥലമുണ്ട്. UN കൊടുത്ത കുറെ തുരുമ്പെടുത്ത വണ്ടികളുമുണ്ടായിരുന്നു. ഈ അമ്പതേക്കറിൽ 49.9 ഏക്കറും തെരുവ (ഇഞ്ചിപ്പുൽ)ക്കാടുകളാണ്. ബാക്കിയുള്ള 0.1 ഏക്കർ സ്ഥലത്തുനിന്നു കിട്ടുന്ന തുമ്പ, കദളിപ്പൂവുകളായിരുന്നു ഞങ്ങളുടെയൊക്കെ പൂക്കളങ്ങളുടെ ആധാരം. പൂപറിക്കാൻ പോകുമ്പൊഴും സൂക്ഷിക്കണമായിരുന്നു. തെരുവക്കാട്ടിലേക്കു വെറുതെ ഒരു ലക്‌ഷ്യവുമില്ലാതെ കല്ലുവലിച്ചെറിഞ്ഞാൽ എറ്യുന്നവനെ തെറിയഭിഷേകം നടത്തിക്കൊണ്ടു മിക്കവാറും ആരെൻകിലും എഴുന്നേറ്റുവരും. മൊത്തത്തിൽ തെരുവ നിറഞ്ഞ ഒരേദൻ തോട്ടം.

പിന്നെയും ഒരുവഴികൂടി ഉണ്ടായിരുന്നു പൂവിന്. അവിടെ അടുത്തുതാമസിച്ചിരുന്ന “പോത്തു”കുട്ടൻ ചേട്ടൻ എന്ന ആളിനു് സാമാന്യം കുഴപ്പമില്ലാത്ത ഒരു പൂന്തോട്ടമുണ്ടായിരുന്നു. കക്ഷി ആണെൻകിൽ പൂവിടുന്ന ആളുമല്ല. പക്ഷേ കൊന്നാലും അയല്പക്കത്തെ കുട്ടികൾക്കൊന്നും ഒരു വാടിയ പൂ പോലും കൊടുക്കാത്തവനായിരുന്നു മഹിഷനാമാവ്. അസുരന്റെ തോട്ടത്തിൽ നിന്നു പൂ പറിച്ച കുട്ടികളുടെ കൂടെ കൂടിയതിനാൽ എനിക്കൊരിക്കൽ പിതാവിൽനിന്നു മന്ദാരതാഡനം ലഭിച്ചു. അതോടെ ആ കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പൂവിടൽ മതിയാക്കി -- ഞാൻ ആറാം ക്ലാസ്സിൽ ആയിക്കാണണം അപ്പോൾ. തരിമ്പുപോലും ദുഃഖം തോന്നിയിട്ടില്ല. പൂ കിട്ടാത്തിടത്ത് എന്തു പൂക്കളം?

അതുപോലെ ഓണപ്പതിപ്പോണങ്ങളിൽ നിന്നു മാത്രം ഞാൻ അറിഞ്ഞിരുന്ന മറ്റൊരു കാര്യമാണ് ഓണപ്പാട്ടുകൾ. എന്റെ ജീവിതത്തിൽ ഇന്നേവരെ ഞാൻ “പൂവേ പൊലി” എന്നോ, “മാവേലി നാടു വാണീടും കാലം” എന്നോ പാടിക്കൊണ്ടു പൂ പറിക്കാൻ പോകുന്ന ഒരു കുട്ടിയെയും കണ്ടിട്ടില, അങ്ങനെയുള്ളവരെപ്പറ്റി വായിചിട്ടേയുള്ളു. ഞങ്ങളൊക്കെ പൂ പറിക്കാൻ ബ്ലോക്കുമല കയറുമ്പോൾ പാടാറ് ആകാശവാണിയിലെ പരസ്യഗാനങ്ങളായിരുന്നു -- “ഓണക്കാലം, ഓണക്കാലം, പൂവിളിയുടെ കാലം, ടാൻടെക്സിൻ കാലം” മുതലായവ.

ഓണസദ്യയും ഇപ്പറഞ്ഞതുപോലെ. ഉണക്ക അയല കറിവച്ചത്, പൊരിച്ച മത്തി ഇതൊക്കെയായിരുന്നു എന്റെ പ്രിയങ്ങൾ. ഇവ രണ്ടും ഉൾപ്പെടുത്താൻ പറ്റാത്ത ഓണസദ്യ അതുകൊണ്ടു ഒരു കണക്കുപരീക്ഷ പോലെയായിരുന്നു. സാമ്പാർ, ഇഞ്ചിക്കറി ഈ രണ്ടു സാധനങ്ങളല്ലാതെ വേറൊന്നും ഞാൻ ആ ഇലയിൽനിന്നു കഴി്ക്കാറുണ്ടായിരുന്നില്ല. അവിയൽ എനിക്കേറ്റവും ഇഷ്ടമില്ലാത്ത കറിയാണിന്നും. പിന്നെന്തരോണസ്സദ്യ? Waste of time.

അങ്ങനെ ചിന്തിച്ചുചിന്തിച്ചെനിക്കു ബോധ്യം വന്നു ഇപ്പറയുന്നപോലെ വലിയ ആനക്കാര്യമായിരുന്നില്ല എനിക്കൊരിക്കലും ഓണം എന്ന്. പിന്നെ ഓണത്തിന്റെ അന്നു തലേദിവസത്തെ pizza മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിൽ തോന്നിയ വിഷമം മാറി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്നു സന്തോഷം തോന്നി. ഇവിടങ്ങളിലെ മലയാളി അസ്സോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഏതെൻകിലും ഓണസ്സദ്യയിൽ പൻകെടുത്ത് മൂക്കുമുട്ടെ സാമ്പാർ കുടിക്കാമല്ലോ എന്നു ഞാനാശ്വസിച്ചു.

Tuesday, September 27, 2005

അവർ പാടുമ്പോൾ...

എന്റെ മിക്കവാറും സുഹൃത്തുക്കളൊക്കെ പാട്ടുകളെ ഇഷ്ടപ്പെടുന്നവരും, പാടണം എന്നാഗ്രഹമുള്ളവരുമാണ്. പക്ഷേ ആഗ്രഹം കൊണ്ടുമാത്രം കാര്യമില്ലല്ലോ. അതുമാത്രമല്ല, പാടുമ്പോൾ ചിലപ്പോൾ പാട്ടുതന്നെ മാറിപ്പോകുന്ന സംഭവങ്ങളും ധാരാളം.


സുഹൃത്തുക്കളിൽനിന്നും മറ്റും ഞാൻ കേട്ടിട്ടുള്ള ചില വരികൾ (ഇതോരോന്നും അതാതു കക്ഷികൾ വളരെ സീരിയസ് ആയി പാടിയതാണുകേട്ടോ):

 • “ഉണരൂ വേഗം നീ, ശിവകാമീ, വന്നൂ നായകൻ...” -- ഒരു ക്ലാസ്മേറ്റ് “മലരേ, തേൻ‍മലരേ” എന്ന ജാനകി ക്ലാസ്സിക്‍ പാടിയപ്പോൾ
 • “ഞാൻ നിന്നെ പ്രേമിക്കുന്നൂ മാൻകിടാവേ...
  മെയ്യിൽ പാതി അറുത്തുതരൂ... മനസ്സിൽ പാതിയറുത്തുതരൂ...” -- അതേ സതീർത്ഥ്യൻ, മറ്റൊരിക്കൽ

 • “ചന്ദനലേപസുഗന്ധം ചൂടിയതാരോ, കാറ്റോ, കാമിനിയോ?
  മൈഥുനച്ചെപ്പു തുറന്നുകൊടുത്തതു യൌവ്വനമോ, രതിദേവതയോ?“ -- വേറൊരു ക്ലാസ്സ്‍മേറ്റ്

 • തച്ചോളിമാൻകുരുന്നേ, തിൻകൾത്തേരിൽ ആലോലമാടാൻ“ -- എന്റെയൊരമ്മാവൻ “കസ്തൂരിമാൻകുരുന്നേ” എന്ന ഗാനം പാടിയപ്പോൾ