വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Tuesday, September 20, 2005

മത്തായി

മത്തായി എന്റെ പ്രിയസതീർത്ഥ്യൻ. എന്റെ ക്ലാസ്സിൽ എല്ലാവരുടെയും ഇലക്ട്രോണിക്സ് പ്രോജക്റ്റുകൾ ചെയ്തുകൊടുത്തിരുന്ന നല്ലവൻ. ബിരുദത്തിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ അഴിച്ചുവിട്ട മൂരിയായി ഞാൻ നടക്കുമ്പോൾ അവൻ എന്റെ തൊഴുത്തിൽ എന്റെ സഹമുറിയൻ, സഹകുടിയൻ, ഒരുപാടു നാൾ എന്റെ ഇരുചക്രഡ്രൈവൻ.

ദില്ലിയിൽ ഞങ്ങൾ പയ്യന്മാരായി വാഴുമ്പോൾ മത്തായിക്കൊരു പ്രശ്നമുണ്ടായിരുന്നു, actually 2 പ്രശ്നങ്ങൾ: നമ്പ്ര 1: വളരെ മൃദുവായേ മത്തായി പേശൂ. നമ്പ്ര 2: ഹിന്ദി മത്തായിക്കു തീരെ പിടിയില്ല. ഇവകളിൽ ഏതെന്കിലും ഒരു പ്രശ്നം തന്നെ ഡെഡ്‍ലി ആണു ഡെല്ലിയിൽ, രണ്ടും കൂടെയായപ്പോഴത്തെ സ്ഥിതി ചിന്ത്യം.

ഉദാഹരണത്തിന്, വീട്ടിലെ സോപ്പുതീരുമ്പോൾ മത്തായി അടുത്തുള്ള പലചരക്കുകടയിൽ പോകുന്നു (തെറ്റിദ്ധരിക്കരുത് -- സോപ്പ് തീരുന്ന സംഭവം ഹാലീസ് കോമെറ്റ് പോലെ യുഗത്തിൽ വല്ലപ്പോഴും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാമതു ഞാനോ, മത്തായിയോ, കൂടെത്താമസിച്ചിരുന്ന മറ്റു നാലു കന്നുകാലികളോ കുളിയിൽ വിശ്വാസമില്ലത്തവരായിരുന്നു. കുളി എന്നാൽ വിജയശ്രീ (പണ്ടുകാലത്തെ ഒരു ഷക്കീല), രേഖ മുതലായ സിനിമാനടികൾക്കു വിധിച്ച ഒരാചാരമായാണു പൊതുവേ തൊഴുത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. അതുമാത്രവുമല്ല സോപ്പ്, പേസ്റ്റ് മുതലായ സാധനങ്ങൾ അവയുടെ ഒരു തന്മാത്ര പോലും അവശേഷിക്കാത്ത രൂപത്തിൽ തീർന്നുകഴിഞ്ഞിട്ടേ പുതിയവ വാങ്ങാറുണ്ടായിരുന്നുള്ളു.)

കടക്കാരനു ഞങ്ങളെ വലിയകാര്യമാണ് -- കുളിതേവാരങ്ങളിൽ പുറകിലാണെൻകിലും തീറ്റയിൽ ബഹുകേമരായിരുന്നു ഞങ്ങൾ. അതുകൊണ്ടു പിണ്ണാക്ക്, കാലിത്തീറ്റ ഇനങ്ങളിൽ കടക്കാരൻ കൊയ്തുകൊണ്ടിരുന്നു. പിന്നെ മദ്രാസിപ്പശങ്ങളാണ്, പൊതുവേ നാട്ടുനടപ്പും കമ്പോളനിലവാരവും പിടിയില്ലാത്തവരായതിനാൽ വണികൻ ചോദിക്കുന്ന വില എല്ലാറ്റിനും കിട്ടും. ആയതിനാൽ മത്തായി നടന്നുവരുമ്പോൾ ഒരു മാടിനെയല്ല, പ്രത്യുത ആണ്ടിൽ 365 ദിവസവും, അധിവർഷങ്ങളിൽ 366 ദിവസവും ജംബോസൈസ് പൊന്മുട്ടയിടുന്ന ഒരു താറാവിനെയാണ് കടൈശ്വരൻ കണ്ടത്. ശേഷം അവർ തമ്മിൽ നടന്ന വാർത്താലാപ് താഴെക്കൊടുക്കുന്നു:

കട: ആയിയേ സാബ്, കീ ഹാൽ ഹൈ

മത്തൻ (കടക്കാരന്റെ പുറകിലേക്കു കൈചൂണ്ടിക്കൊണ്ട്): ബ്സ്‍സ്, ബ്സ്ബ്സ്സ്സ് (ഹേ വണികമഹാശയാ, എനിക്കൊരു ലക്സ് തരൂ മഹാനുഭാവാ)

കട: അച്ഛാ, ആപ്കൊ ദാൽ ചാഹിയേ ക്യാ? (മദ്രാസീ, നിനക്കെന്താ പരിപ്പു വേണായിരിക്കും നിന്റെ “സാംഭാറി”ലിടാൻ)
കട (അവിടെനിൽക്കുന്ന സഹായിയോട്): ഛോട്ടൂ, സാബ് കേ ലിയെ ദോ കിലോ ദാൽ (ഡാ പ്ശാശേ, രണ്ടുകിലോ ദാൽ മദ്രാസീടെ വായിൽ തള്ള്)

മത്തായി (ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന രോഷത്തോടെ): ബ്സ്ബ്സ്ബ്സ്ബ്സ്‌സ് (എടോ കടക്കാരാ, എനിക്കു സോപ്പാണുവേണ്ടത്, സോപ്പ്. മനസ്സിലായോ പൊണ്ണത്തടിയാ)

കട: അച്ഛാ, ചാവൽ ഭീ ചാഹിയേ? ഛോട്ടൂ, ചാവൽ ദേനാ പാഞ്ച് കിലോ. (മദ്രാസീ, കാള വാലുപൊക്കുമ്പോഴറിയില്ലേ എന്താ സംഭവം ന്നു്. താൻ പരിപ്പു മേടിച്ചപ്പൊഴേ ഞാൻ തീരുമാനിച്ചു അരി മേടിക്കാതെവിടെപ്പോകാൻ എന്നു. പ്ശാശേ, ഇയാക്കു അഞ്ചു കിലോ ചാക്കരി കൂടി എടുത്തോ)

മത്തായി (ഒരു കൊടുൻകാറ്റായി മാറുന്നു): ബ്സ്‌ബ്സ്‌സ്‌സ്‌സ്‌സ്‌സ്‌സ്‌സ് (എടോ തന്നെ ഞാൻ... എന്റെ അപ്പൻ ആരാണെന്നറിയാമോ തനിക്ക്. കേരളത്തിൽ മന്ത്രിയാണ്)
[അതു സത്യത്തിൽ ഒരു നുണയായിരുന്നു മത്തായി പറഞ്ഞത് -- മത്തായിയുടെ പിതാവ് ഒരിക്കലും മന്ത്രി ആയിട്ടില്ല]

കട: ഛോട്ടൂ, സാബ് കോ നാരിയൽ കാ തേൽ ഇക് ബഡാ ബോത്തൽ ദേ ദോ (പ്ശാശേ, ഇയാക്കു കുറെ പാരഷൂട് എണ്ണയും കൊട്. അവന്റെ ഒടുക്കത്തെ ഒരു തേങ്ങാഎണ്ണ കുടി... ഇവന്മാർക്കൊക്കെ പോസ്റ്റ്മാൻ എണ്ണ ഉപയോഗിച്ചുകൂടെ)

ഇത്രയും ആകുമ്പൊഴേക്കു മത്തായിക്കു സ്വന്തം പരിമിതികൾ ബോദ്ധ്യം വരുന്നു. കീശയിൽ നിന്നും പണസഞ്ചി വെളിയിൽ വരുന്നു. കടക്കാരൻ ബാഹ്യമായും, ആന്തരികമായും വെളുക്കെച്ചിരിച്ചുകൊണ്ട് ഒരു വലിയ തുക കള്ളക്കണക്കുണ്ടാക്കി മത്തായിയെ ഒരു തുണ്ടുകടലാസിൽ എഴുതിക്കാട്ടുന്നു. മത്തായി അതു കൊടുക്കുന്നു. സാമാനങ്ങളും ഭേസി മത്തായി നടന്നകലുമ്പോൾ തന്റെ ഇഷ്ടദൈവമായ ബജ്‍രംഗ്ബലിക്കു കടക്കാരൻ ഒരു ചന്ദനത്തിരി കൊളുത്തുന്നു. ഞങ്ങളുടെ തൊഴുത്തിൽ ചോറിന്റെയും പരിപ്പിന്റെയും ഒരു സേവനവാരം അപ്പോൾ തുടങ്ങുകയായി... സോപ്പില്ലാത്ത കുളികളുടെയും...

===================================================================
മറ്റു രണ്ടു മത്തായിഫലിതങ്ങൾ:

വാശിയേറിയ ചീട്ടുകളി. കുണുക്ക് വയ്ക്കലും ഇറക്കലും ആകെപ്പാടെ ബഹളം. മത്തായിയാണു തുരുപ്പു കമഴ്ത്തിയിരിക്കുന്നതു്. എതിർകക്ഷിയിലെ ഒരു വിദ്വാനു തുരുപ്പു തുറക്കാൻ ഒരവസരം:

വിദ്വാൻ: മത്തായീ, തുരുപ്പുചീട്ട് മലത്തി ഇടടാ...
(നിശ്ശബ്ദതയുടെ ഒരു മൈക്രോസെക്കന്റ്റ്)
മത്തായി: അതിനു മലം എവിഡെഡാ?

------------------------------------------------------------------------------------------------

മത്തായി വിവാഹിതനാകുന്നു. വിവാഹപൂർവ്വരാത്രികളുടെ 2 കൊല്ലം മത്തായി ഒറ്റയ്ക്ക് ഒരു ഫ്ളാറ്റിലാണ് ചെലവഴിച്ചിരുന്നത് (ഞങ്ങൾ അപ്പൊഴേക്കും പിരിഞ്ഞിരുന്നു).

വിവാഹശേഷം നവവധൂസമേതനായി മത്തായിയുടെ പട്ടണപ്രവേശം. മത്തായി പതിവുപോലെ രാവിലെ ജോലിക്കുപോകുന്നു. എല്ലാ പുത്തനച്ചികളെയും പോലെ ഭാര്യക്കു പുരപ്പുറം വരെ തൂക്കാൻ കൊതി. മത്തായിയുടെ ഫ്ലാറ്റ് ആണെൻകിൽ അതിനു ധാരാളം സ്കോപ് ഉള്ള സ്ഥലം. 2 വർഷമായി ചൂലെന്നൊരു സാധനം അവിടെ കയറിയിട്ടില്ല. ഭാര്യ ചൂൽ, ബക്കറ്റ്, വെള്ളം, തുണി എന്നിവയുമായി അരയും തലയും മുറുക്കി ഇറങ്ങുന്നു

....

മത്തായി വൈകിട്ടു തിരിച്ചുവരുമ്പോൾ ആകെ ഒരു മാറ്റം. “വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും” എന്നു കുഞ്ചൻ (നടനല്ല) പണ്ടു പാടിയതുപോലെ ആകെ ഒരു തിളക്കം. മത്തായി ഞെട്ടി, സ്വന്തം മുറിയിലേക്കോടി. ഭാര്യയും ഞെട്ടി, മത്തായിയുടെ പുറകെയോടി. മത്തായിയുടെ മുറിയിലും നക്ഷത്രത്തിളക്കം. പക്ഷേ മത്തായി വിതുമ്പാൻ തുടങ്ങി.

മത്തായി (തേങ്ങലിനിടയിൽ): എടീ, നീ ഈ മേശ തുടച്ചു വൃത്തിയാക്കിയോ?

ഭാര്യ: തീർച്ചയായും. എന്താ, ഇനിയും ഇതിൽ പൊടിയോ ചെളിയോ ഉണ്ടോ? അതാണോ നിങ്ങൾ കരയുന്നേ?

മത്തായി: എടീ ദുഷ്ടേ, ഈ മേശപ്പുറത്തെ പൊടിയിലായിരുന്നെടീ ഞാൻ എല്ലാവരുടെയും ഫോൺ നമ്പരുകൾ എഴുതിവച്ചിരുന്നത്, അതെല്ലാം നീ കളഞ്ഞില്ലേ (പൊട്ടിപ്പൊട്ടിക്കരയുന്നു)

13 Comments:

At Wednesday, September 21, 2005 8:15:00 AM, Blogger Visala Manaskan said...

അത്‌ ശരി, അപ്പോ, ഈ ബൂലോഗം ഒരു പുലി മടയാണ്‌ ല്ലേ. കിണ്ണങ്കാച്ചി ആയിട്ടുണ്ട്‌ ചുള്ളാ.

 
At Wednesday, September 21, 2005 8:20:00 AM, Blogger സു | Su said...

മത്തായിയെ കണ്ടുപിടിച്ച് തമാശബഹുലമായ ആ ജീവിതം കൂടുതലായിട്ട് ഇവിടെ പകർത്തിവെക്കൂ :)

 
At Wednesday, September 21, 2005 9:44:00 AM, Blogger ചില നേരത്ത്.. said...

പാപ്പാനേ..
സംഭവബഹുലമായേക്കാവുന്ന മത്തായി കഥകൾക്കായി കാത്തിരിക്കുന്നു. രസകരമായ ശൈലി.പട്ടയുടെ (കരിമ്പട്ട) മാഹാത്മ്യമാണോ?..
-ഇബ്രു-

 
At Wednesday, September 21, 2005 2:31:00 PM, Blogger viswaprabha വിശ്വപ്രഭ said...

പാപ്പാനേ,
അസ്സലാവുന്നുണ്ട്!
ഇങ്ങനെ ഒരു പാപ്പാനെത്തന്നെ ആയിരുന്നു ബൂലോഗപ്പൂരത്തിന് ആനയെ മേയ്ക്കാൻ ആവശ്യം!

ഇപ്പഴാണ് പട്ടയ്ക്കെങ്ങിനെ പട്ട എന്നു പേരുവന്നു എന്നു മനസ്സിലാവുന്നത്‌!

മത്തായി വായിച്ചു ‘മത്താ‘യി!

 
At Wednesday, September 21, 2005 5:38:00 PM, Blogger aneel kumar said...

"ഒരുപാടു നാൾ എന്റെ ഇരുചക്രഡ്രൈവൻ."

ഇന്ദ്രപ്രസ്ഥത്തിൽത്തന്നെ ഇങ്ങനെ ഡ്രൈവനെ വച്ച് ഇരുചക്രങ്ങളിൽ സവാരിഗിരിച്ച ഒരു പ്രതിഭയുടെ കഥ എങ്ങോ കേട്ടിട്ടുണ്ട്.
ഓർത്താൻ ഞാനോ അറിഞ്ഞാൾ അതേ പ്രതിഭയോ എഴുതാതിരിക്കില്ല.
മത്തായിയെക്കുറിച്ചുള്ള (സു)വിശേഷം അതിവിശേഷം.!

 
At Wednesday, September 21, 2005 6:08:00 PM, Blogger viswaprabha വിശ്വപ്രഭ said...

ഇപ്പോൾ ബഹറിനിൽ ഉള്ള ബോസിട്ടായി (ബോസുചേട്ടായി)(ബോസ്) ആയിരുന്നു ഡ്രൈവറെങ്കിൽ ഞാനായിരുന്നിരിക്കണം ആ സവാരിഗിരിധരൻ!

ദിവസം ശരാശരി 100-150 കിലോമീറ്ററേ പക്ഷേ ഞങ്ങൾ പറക്കാറുണ്ടായിരുന്നുള്ളൂ.

 
At Wednesday, September 21, 2005 11:47:00 PM, Blogger പാപ്പാന്‍‌/mahout said...

പുല്ലൂരാൻ-> നന്ദി

വിശാൽ-> പുലി സു; ഞാൻ വെറും എലി :)

സു-> ഇത്രയും എഴുതിയതിനുതന്നെ അവൻ എന്നെ തല്ലിക്കൊല്ലുമോ എന്നാണെന്റെ ഭയം

ഇബ്രു-> പട്ട എപ്പോഴും ഭാവനയെ (നടിയല്ല) ഉണർത്തും എന്നതു നിഷേധിക്കുന്നില്ല

വിശ്വം-> തേൻക് യൂ

അനിൽ-> നന്ദി. (ഒരു പരിധി വരെ ദില്ലിയിൽ നില്ക്കാനുള്ള പ്രചോദനം VKN-ന്റെ പയ്യനായിരുന്നു. ആദ്യമായി ഡിഫൻസ് കോളനിയിലെ “സാഗർ“ റെസ്റ്റോറന്റിൽ പോയപ്പോൾ, “ഇതാണല്ലോ പയ്യനും രേണുവും പാർത്തിരുന്ന ഡിഫൻസ് കോളനി” എന്നോർത്തു കോരിത്തരിച്ചുപോയിരുന്നു. ശേഷമുള്ള ദില്ലിജീവിതത്തിന്റെ യാഥാർത്ഥ്യം ആ ആദ്യകാലയൂഫോറിയയുടെ വായ്ത്തല കുറെയൊക്കെ മടക്കിയെന്നതും നേര്.)

വിശ്വം-> തോഴരേ, അക്കഥകൾ ഞങ്ങളോടു പറയാത്തതെന്തേ?

 
At Thursday, September 22, 2005 1:31:00 AM, Blogger Jo said...

ha ha ha... paappaan VKN-nte aaraayittu varum? :-)

 
At Thursday, September 22, 2005 2:06:00 AM, Blogger Kalesh Kumar said...

പാപ്പാനേ...
ഉഗ്രനായിട്ടുണ്ട്! ഒരു പയ്യൻ കഥ വായിച്ച സുഖം!
ഇനിയും എഴുതണേ...

 
At Thursday, September 22, 2005 10:08:00 AM, Blogger aneel kumar said...

ദില്ലി ബുദ്ധിമുട്ടുകളുടെ ഒരു സുഖം എന്നാണെനിക്കു തോന്നിയിട്ടുള്ളത്; അല്ലെങ്കിൽ തിരിച്ച്.
ഏതായാലും ദില്ലിയെക്കുറിച്ചെഴുതാനും എന്നെക്കാൾ യോഗ്യർ പാപ്പാനും ഞാനുദ്ദേശിച്ച ഗിരിധരനും ഉണ്ടല്ലോ :)

 
At Thursday, September 22, 2005 12:56:00 PM, Blogger Achinthya said...

Ithaanu koottare urangunna paappaane unartharuthu nnu vivaralloru parenathu.
Appo VKN Marshallinte dehathalla, idhehathinte dehathaa aaveshiche.nannaayi.
mahamathaayichcharithamaala kooduthal pratheekshikkunu

 
At Thursday, September 22, 2005 4:55:00 PM, Blogger പാപ്പാന്‍‌/mahout said...

ജോ: പിണ്ടമെൻകിലും ആയാ മതിയായിരുന്നു. ആ ചാൻസും പോയി :-)

കലേഷ്: നന്ദി

അനിൽ: ദില്ലി ബാച്ചിലർ ലൈഫിനു കുഴപ്പമില്ലാത്ത ഒരു സ്ഥലമായിരുന്നു. എന്റെ പ്രധാന പരാതികൾ ഇവയായിരുന്നു
- 7 മണി കഴിഞ്ഞാൽ നഗരം ഉറക്കം
- (അന്നത്തെക്കാലത്ത്) മുഴുവൻ സിഖ് ബോംബുകൾ
- മദ്യം വാങ്ങാൻ Q നില്ക്കണം. കടക്കാരൻ തരുന്നതുകുടിക്കണം. ബീയർ ചോദിച്ചാൽ കിട്ടുന്നതു റം ആയിരിക്കും മിക്കവാറും
കല്യാണം കഴിഞ്ഞതും, ഭാര്യ ദില്ലിയെ എന്നിൽ നിന്നും വിടീച്ചു

അചിന്ത്യാ: :-) (മലയാളത്തിൽ എഴുതിനോക്കൂ, അല്ലെൻകിൽ സംസ്കൃതത്തിലെൻകിലും)

ps: അചിന്ത്യ, അനിൽ എന്നിവർക്കൊക്കെ ഭാഗ്യമുണ്ട്: പേരെഴുതാൻ ഇംഗ്ലീഷിലും, വരമൊഴിയിലും ഒരേ keystrokes.

 
At Thursday, October 06, 2005 11:03:00 PM, Blogger evuraan said...

മത്തായി (ഒരു കൊടുൻകാറ്റായി മാറുന്നു): ബ്സ്‌ബ്സ്‌സ്‌സ്‌സ്‌സ്‌സ്‌സ്‌സ്...

ഏറെ ചിരിപ്പിച്ചു ആ വരികൾ..!!

ഇനിയും എഴുതുക.

--ഏവൂരാൻ.

 

Post a Comment

<< Home