വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Thursday, September 22, 2005

വൊ സുബ്‍ഹാ കഭീ തോ ആയേഗീ

മലയാളഭാഷ, സാഹിത്യം, സംസ്കാരം ഇവ്വക കാര്യങ്ങളിലൊന്നിലും അധികം വിവരമില്ലാത്ത ഒരു സാദാമലയാളിയാണു ഞാൻ. വായനയിലാണെൻകിൽ പൊതുവെ ഹാസ്യ-, അപസർപ്പക നോവൽ ഇനങ്ങളിലാണെനിക്കു കമ്പം. മലയാളത്താന്മാർക്കാണെൻകിൽ ഈ രണ്ടു വിഷയങ്ങളോടും പൊതുവെ അവജ്ഞ .

ചിരിക്കാൻ കഴിയാനാകാതെ ഒരുതരം മുറുകിയ റബ്ബർബാൻഡുപോലെ ജീവിക്കുന്നതുകൊണ്ടാണ് ഒരുറുമ്പുകടിക്കുമ്പൊഴെക്കും മലയാളി ഉടനെ തൂങ്ങിച്ചാവാൻ കയറുവാങ്ങാനോടുന്നത്; കേരളസർക്കാർ ഒരു കയർബോർഡ് തന്നെയുണ്ടാക്കി നാട്ടുകാർക്കൊക്കെ തൂങ്ങിച്ചാവാൻ ഇഷ്ടമ്പോലെ കയർ സപ്ലൈ ചെയ്യുന്നത്; കെട്ടിതൂങ്ങാൻ സ്ഥലമില്ലാത്തവരെ ഓർത്ത് തകഴി “കയർ“ എന്ന ഒരു ടൺ സാധനമിറക്കിയത് . തൂങ്ങിച്ചാവാൻ സ്ഥലമില്ലെൻകിൽ വിഷമിക്കണ്ട -- ഡീസീ ബുക്സിൽ പോയി “കയർ“ വാങ്ങുക, കയർബോർഡിൽപ്പോയി കയർ വാങ്ങുക. കയറിന്റെ ഒരറ്റം കഴുത്തിൽ മുറുക്കിക്കെട്ടുക. കയറിന്റെ മറ്റേഅറ്റം “കയറി”ൽ മുറുക്കിക്കെട്ടുക. എന്നിട്ട് വീട്ടിലെ കിണറ്റിലേക്കെടുത്തുചാടുക.

ഒരിക്കൽ ഒരു കാലത്തു മലയാളത്തിൽ കുറെ വളിപ്പുപടങ്ങളിറങ്ങി. ആളുകൾ തീയറ്ററുകളിൽപ്പോയി ആർത്തുചിരിച്ചു, VKN പറഞ്ഞപോലെ തലകൾ പുറകോട്ടേക്കെടുത്തെറിഞ്ഞു ചിരിച്ചു, ശ്വാസം മുട്ടും വരെ ചിരിച്ചു. ആത്മഹത്യകളില്ലാതായി. കയറും, “കയറ്”ഉം ആർക്കും വേണ്ടാതായി. അപ്പോൾ ഇവിടത്തെ ബുദ്ധിമാനുകൾ, ബുദ്ധിയാടുകൾ, പൊതുവേയുള്ള മറ്റുബുദ്ധിജന്തുക്കൾ എല്ലാർക്കും ആധിയായി. കേരളത്തിൽ ആത്മഹത്യ കുറയുകയേ! ശാന്തം പാപം! ബുദ്ധിമൃഗങ്ങളെല്ലാംകൂടി മലയാളസിനിമയ്ക്കുവന്ന അപചയം, അജീർണ്ണം എന്നിവയെപ്പറ്റി ഘോരഘോരം ഛർദ്ദിക്കാനും വിസർജ്ജിക്കാനും തുടങ്ങി. കുറെയൊക്കെ ഈ കോളറ സഹിച്ചു നിർമ്മാതാ-സം‍വിധായകഗണം. പിന്നെ അവരും മലയാളികളല്ലേ, കുറെയായപ്പോൾ അവരിൽപ്പലരും തന്നെ കയറും, “കയറ്”ഉം തേടിയിറങ്ങി. അങ്ങനെ മലയാളിച്ചിരി വറ്റി. ഇപ്പൊ സംകതി പഴേപോലെ നോർമ്മൽ. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ പെട്ടെന്നുപെട്ടെന്നു കാണാതാകുന്നു.

ഓർമ്മയിൽനിന്നെഴുതുകയാണ്--മഹാഭാരതത്തിലാണെന്നു തോന്നുന്നു “ലോകത്തിലെ ഏറ്റവും വലിയ തമാശയേത്” എന്ന ചോദ്യത്തിന് “ഒരാൾ മരിക്കുമ്പോൾ ഇന്നു നീ നാളെ ഞാൻ എന്നോർക്കാതെ മറ്റുള്ള മർത്ത്യർ ദുഃഖം പ്രകടിപ്പിക്കുന്നത്” എന്നൊരുത്തരം. വ്യാസൻ ഉത്തർപ്രദേശ് ഏരിയയിൽ ജീവിച്ചതിനാലാണ് അങ്ങനെ എഴുതിയതു്. കേരളത്തിലായിരുന്നെൻകിൽ ഉത്തരം ഇങ്ങനെ എഴുതുമായിരുന്നു “തമിഴ്നാട്ടിലെ നേതാക്കൾ മരിക്കുമ്പോൾ തമിഴർ ആത്മഹത്യചെയ്തതുവായിച്ചു മലയാളത്താന്മാർ ചിരിക്കുന്നത്” എന്ന്. തമിഴർക്ക് അല്പം ആവേശമെൻകിലുമുണ്ടെടേ...

മലയാളികളെ ചിരിപ്പിക്കാൻ കഴിവുള്ള പുസ്തകങ്ങളും പണ്ടുമുതലേ കുറവ്. ഒരു പുസ്തകം വായിച്ചെങ്ങാൻ താൻ ചിരിച്ചാൽ നിശ്ചയമായും ആ പുസ്തകം മോശം തന്നെ എന്ന് ഓരോ മലയാളനും മലയാളിയും ചെറുപ്പത്തിലെതന്നെ പഠിച്ചുവയ്ക്കുന്നു എന്നാണെനിക്കു തോന്നുന്നത്. ഇതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാം. പണ്ടൊക്കെ എല്ലാരും വായനിറച്ചു മുറുക്കിയാണല്ലോ നടന്നിരുന്നത്. വായ്ക്കകത്തുമുഴുവൻ മുറുക്കാനുള്ളപ്പോൾ ചിരിയെക്കാളും കരച്ചിലായിരുന്നിരിക്കും വസ്ത്രത്തിനുനന്നായിരുന്നത് -- പ്രത്യേകിച്ചും “ഉജാല” ഒന്നും ഇല്ലാതിരുന്ന കാലത്ത്.

അതുപോലെ, ഡിറ്റക്ടീവ് കഥകൾ മലയാളിക്കിഷ്ടമില്ലാത്തതിനൊരു കാരണവും അവകളിൽ വേണ്ടത്ര കരച്ചിൽ ഇല്ല എന്നതായിരിക്കും എന്നെനിക്കു തോന്നുന്നു. അനുവാചകരുടെ മനസ്സറിയാതെ കഥ എഴുതുന്നവരാണു കോട്ടയം പുഷ്പനാഥാദിയായ ഡി നോവലെഴുത്തുതൊഴിലാളികൾ. അല്ലെൻകിൽ കേരളത്തിലേക്കു വേണ്ടി എഴുതുന്ന നോവലുകളുടെ അവസാനത്തിൽ അല്പം ചെയ്ഞ്ച് വരുത്തി ഇഷ്ടമ്പോലെ “ചെയ്ഞ്ച്” വാരാമായിരുന്നു അവർക്ക്.

ഉദാഹരണത്തിന്‌, സാധാരണ ഒരു നാടകാന്തം കവിത്വത്തിൽ, ഡിറ്റക്ടീവ് കള്ളനെ പിടി കൂടുന്നു. പൊലീസ് ചീഫിനു കൈ മാറുന്നു. അതോടെ കഥ “ഠിം” എന്നങ്ങു നിൽക്കുന്നു. അതു വായിക്കുന്ന ഒരു സാധാരണ മലയാളവായനത്തൊഴിലാളി “ഈ കഥയിൽ കരച്ചിലെവിടെ“ എന്നന്തം വിട്ട്, കഴിഞ കൊല്ലത്തെ ചോർന്ന പേപ്പർ കാണാതെപഠിച്ച് ഇത്തവണ SSLC എഴുതാൻ വന്നവനെപ്പോലെ വായുമ്പൊളിച്ചിരിക്കും. മലയാളികൾക്കു വേണ്ടി എഴുതുമ്പോൾ ആ അന്ത്യരംഗത്തിൽത്തന്നെ ഒരന്ത്യരംഗം വേണം. ഒന്നുരണ്ടു രീതികൾ താഴെക്കൊടുക്കാം:

കള്ളനെ കൈവിലങ്ങുവയ്ച്ച് പോലീസ് ചീഫിന്റെ കയ്യിൽ ഏൽപ്പിച്ച ശേഷം ഡിറ്റക്ടീവ് ഒരു നെടുവീര്പ്പിടുന്നു. അയാളുടെ കണ്ണുകൾ ദൂരത്തേയ്ക്കു പായുന്നു. പിന്നെ തന്റെ അരയിൽ ആരും കാണാതെ കെട്ടിവച്ചിരുന്ന മൂന്നുമുഴം കയർ അഴിച്ചെടുത്ത് അയാൾ സ്റ്റേഷനു പുറത്തുള്ള ആൽമരം ലക്ഷ്‍യമാക്കി നടക്കുന്നു. ഇങ്ങനെ കഥ നിർത്തിയാൽ പുസ്തകം ചൂടപ്പം.

മറ്റൊരു വിജയഫോർമുല: ഷോപ്പിങ് സെന്റരിനുവെളിയിൽ നടക്കുന്ന പോരാട്ടത്തിൽ അധോലോക നായകനെ ഡിറ്റക്ടീവ് വെടിവച്ചിടുന്നു. ഷോപ്പിങ് സെന്റരിന്റെ രണ്ടാംനിലയിലെ ഡീസീ ബുക്സിൽനിന്നും ആത്മഹത്യക്കായി “കയർ“ വാങ്ങിനടന്നുപോകുന്ന ഒരാൾ വെടിയൊച്ച കേട്ടു ഞെട്ടുന്നു, വടിപോലെ നിൽക്കുന്നു. അയാളുടെ കയ്യിൽനിന്നും താഴേക്കു തെറിച്ചുവീഴുന്ന “കയർ“ ഹെൽമറ്റിടാത്ത ഡിറ്റക്ടീവിന്റെ തലയിൽ വീഴുന്നു. അല്പസമയം കഴിഞ്ഞപ്പോൾ, ചമ്മന്തിരൂപമായ ആ അപസർപ്പകശരീരത്തെ പോലീസുകാർ ഷോപ്പിങ്ങ് സെന്റർ പാർക്കിങ് ലോട്ടിൽനിന്നും പാളക്കീർ കൊണ്ട് വടിച്ചെടുക്കുന്നത് നോക്കിനില്ക്കുന്ന പോലീസ് ചീഫ്. അദ്ദേഹത്തിന്റെ കണ്ണിൽനിന്നും അശ്രുപ്രവാഹം, മൂക്കിൽനിന്നും വായിൽനിന്നും നെടുവീർപ്പ് (ഒരു നെടുവീർപ്പ് എവിടെയെൻകിലും വേണം, അല്ലാതെ ഞാൻ സമ്മതിക്കത്തില്ല)

മലയാളത്തിൽ ഡിറ്റക്ടീവ് നോവൽ എഴുതുന്നവർ സാധാരണ കാണിക്കുന്ന മറ്റൊരു തെറ്റുണ്ട്. നേരെവാ നേരെപോ എന്നമട്ടിൽ എഴുതും. ഉദാഹരണത്തിന് “ഡിറ്റക്ടീവ് മാർക്സിൻ ഒരു ഹാഫ്-എ-കൊറോണയ്ക്കു തീ കൊളുത്തി ആ കേസിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു” എന്നു വായിക്കുമ്പോൾ ആർക്കും ഒരു കൺഫ്യൂഷനും തോന്നില്ല. ആ വാചകത്തിൽ ഒന്നിൽക്കൂടുതൽ അർത്ഥങ്ങൾക്ക് ഒളിച്ചിരിക്കാൻ സ്ഥലവുമില്ല. അവിടെയാണു നോവലിസ്റ്റിന്റെ പരാജയം. ഈ രീതി ഇംഗ്ലീഷ് കഥകൾക്കുപറ്റും. മലയാളത്തിൽ വിജയിക്കണമെൻകിൽ സ്റ്റൈൽ മാറ്റണം.

“സൽഫർ ഖനികളിൽനിന്നു കുറുക്കന്മാരുടെ ഓരിയുയർന്നു. അന്ത്യപ്രളയത്തിൽ ആലിലമേൽ ശയിക്കുന്ന അദ്ഭുതശിശുവിനെപ്പോലെ ആഷ്ട്രേയിൽ ഹാഫ്-എ-കൊറോണ അർദ്ധനിദ്രയിലാണ്ടുകിടന്നു. മാർക്സിൻ അതെടുത്ത് ഒരു പുക വിട്ടപ്പോൾ വിഷ്ണുരൂപി മാർക്സിനു ശിവതുല്യമായ മുക്കണ്ണായി. ആദിമസ്നേഹം ചുരുട്ടുപുകപോലെ എങ്ങും പരന്നു. ഗുരുസമാനനായ വൃക്ഷം മാർക്സിനു വേണ്ടി സാമഗാനം ആലപിച്ചു. നീരാളിച്ചുഴികളിൽ നിന്നു വേദനയുടെ സംത്രാസത്തിന്റെ ബുദ്ബുദങ്ങൾ തേങ്ങും മനസ്സിനൊരാന്ദോളനമായി” എന്നൊക്കെ കുറെ എഴുതിവച്ചാൽ അതിനു വയലാർ അവാർഡുകിട്ടും...

കരച്ചിലുണ്ടാക്കാതെതന്നെ വിറ്റഴിയാൻകഴിയുന്ന നല്ല അപസർപ്പകനോവലുകൾ മലയാളത്തിലുണ്ടാകുന്ന ഒരു നല്ലനാൾ പുലരും, പുലരാതിരിക്കില്ല.

14 Comments:

At Friday, September 23, 2005 2:41:00 AM, Blogger കിരണ് ‌ kiran said...

എന്റമ്മോ... ഇത്‌ കിടു....

 
At Friday, September 23, 2005 6:28:00 AM, Anonymous Anonymous said...

വോ സുബഹ്‌ യഹാം ഭി ഥാ...
kunjan nambiar,sanjayan,vkn,nambuuthiri bhalithangal,poraattu naadakangal..
panjavadipaalam,kilukkam.
indayil aarekkalum chirikkan malayalikku vakayaundayirunnu.

 
At Friday, September 23, 2005 8:55:00 AM, Blogger സു | Su said...

:)

 
At Friday, September 23, 2005 11:54:00 AM, Blogger Adithyan said...

Even though I dont agree to what you say, your writing style is too good. :_D

The way you mimicked teh detective smoking a cigar is really really amazing. :_D

ps:
commenting from a cafe, so no Anjali. Sorry abt that.

 
At Friday, September 23, 2005 3:22:00 PM, Blogger Jo said...

athRakkangu arasikanaaNo malayaaLi? VKN-um mattum ippozhum nannaayi vittu ponundallo? paandi padayum, chaanthupottum thakaRthOdunnumuntu. idakku malayalikkoru Rajani veNam ennu karuthi Mohanlaline vesham ketticha shaji kailaasa naadhanmaareyozhichaal athRakkangu mOsamaano nammude haasyaaswaadhanam? :-)

 
At Saturday, September 24, 2005 12:03:00 AM, Blogger ചില നേരത്ത്.. said...

പാപ്പാനേ..
കുതിച്ചുയരുന്ന ആത്മഹത്യാനിരക്കിന്റെ കടയ്ക്കൽ കത്തിവെക്കാനാണെന്ന് തോന്നുന്നു ചില ചാനലുകൾ ഹാസ്യപരിപാടിക്കൾക്ക്‌ ഇത്ര മേൽ പ്രാധാന്യം നൽകുന്നത്‌. കണ്ണീരിനും ചിരിയ്ക്കുമിടയിൽ അന്തംവിടൽ എന്ന മറ്റൊരു വികാരം കൂടെ മലയാളി സ്വായത്തമാക്കിയിരിക്കുന്നു. സിനിമകൾക്കും സീരിയലുകൾക്കും പിറകിൽ ഒരു പാടു പേരുടെ ജീവിതം ഉണ്ടെന്ന് ശ്രീമാൻ കുട്ടിക്കൽ ജയചന്ദ്രൻ പറയുകയുണ്ടായി. അതിനാൽ ചിരിപ്പിക്കൽ തൊഴിലാളികൾ ജീവിച്ച്‌ പോകട്ടെ.
-ഇബ്രു-

 
At Tuesday, September 27, 2005 4:56:00 PM, Blogger പാപ്പാന്‍‌/mahout said...

കിരൺ: :)

തുളസി: “ഇന്ത്യയിൽ ആരേക്കാളും” എന്നതിത്തിരി കട്ടി. നമ്മടെ കല്യാണങ്ങളും, ബാക്കി നാട്ടുകാരുടെതും ഒന്നു compare ചെയ്യൂ. നമ്മുടേതു ഭയൻകര സീരിയസ് പരിപാടി ആണ്. ബാകിയെല്ലാവരും പാട്ടും ഡാൻസുമായിട്ടു ചെയ്യുന്ന കാര്യവും. നമ്മൾ മോശക്കാരാണെന്നു ഞൻ ഉദ്ദേശിക്കുന്നില്ല. പൊതുവെ അന്തർമുഖർ?

സു: :)

ആദിത്യൻ: :) When you disagree, I feel good because I don't agree myself with much of what I wrote :)

ജോ: കുറച്ച് അതിശയോക്തി എനിക്കും വല്ലപ്പോഴുമാകാമല്ലോ :)

ഇബ്രു: വളിപ്പടിക്കുന്ന എല്ലാവരെയും എനിക്കു ഭയൻകര ഇഷ്ടമാണ് ട്ടോ. പക്ഷെ കൂട്ടിക്കൽ ജയചന്ദ്രൻ ബാക്കിയുള്ളവരുടെ തമാശകൾ അവതരിപ്പിക്കുന്നു എന്നു മാത്രമല്ലേ ഉള്ളൂ?

 
At Wednesday, September 28, 2005 1:06:00 AM, Anonymous Anonymous said...

paappaanE, CV Raman piLLayuTe chila nOvalukaL engane? malayaaLikk~ haasyam aaN~ sthhaayee bhaavam ennaN~ enikku thOnnunnath~.-S-

 
At Friday, October 07, 2005 11:17:00 PM, Blogger പാപ്പാന്‍‌/mahout said...

-എസ്- -> ഹാസ്യത്തെപ്പറ്റി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാം സംസാരിക്കുമ്പോഴും കുഞ്ചനും, CVയുമൊക്കെയാണ് നമ്മുടെ ഉദാഹരണങ്ങൾ. ഇതിൽക്കൂടുതൽ ഞാനെന്തിനു പറയണം.

എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഹാസ്യസാഹിത്യകാരനുണ്ട് -- ഇവിടെ അമേരിക്കയിൽ ന്യൂ യോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളം പത്രം” എന്ന വാരികയിൽ സ്ഥിരമായി എഴുതുന്ന രാജു മൈലപ്ര.അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും എന്നെ പൊട്ടിപ്പൊട്ടിച്ചിരിപ്പിക്കുന്നു.

 
At Saturday, October 08, 2005 2:32:00 AM, Blogger -സു‍-|Sunil said...

pappaanE, "malayalampathram" online edition unTO? Pappaan paRanjath~ correct aaNE. ippO namukk~ haasyatthinum praNayikkaanum onnum samayamilla. "bhaavana" ennonn~ vEnTa thanne. ellaam "aRivukaL" maathram. athum vayatuppizhappinuLLath~! athukazhinjaal pinne kuTikkaanE samayamuLLoo. -S-

 
At Saturday, October 08, 2005 6:55:00 AM, Blogger പാപ്പാന്‍‌/mahout said...

ഓൺലൈൻ എഡിഷൻ ഇല്ല :( ഞാൻ രാജു മൈലപ്രയോട് ഈ മലയാളം ബ്ലോഗുകളെപ്പറ്റി എഴുതിയാലോ?

 
At Saturday, October 08, 2005 8:46:00 AM, Blogger കലേഷ്‌ കുമാര്‍ said...

രാജൂ മൈലപ്രയോട് മലയാളം ബ്ലോഗുകളെ കുറിച്ചും, മലയാളം യുണീകോഡ് കമ്പ്യൂട്ടിങ്ങിനെ കുറിച്ചും വരമൊഴിയെ കുറിച്ചും അഞ്ജലിയെ കുറിച്ചും “മൊഴി”യെ കുറിച്ചും ഒക്കെ സംസാരിക്കൂ. അതെ കുറിച്ച് മലയാളം പത്രത്തിൽ എഴുതാൻ പറയു. മലയാളം പത്രം വായിക്കുന്ന മലയാളികൾ 100% പേരും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാ‍യിരിക്കില്ലേ? അവരൊക്കെ മലയാളം യുണീകോഡ് ഉപയോഗിക്കട്ടെ!

 
At Saturday, October 08, 2005 10:00:00 AM, Anonymous Anonymous said...

http://www.malayalampathram.net/

 
At Friday, October 21, 2005 6:00:00 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

kidilan post chettaayee..
njerippu thanne...
especially last det story :D

 

Post a Comment

<< Home