വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Saturday, October 01, 2005

ഓർമ്മയിലെ ഓണം

മറുനാട്ടിലെ താമസവും, പിന്നീടിപ്പോൾ പ്രായാധിക്യവും കൂടി ജീവിതത്തിൽ നിന്നു കവർന്നെടുത്ത ഒരു വിലപ്പെട്ട സംഗതിയാണ് ഓണം എന്നാണ് ഞാൻ എന്നെത്തന്നെ ഇത്രയും നാൾ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ഇത്തവണ ബ്ലോഗുലകത്തിൽ മുഴുവൻ ഓണം പ്രമാണിച്ചുള്ള ഗോഗ്വാ വിളികൾ കണ്ടപ്പൊഴാണ് മനസ്സിലേക്കു ഒരുകണ്ണാടിപിടിച്ചു നോക്കാമെന്നു കരുതിയത്.

ഓണം എന്നുപറയുമ്പോൾ ഓണപ്പതിപ്പുകൾ വായിക്കുന്ന ഏതൊരാൾക്കും വരുന്ന പോലെ എനിക്കും നൊസ്റ്റാൽജിയ വരാറുണ്ട് (പ്രത്യേകിച്ചും, ONV എഴുതീതുപോലെ “നമുക്കീ നൊസ്റ്റാൽജിയ മരിക്കും വരെയുണ്ടാം” ടൈപ്പ് ആളാണുഞാൻ). ഓണപ്പാട്ടുകൾ, ഓണത്തപ്പൻ, പൂക്കളങ്ങൾ, വാമനൻ, മാവേലി, അത്തച്ചമയം, കള്ളപ്പറയും ചെറുനാഴിയും -- അങ്ങനെ ഒരു ബഹളം.

ഇത്തവണത്തെ ഞങ്ങളുടെ ഓണം സാധാരണയിൽക്കവിഞ്ഞു “കൊള”മായി -- ഓണസ്സദ്യ തലേ ദിവസം വാങ്ങിയിരുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ ബാക്കിയിലൊതുങ്ങി. മക്കൾക്കു നമ്മുടെ സാംസ്കാരികമൂല്യങ്ങൾ പകർന്നുകൊടുക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്നോർത്ത് കുറച്ചെനിക്കു മനോവിഷമം തോന്നി . സത്യത്തിൽ അപ്പോഴാണ് ഞാൻ എന്റെ ഓണങ്ങളെ എന്റെ മക്കളുടെ ഓണങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുന്നത്. താരതമ്യപഠനം കഴിഞപ്പോൾ little monsters കാര്യമായി ഒന്നും തന്നെ miss ചെയ്യുന്നില്ല എന്നെനിക്കപ്പോൾ തോന്നി.

യൂ സീ, NGO ആയിരുന്ന ഒരച്ഛന്റെയും, പ്രൈമറി സ്കൂൾ വാദ്ധ്യാരിണി ആയിരുന്ന ഒരമ്മയുടെയും സീമന്തപുത്രനായാണു ഈയുള്ളവൻ വളർന്നത്. അതുകൊണ്ട് തലേദിവസത്തെ കറികൾ കൂട്ടി VKN പറയുന്നപോലെ “കൊശുവായി” ഊണുകഴിക്കാൻ എനിക്കന്നേ ട്രെയിനിങ് കിട്ടി. കാരണം ഭാരിച്ച പാചകങ്ങളൊക്കെ അമ്മയ്ക്കവധിയുള്ള ശനി ഞായർ ദിവസങ്ങളിലേ ഉണ്ടാവാറുള്ളു. എനിക്കല്ലെൻകിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അന്നുമുതലേ ഇഷ്ടമല്ലായിരുന്നു. ഞാൻ ജനിച്ചുവളർന്ന നഗരമാണെൻകിൽ ഒരു ചെറിയ നഗരം -- അതായത് വലിയ നഗരങ്ങളുടെ സൌകര്യങ്ങളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല; എന്നാൽ “നന്മകളാൽ സമൃദ്ധ”മായ ഒരു നാട്ടിൻപുറമായിരുന്നില്ല താനും. ഇങ്ങനെ ഞങ്ങൾ ജീവിച്ചുവരുമ്പോഴാണ് കൊല്ലത്തിൽ ഒരിക്കൽ ഓണപ്പതിപ്പുകളിറങ്ങിയിരുന്നതും, മനുഷ്യനു പണിയുണ്ടാക്കിയിരുന്നതും.

അന്നത്തെ ഓണക്കാലം എന്നുപറഞ്ഞാൽ അച്ഛനും, അമ്മയ്ക്കും, കൂടാതെ എനിക്കും ഒഴിവു കിട്ടുന്ന സമയം. അമ്മയ്ക്കും എനിക്കും 9 ദിവസം അവധി. അച്ഛന് 4 ദിവസവും. ചുരുക്കിപ്പറഞ്ഞാൽ 5 ദിവസം സുഖമായിട്ട് അവധി ആസ്വദിക്കാം. കാരണം അച്ഛൻ വീട്ടിലുള്ള ദിവസം ആകെ എനിക്കൊരു ടെൻഷൻ ആണ്, അക്കാലത്ത്. ഓണമായാലും, ക്രിസ്മസ് ആയാലും, “പഠിക്കെടാ”, “കളിക്കാൻ പോകണ്ടെടാ” എന്നൊക്കെ ബഹളം. മനുഷ്യനെ സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലല്ലോ എന്നൊക്കെ അന്നു ഞാനോർക്കും. അവിട്ടം ചതയം ദിവസങ്ങൾ ഏതെൻകിലും ബന്ധുവീട്ടിൽ പോയിനിൽക്കാൻ ഞാൻ ശ്രമിക്കും. പിന്നെ ഓണക്കാലത്തിന്റെ ഒരു ഗുണം സർക്കാർ തരുന്ന അലവൻസ്, അഡ്വാൻസ് എന്നീ വകകളാണ്. സാമ്പത്തികനില താൽക്കാലികമായിട്ടാണെൻകിലും നന്നാവുന്നതുകൊണ്ട് ആ ഒരു കാര്യത്തിൽ ഒന്നുരണ്ടാഴ്ച്ച വീട്ടിൽ ഓണം പോലെയാണ്.

പൂപറിക്കൽ, ഇടൽ ഈ കാര്യങ്ങളിലൊന്നും എനിക്കു തീരെ പ്രതിപത്തി ഉണ്ടായിരുന്നില്ല. ഏകദേശം നഗരമായിക്കഴിഞ്ഞിരുന്ന ഒരു പ്രദേശത്താണു ഞങ്ങൾ താമസിച്ചിരുന്നത എന്നു പറഞ്ഞല്ലോ. അതുകൊണ്ട് കാട്ടുപൂവുകൾ തീരെ ഉണ്ടായിരുന്നില്ല. 42 സെന്റു സ്ഥലം ഉണ്ടായിരുന്ന ഞങ്ങൾ ആയിരുന്നു സ്ഥലത്തെ പ്രധാന ഭൂവുടമകൾ എന്നു പറയുമ്പോൾ സംഗതിയുടെ ഗുരുതരാവസ്ഥ പിടി കിട്ടിയല്ലോ. ഈ 42 സെന്റ് സ്ഥലത്ത് വിടരാൻ തയാറായി ധാരാളം തുമ്പകളും, മറ്റു കാട്ടുചെടികളും ഉണ്ടായിരുന്നു എന്നാണെന്റെ ബലമായ വിശ്വാസം. പക്ഷെ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന എന്റെ അപ്പൂപ്പൻ ഒരു ചെറിയ കള പോലുമെങ്ങാനും പറമ്പിൽ കണ്ടാൽ അതിനെ വേരോടെ പിഴുതു കൊലവിളിച്ചിരുന്നതിനാൽ അവയൊന്നും സൂര്യവെളിച്ചം അധികനാൾ കാണാൻ വിധിയില്ലാത്തവയായി അവശേഷിച്ചു. പിന്നെ വേണമെൻകിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കണം. അക്കാര്യത്തിൽ അന്നും, ഇന്നും എനിക്കുയാതൊരിഷ്ടവുമില്ല. വല്ലവന്റെയും കരുണയുടെ ബലത്തിൽ ജീവിക്കുന്ന, പുച്ഛം അർഹിക്കുന്ന സാധനങ്ങളായാണ് ഞാൻ എപ്പോഴും വളർത്തുചെടികളെ കാണാറ്. വെള്ളവും വളവും ആവശ്യമില്ലാത്ത ഒരു ചെടി , ഒരു മന്ദാരം, ഞാൻ ഒരിക്കൽ മുറ്റത്തു നട്ടുപിടിപ്പിച്ചു. അതെനിക്ക് പിന്നീട് ഒരു മഹാ പാരയായി മാറി. ജനകമഹാരാജാവിന് എന്നെ തല്ലണമെന്നു തോന്നുമ്പോൾ നല്ല ഒന്നാന്തരം വടികൾ ആ നന്ദിയില്ലാത്ത മന്ദാരം നൽകിക്കൊണ്ടിരുന്നു. പിന്നീടൊരിക്കലും ഞാൻ മന്ദാരങ്ങളും നട്ടുപിടിപ്പിച്ചിട്ടില്ല.

പൂപറിക്കാൻ പിന്നെ ആകെ ഒരുവഴി ബ്ലോക്കുമലയാണ്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഗ്രാമവികസനബ്ലോക്ക് എന്നോ മറ്റോ പേരുള്ള ഒരു ആപ്പീസ് ഉണ്ടായിരുന്നു. എന്താണവിടെ പരിപാടിയെന്നു അവിടെ ജോലിചെയ്യുന്നവർക്കു പോലും പൊതുവേ പിടിയില്ലയിരുന്നു. ഒരമ്പതേക്കർ സ്ഥലമുണ്ട്. UN കൊടുത്ത കുറെ തുരുമ്പെടുത്ത വണ്ടികളുമുണ്ടായിരുന്നു. ഈ അമ്പതേക്കറിൽ 49.9 ഏക്കറും തെരുവ (ഇഞ്ചിപ്പുൽ)ക്കാടുകളാണ്. ബാക്കിയുള്ള 0.1 ഏക്കർ സ്ഥലത്തുനിന്നു കിട്ടുന്ന തുമ്പ, കദളിപ്പൂവുകളായിരുന്നു ഞങ്ങളുടെയൊക്കെ പൂക്കളങ്ങളുടെ ആധാരം. പൂപറിക്കാൻ പോകുമ്പൊഴും സൂക്ഷിക്കണമായിരുന്നു. തെരുവക്കാട്ടിലേക്കു വെറുതെ ഒരു ലക്‌ഷ്യവുമില്ലാതെ കല്ലുവലിച്ചെറിഞ്ഞാൽ എറ്യുന്നവനെ തെറിയഭിഷേകം നടത്തിക്കൊണ്ടു മിക്കവാറും ആരെൻകിലും എഴുന്നേറ്റുവരും. മൊത്തത്തിൽ തെരുവ നിറഞ്ഞ ഒരേദൻ തോട്ടം.

പിന്നെയും ഒരുവഴികൂടി ഉണ്ടായിരുന്നു പൂവിന്. അവിടെ അടുത്തുതാമസിച്ചിരുന്ന “പോത്തു”കുട്ടൻ ചേട്ടൻ എന്ന ആളിനു് സാമാന്യം കുഴപ്പമില്ലാത്ത ഒരു പൂന്തോട്ടമുണ്ടായിരുന്നു. കക്ഷി ആണെൻകിൽ പൂവിടുന്ന ആളുമല്ല. പക്ഷേ കൊന്നാലും അയല്പക്കത്തെ കുട്ടികൾക്കൊന്നും ഒരു വാടിയ പൂ പോലും കൊടുക്കാത്തവനായിരുന്നു മഹിഷനാമാവ്. അസുരന്റെ തോട്ടത്തിൽ നിന്നു പൂ പറിച്ച കുട്ടികളുടെ കൂടെ കൂടിയതിനാൽ എനിക്കൊരിക്കൽ പിതാവിൽനിന്നു മന്ദാരതാഡനം ലഭിച്ചു. അതോടെ ആ കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പൂവിടൽ മതിയാക്കി -- ഞാൻ ആറാം ക്ലാസ്സിൽ ആയിക്കാണണം അപ്പോൾ. തരിമ്പുപോലും ദുഃഖം തോന്നിയിട്ടില്ല. പൂ കിട്ടാത്തിടത്ത് എന്തു പൂക്കളം?

അതുപോലെ ഓണപ്പതിപ്പോണങ്ങളിൽ നിന്നു മാത്രം ഞാൻ അറിഞ്ഞിരുന്ന മറ്റൊരു കാര്യമാണ് ഓണപ്പാട്ടുകൾ. എന്റെ ജീവിതത്തിൽ ഇന്നേവരെ ഞാൻ “പൂവേ പൊലി” എന്നോ, “മാവേലി നാടു വാണീടും കാലം” എന്നോ പാടിക്കൊണ്ടു പൂ പറിക്കാൻ പോകുന്ന ഒരു കുട്ടിയെയും കണ്ടിട്ടില, അങ്ങനെയുള്ളവരെപ്പറ്റി വായിചിട്ടേയുള്ളു. ഞങ്ങളൊക്കെ പൂ പറിക്കാൻ ബ്ലോക്കുമല കയറുമ്പോൾ പാടാറ് ആകാശവാണിയിലെ പരസ്യഗാനങ്ങളായിരുന്നു -- “ഓണക്കാലം, ഓണക്കാലം, പൂവിളിയുടെ കാലം, ടാൻടെക്സിൻ കാലം” മുതലായവ.

ഓണസദ്യയും ഇപ്പറഞ്ഞതുപോലെ. ഉണക്ക അയല കറിവച്ചത്, പൊരിച്ച മത്തി ഇതൊക്കെയായിരുന്നു എന്റെ പ്രിയങ്ങൾ. ഇവ രണ്ടും ഉൾപ്പെടുത്താൻ പറ്റാത്ത ഓണസദ്യ അതുകൊണ്ടു ഒരു കണക്കുപരീക്ഷ പോലെയായിരുന്നു. സാമ്പാർ, ഇഞ്ചിക്കറി ഈ രണ്ടു സാധനങ്ങളല്ലാതെ വേറൊന്നും ഞാൻ ആ ഇലയിൽനിന്നു കഴി്ക്കാറുണ്ടായിരുന്നില്ല. അവിയൽ എനിക്കേറ്റവും ഇഷ്ടമില്ലാത്ത കറിയാണിന്നും. പിന്നെന്തരോണസ്സദ്യ? Waste of time.

അങ്ങനെ ചിന്തിച്ചുചിന്തിച്ചെനിക്കു ബോധ്യം വന്നു ഇപ്പറയുന്നപോലെ വലിയ ആനക്കാര്യമായിരുന്നില്ല എനിക്കൊരിക്കലും ഓണം എന്ന്. പിന്നെ ഓണത്തിന്റെ അന്നു തലേദിവസത്തെ pizza മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിൽ തോന്നിയ വിഷമം മാറി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്നു സന്തോഷം തോന്നി. ഇവിടങ്ങളിലെ മലയാളി അസ്സോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഏതെൻകിലും ഓണസ്സദ്യയിൽ പൻകെടുത്ത് മൂക്കുമുട്ടെ സാമ്പാർ കുടിക്കാമല്ലോ എന്നു ഞാനാശ്വസിച്ചു.

19 Comments:

At Wednesday, October 05, 2005 2:12:00 AM, Anonymous Anonymous said...

നഗ്ന സത്യങ്ങളാണ് കപട ഭാവനയേക്കാൾ ആസ്വാദ്യകരം.

 
At Wednesday, October 05, 2005 2:48:00 AM, Blogger രാജ് said...

പലര്‍ക്കും ഉത്സവങ്ങള്‍ ഇങ്ങിനെയെല്ലാമാണു്... ആഘോഷിക്കുന്നവ, ആഘോഷിക്കുവാന്‍ കഴിയാതെ പോയവ, ഒരിക്കലും തിരിച്ചറിയാതെ കടന്നുപോകുന്നവ... ഉത്സവങ്ങളുടെ അസ്തിത്വം തന്നെ ഈ വിശേഷണങ്ങളല്ലേ?

‘ഓ, ഞാനത് മറന്നേപോയ്’ ‘ആഘോഷിച്ചില്ല’ എന്നിവയെല്ലാം ഉത്സവസങ്കല്‍പ്പങ്ങളെ സാധൂകരിക്കുന്ന വിവരണങ്ങള്‍ ആണു്. ഒരു ആനക്കാര്യമല്ലെങ്കിലും എന്തെങ്കിലും കാര്യമില്ലാതെ പാപ്പാന്‍ ഇത്രയും നല്ലൊരു ഓണസ്മരണ എഴുതിയിടുകയുണ്ടാവില്ലല്ലോ!

 
At Wednesday, October 05, 2005 3:53:00 AM, Blogger Jo said...

എന്നട്ട്‌ മൂക്കു മുട്ടെ സാമ്പാർ കുടിച്ചോ?

രാവും പകലും മലയാള പുകഴ്ചയും സംസ്കാര പ്രഭാഷണങ്ങളും കൊണ്ടു നടക്കുന്ന ഒരുപാട്‌ മലയാള വാദികൾ (ബ്ലോഗുലകത്തിനു പുറത്തും അകത്തും ഉള്ളവർ) ഓണത്തിന്‌ പിറ്റ്‌സ കഴിച്ച കഥ കേൾക്കുമ്പോൾ ഒരു ഫത്‌വക്ക്‌ ഓർഡർ ചെയ്യാൻ വഴിയുണ്ട്‌.

 
At Wednesday, October 05, 2005 7:09:00 AM, Blogger Kalesh Kumar said...

നന്നായിട്ടുണ്ട് വിവരണങ്ങൾ!
സത്യങ്ങൾ പലപ്പോഴും പൊള്ളും!
ഓണം പകുതി ഫാന്റസിയുടെ ലോകത്തല്ലേ?

 
At Wednesday, October 05, 2005 11:30:00 PM, Blogger സു | Su said...

ഓണം ആഘോഷിക്കാത്ത മലയാളി പമ്പരവിഡ്ഡിയാണെന്നേ ഞാൻ പറയൂ.
ഓണപ്പൂക്കൾ പറിയ്ക്കാൻ പോവാൻ പറ്റിയില്ലെങ്കിലും പൂക്കളം ഇടാൻ പറ്റിയില്ലെങ്കിലും വീട്ടുകാരോടൊത്ത് സമയം പങ്കിടാൻ കഴിയില്ലെങ്കിലും മനസ്സിലെങ്കിലും ഓണം എന്ന സങ്കല്പത്തിന്റെ സന്തോഷം കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ മലയാളി എന്നു പേരു പറയരുത്.
വേണമെങ്കിൽ രാജ്യത്തിന്റെ, ലോകത്തിന്റെ ഓരോ ഭാഗത്തും ആൾക്കാർ അവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നത് നോക്കൂ.
അപ്പോൾ മനസ്സിലാകും ഓണം ആഘോഷിക്കാതെ നമ്മൾ അഹംഭാവവും നടിച്ച് ഇരിക്കുന്നതിലെ വിഡ്ഡിത്തം. പലരും മറ്റുള്ളവരെ നോക്കിയിട്ടാണ് അങ്ങനെയല്ലേ ഇങ്ങനെയല്ലേ എന്നു പറയുന്നത്.
നമ്മുടെ വീട്ടിൽ നമ്മൾ ആഘോഷിച്ചാൽ പോരേ. പിസ തിന്നാലും പത്തിരി തിന്നാലും ഓണം ഓണം തന്നെയാ. വർഷം മുഴുവൻ പിസ തിന്നുന്ന ഞങ്ങൾ ഓണം സദ്യയുണ്ടാക്കി ആഘോഷിച്ചു എന്നു പറയുന്നതിൽ ആണ് മിടുക്ക്. അല്ലാതെ ലോകം തിരിച്ചറിയാൻ പ്രായം ആയില്ലാത്ത കുട്ടികൾ ഒന്നും മിസ്സ് ചെയ്തില്ലാന്നു പറയുന്നതിൽ അല്ല. മുതിർന്ന് ഓണം ആഘോഷിക്കുന്നവരാണെങ്കിൽ അവർ തീർച്ചയായും നിങ്ങളോട് ചോദ്യം ചോദിക്കും.

ഓണം മലയാളിയുടെ മനസ്സിലെ നന്മയുടെ ഒരു അംശം ആണ്. അതു കാക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെന്തു മലയാളി!!

വേറെ ഏതെങ്കിലും നാട്ടിൽ ആ നാട്ടുകാരൻ അവിടുത്തെ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നത് വിഡ്ഡിത്തം ആണെന്നെങ്ങാൺ പറഞ്ഞാൽ അവന്റെ കാര്യം പോക്കായിരിക്കും.

ഓണം ആഘോഷിക്കുന്നത് എന്തിനാ, എന്ത് ഓണം എന്നൊക്കെ ചോദിക്കുന്ന പമ്പരവിഡ്ഡികളെ ഒന്നും ചെയ്യാതെ മന്ദബുദ്ധികളെപ്പോലെ ഇരിക്കുന്ന ഓരോ മലയാളിക്കും വേണ്ടി ഞാൻ എന്റെ സഹതാപം രേഖപ്പെടുത്തുന്നു.

 
At Thursday, October 06, 2005 1:20:00 AM, Blogger Jo said...

സു ചേച്ചി,
ഒരു ഓണാഘോഷത്തിലാണോ മലയാളിയുടെ മനസ്സിലെ നന്മ കിടക്കുന്നത്‌? അതുമല്ലെങ്കിൽ നന്മയുടെ അംശം കാത്തു സൂക്ഷിക്കുന്ന എത്ര ഓണം ആഘോഷിച്ചിട്ടുണ്ട്‌ നമ്മളൊക്കെ? നാം, നമ്മുടേതായതിനെ മാത്രം ഊട്ടി ഉറപ്പിക്കുന്നതല്ലെ ഓണമെന്നു മാത്രമല്ലാ, ഒട്ടു മിക്ക ആഘോഷങ്ങളും?

നേരത്തെ ഫത്‌വയുടെ കാര്യം പറഞ്ഞപ്പോൾ അതിത്ര പെട്ടെന്നാവുമെന്നു കരുതിയില്ല. സൂക്ഷിച്ചോ പാപ്പാനേ... :-)

കലേഷ്‌ പറഞ്ഞതു സത്യം. ഓണം പകുതി ഭ്രമാത്മകതയുടെ ലോകത്താണ്‌. സത്യങ്ങൾ പൊള്ളുക മാത്രമല്ലാ, നാറ്റമുണ്ടാക്കി അലോസരപ്പെടുത്തുകയും ചെയ്യും. :-)

വരട്ട്‌ സാംസ്കാരിക വാദങ്ങളിൽ മുഴുകി ഇരിക്കുന്ന ഓരോ മലയാളിക്കും വേണ്ടി ഞാനെന്റെ ഖേദം രേഖപ്പെടുത്തുന്നു.

 
At Thursday, October 06, 2005 1:37:00 AM, Blogger രാജ് said...

മലയാളികള്‍ ജന്മനാ വിപ്ലവകാരികളാണു്. നിവര്‍ന്നു നില്‍ക്കുന്ന എന്തിനോടും അവര്‍ക്ക് അഹന്ത കലര്‍ന്ന പുച്ഛമുണ്ട്. പത്മരാജന്റെ ഏറ്റവും നല്ല സിനിമയേതെന്ന് ചോദിച്ചാല്‍ അവര്‍ ഉത്തരം പറയും: “ദേശാടനക്കിളി കരയാറില്ല” (സംഭവം ലെസ്‌ബിയന്‍) മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രം ഏതെന്നാണു് ചോദ്യമെങ്കില്‍ തീര്‍ച്ചയായും ദുര്യോധനനും ജയദ്രദനുമെല്ലാം ഉത്തരത്തില്‍ കടന്നുകൂടും (കര്‍ണ്ണനൊരു ക്ലീഷെ ആയിമാറിയല്ലോ പണ്ടേ)

ഒരു ശരാരി അമേരിക്കന്‍ പ്രവാസിയും റെഡ് ഇന്ത്യന്‍സിനെ തല്ലിയോടിച്ചതിന്റെ ഓര്‍മ്മപുതുക്കുന്ന “താങ്ക്സ് ഗിവിങ് ഡേ” യെ കുറിച്ച് കമാന്നൊരു അക്ഷരം പറയുകയില്ല!

മലയാളിയല്ലേ... വിപ്ലവമല്ലേ... ഓണത്തിനോടല്ലേ... സ്വന്തം വീട്ടിലെ വാഴയല്ലേ വെട്ടുവാന്‍ കഴിയൂ!

പാപ്പാനാണെങ്കില്‍ പണ്ടേ ഡിക്റ്ററ്റീവ് കഥകളുടെ പക്ഷക്കാരന്‍; ഓണസ്മരണകളില്‍ അതിശയമൊട്ടും കാണുന്നില്ല :=)

ജോയുടെ ചോദ്യങ്ങള്‍ പ്രസക്തം. പ്രസക്തമായ ചോദ്യങ്ങള്‍ മാത്രം - കാലാകാലങ്ങളില്‍ അവയുടെ ഉത്തരങ്ങള്‍ അപ്രസക്തമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു - വിപ്ലവങ്ങള്‍ അവസാനിക്കാത്തതു് പോലെ - ഒന്നു വേറൊന്നിനു വളമാകുന്ന പ്രകൃതിനിയമം.

 
At Thursday, October 06, 2005 2:08:00 AM, Blogger സു | Su said...

ജോ,
ഓണം ആഘോഷിക്കുന്നതിൽ മാത്രം അല്ല നമ്മുടെ നന്മ. പക്ഷേ നല്ലത് എന്തായാലും അത് സന്തോഷത്തോടെ സ്വീകരിക്കുന്നതിൽ ആണ് നന്മ. സ്കൂളിൽ പത്ത് ദിവസം ഓണം എന്നും പറഞ്ഞ് അവധി കൊടുക്കുന്നത് നിർത്തലാക്കട്ടെ എന്നാൽ. നാം നമ്മുടേതിനെ മാത്രം ഊട്ടി ഉറപ്പിക്കേണ്ട. എല്ലാ നല്ലതും ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിനുമുൻപ് നമ്മുടേതിനെ സ്വീകരിക്കാൻ ശ്രമിക്കണം. ആഘോഷം എന്നുവെച്ചാൽ സന്തോഷം എന്നതാണ് ശരിക്കും അർഥം. എന്ത് ഓണം ? എന്ന് ചോദിക്കുന്നതിലും കേൾക്കുന്നവർക്കും പറയുന്നവർക്കും സന്തോഷം ഞങ്ങൾ ഓണം ഇങ്ങനെ ആഘോഷിച്ചു, അങ്ങനെ ആഘോഷിച്ചു എന്നു പറയുന്നതിലാണ്. എനിക്ക് സന്തോഷം അതാണ്. മലയാളികൾ ഓണം ആണ് ആഘോഷിക്കേണ്ടത്. അല്ലാതെ ജനുവരി ഒന്ന് പിറക്കുന്ന പാതിരായ്ക്ക് കള്ളും കുടിച്ച് പുതുവത്സരാശംസകളും പാടി നടക്കുകയല്ല. നമ്മുടേതിനെ ആദ്യം സ്വീകരിച്ചിട്ടാവാം മറ്റുള്ളവർ അടിച്ചേൽ‌പ്പിക്കുന്നവ ആഘോഷിക്കൽ. അഭിമാനമുള്ള ഓരോ മലയാളിയും സന്തോഷത്തോടെ ഉത്സാഹത്തോടെ ഓണം ആഘോഷിക്കും.
ഒരു ചൊല്ലുണ്ട്. ‘ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തീല താനും ‘ എന്ന്. അത്തരക്കാരെക്കുറിച്ച് എന്തു പറയാൻ!

 
At Thursday, October 06, 2005 7:25:00 AM, Blogger Adithyan said...

സു പറയുന്നതിൽ കുറച്ചു (കുറച്ചേറെ) സത്യം ഇല്ലെ? ഓണം നമ്മുടെ ഒക്കെ മനസിലേ വലിയൊരു ആഘോഷം അല്ലെ? (ആകണ്ടേ?) ബാഹ്യമായ ആഘോഷങ്ങളിലോ സദ്യ കഴിക്കുന്നതിലോ അല്ല കാര്യം.

നമുക്കു നാം തന്നെ അന്യനാകുന്നത്‌ ഒഴിവാക്കാൻ...

ഇനി ഒരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ഒരു നല്ല കാലം നമ്മുടെ ഓർമ്മകളിലെങ്കിലും ഉണ്ടെന്നു നമുക്കു തന്നെ ബോധ്യം വരാൻ...

ഒരേ സംസ്കാരത്തിന്റെയും പാരാമ്പര്യത്തിന്റെതുമായ ഒരു കൂട്ടായ്മയും സാഹോദര്യവും ആസ്വദിച്ചറിയാൻ...

 
At Thursday, October 06, 2005 2:58:00 PM, Blogger Jo said...

പെരിങ്ങോടൻ ചേട്ടാ, :-)>

അഹന്ത കലർന്ന പുച്ചമല്ല, ക്ലീഷേകൾ കേട്ടു മനസ്സു മടുത്ത ഒരു മലയാളി പയ്യന്റെ വിലാപങ്ങളാണ്‌ ('നെലോളി' എന്നു തൃശ്ശൂരിയൻ പരിഭാഷ).

"ലെസ്ബിയൻ" എന്നു കേൾക്കുമ്പോൾ ഞെട്ടണ്ടാ. സ്വവർഗ രതി എന്നും ഇവിടെ ഉണ്ടായിരുന്നു. തുറന്നു പറയാൻ ധൈര്യം കാണിച്ചവർ വളരെ ചുരുക്കമായിരുന്നു എന്നു മാത്രം. പത്മരാജനെ പൊലെയോ അല്ലെങ്കിൽ ദാ, ഈയിടെ ഇറങ്ങിയ "സഞ്ചാരം" എന്ന സിനിമയുടെ സംവിധായിക ലിജിയെ പോലെയോ ചിലർ. ആ ധൈര്യത്തിനെ അഭിനന്ദിക്കുക തന്നെ വേണം. സ്വവർഗ രതി എന്നു കേൾക്കുമ്പൊ നെറ്റി ചുളിചിട്ടു കാര്യമില്ല. അസുഖം ഉണ്ടെന്നു അംഗീകരിച്ചാലല്ലേ അതു ചികിൽസിചു ഭേദമാക്കാൻ പറ്റൂ?

കർണൻ ക്ലീഷെയായത്‌ നമ്മുടെ ഉള്ളിലൊക്കെ ഒരു കർണ്ണൻ ഉള്ളതു കൊണ്ടാണെന്നു തോന്നുന്നു. അല്ലേ?

സു ചേച്ചി,

ഓണത്തിൽ നന്മയുടെ അംശം മാവേലി കഥയിൽ മാത്രേ ഉള്ളൂ. ഓണം ആഘോഷിക്കേണ്ടെന്നൊന്നും ഞാൻ പറഞ്ഞതിന്‌ അർത്ഥമില്ല. ആഘോഷിക്കണം. പക്ഷേ ഒരു വർഷത്തെ ഓണാഘോഷം ഇല്ലാത്തതു കൊണ്ട്‌ തകർന്നു വീഴുന്ന ഒന്നാണ്‌ മലയാണമയും അതിന്റെ മേന്മകളും എങ്കിൽ അതങ്ങു തട്ടി തകർന്നു വീഴട്ടെന്നാണു ഞാൻ പറയുന്നത്‌. (തുമ്മിയാൽ തെറിക്കുന്ന മൂക്കിനെ പറ്റി കാരണവന്മാർ പറഞ്ഞിട്ടുണ്ടല്ലോ).

പിന്നെ മലയാളികൾ ഇതാണ്‌ ആഘോഷിക്കേണ്ടത്‌, ഇതല്ല ആഘോഷിക്കേണ്ടത്‌ എന്നൊക്കെ പറയുന്നതിനെ ആംഗലേയത്തിൽ 'moral policing' എന്നാണു പറയുന്നത്‌ എന്നു തോന്നുന്നു. അതരക്കാർക്ക്‌ 80കളിൽ നല്ല മാർക്കറ്റ്‌ ആയിരുന്നു, ചർച്ചാ വേദികളിൽ. പുതിയ തലമുറ പക്ഷേ ഇക്കൂട്ടരെ തീരെ വക വക്കുന്നില്ല. പെരിങ്ങോടർ പറഞ്ഞത്‌ പോലെ ചോദ്യങ്ങൾ പണ്ടത്തേക്കാളേറെ ഇപ്പോൾ ഉയരുന്നുണ്ട്‌.

 
At Friday, October 07, 2005 12:47:00 AM, Blogger പാപ്പാന്‍‌/mahout said...

അജ്ഞാതന് -> ഇതു പുകഴ്ത്തലോ, ചവിട്ടിത്താഴ്ത്തലോ എന്നു മനസ്സിലാകുന്നില്ല; രണ്ടായാലും നന്ദി :)

പെരിങ്ങോടർക്ക് -> മലയാളിക്ക് “സ്ഥലത്തെ പ്രധാന എതിരൻ“ സ്വഭാവം കൂടപ്പിറപ്പാണെന്നു സമ്മതിക്കുന്നു. എന്നാലും, ഇടയനെ ചോദ്യം ചെയ്യാത്ത ആട്ടിൻപറ്റത്തിന്റെ സ്വഭാവത്തേക്കാളും എതിരൻ സ്വഭാവമല്ലേ നല്ലത്?

ജോയ്ക്ക് -> രണ്ടോണം പരിപാടികൾക്കു പോയി, ഒന്നിൽ മാത്രം സാമ്പാർ കിട്ടി, മറ്റെതിൽ സദ്യ തീർന്നപ്പോഴാണെത്തിയത്.

സു-വിന് -> “നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ”

ആദിത്യന് -> ഓരോ ഉത്സവത്തിനും അതിന്റേതായ ഒരു ചുറ്റുപാടുണ്ട് (“ഉത്സവപ്രതീതി”). സമൂഹം ഒന്നായി ആഘോഷിക്കുമ്പോഴാണതുണ്ടാകുന്നത്. (കേരളത്തിൽ ഓണവും, ഡെൽഹിയിൽ ദിവാളിയും, കൊൽക്കൊത്തയിൽ ദുർഗ്ഗാപൂജയും, അമേരിക്കയിൽ ക്രിസ്തുമസും.) പ്രവാസികൾക്ക് പറിച്ചുനടപ്പെടുന്ന സ്ഥലങ്ങളിൽ കിട്ടാതെ പോകുന്നതും അതുതന്നെ. ഓണം എന്നത് ഓണക്കാലത്തെ കേരളിയാന്തരീക്ഷം കൂടിയടങ്ങിയ കാര്യമാണ്. അതില്ലാതെ, ഒരുതരം കോപ്രായം ഓണം ആഘോഷിച്ചിട്ട് എനിക്കൊന്നും കിട്ടാൻ പോകുന്നില്ലെൻകിൽ, അതാഘോഷിക്കാതിരിക്കുന്നതല്ലേ ഭംഗി? ഇതെന്റെ പക്ഷം.

 
At Friday, October 07, 2005 1:26:00 AM, Blogger Unknown said...

Shall I link this one to this one?

 
At Friday, October 07, 2005 3:23:00 AM, Blogger Jo said...

ഒരു തിരുത്ത്‌:

'moral policing' എന്നത്‌ 'cultural policing' എന്ന്‌ തിരുത്തി വായിക്കാൻ അപേക്ഷ.

 
At Friday, October 07, 2005 3:36:00 AM, Blogger Achinthya said...

KuTTikalE,kooTTaaLarE,
enikku daahichiTTu vayya. Kodungaattavasaanippichu aa chaayakkOppa thannirunnenkil...oralpam chaaya kudikkaayirunnu

 
At Friday, October 07, 2005 6:46:00 AM, Blogger പാപ്പാന്‍‌/mahout said...

കിരണിന് -> Sure.

അചിന്ത്യയ്ക്ക് -> ചായക്കോപ്പകളും, അവയിലെ കൊടുങ്കാറ്റുകളുമില്ലെൻകിൽ പിന്നെന്തരു ബ്‍ള്വാഗുലകം?

 
At Friday, October 07, 2005 8:03:00 AM, Blogger രാജ് said...

വഴിവിട്ട ചർച്ച:

പ്രിയ ജോ, ദേശാടനക്കിളിയെ കുറിച്ചെഴുതിയത് ലെസ്‍ബിയൻ എന്ന വാക്കുകേട്ട് ഞെട്ടിയിട്ടല്ല. ലെസ്‍ബിയൻ ആയതുകൊണ്ട് മാത്രം അത് മികച്ച സിനിമയാണെന്ന് പറയുന്നവരെ കുറിച്ചോർത്തിത്താണു്‌ (ജാട കലർന്ന എതിരൻ - പാപ്പാൻ മുഷിയില്ലെന്നു കരുതട്ടെ)

കർണ്ണൻ ക്ലീഷെ ആയത് നമ്മുടെയുള്ളിൽ കർണ്ണനുള്ളത് കൊണ്ടായിരുന്നില്ല - അടിച്ചമർത്തപ്പെട്ടവനായി ജനിച്ചവരുടെ ബ്രാൻഡ് അംബാസിഡർ ആയി കർണ്ണനെ ചിലർ പ്രൊജക്റ്റ് ചെയ്തതുകൊണ്ടാണു്. ഒരു നീണ്ട സംസാരത്തിനുതകുന്ന വിഷയമാണു് ഈ കാര്യം. പാതിവഴിയിൽ നിർത്തുന്നതിൽ അപാകതയുണ്ട്, മുഴുമിപ്പിക്കുന്നതിലും അപാകതയുണ്ട് (വഴിവിട്ട സം‍വാദം) - ഒരു റിസ്ക് ഞാനെടുക്കുന്നു.

 
At Friday, October 07, 2005 9:50:00 AM, Blogger പാപ്പാന്‍‌/mahout said...

(പെരിങ്ങോടരേ, ഈ ബ്ലോഗിൽ വഴിവിട്ട ചർച്ച എന്നൊന്നില്ല -- എന്തും എഴുതാം, എപ്പോൾ വേണമെൻകിലും)

 
At Friday, October 07, 2005 11:33:00 AM, Blogger Jo said...

പെരിങ്ങോടരേ, :-) (ഈ പേരിന്റെ 'ഗുട്ടൻസ്‌' എനിക്കിപ്പഴും പിടി കിട്ടിയിട്ടില്ല്യാട്ടോ)

താങ്കൾ പറഞ്ഞതു പോലെ ലെസ്ബിയൻ ആയത്‌ കൊണ്ട്‌ മാത്രം മികച്ചതാണെന്ന്‌ പറയുന്നതിൽ അർതഥമില്ല. പക്ഷേ പത്മരാജനേയും ലിജിയേയും ഒക്കെ സമ്മതിക്കണം കേട്ടോ. വേണമെങ്കിൽ കുറഞ്ഞ ബജറ്റിൽ ഒരു രാപ്പടമായി ചെയ്യാമായിരുന്ന ഒരു വിഷയം ഗൌരവം ഒട്ടും ചോരാതെ സമീപിച്ചതിന്‌. ലിജി കുറച്ചു കൂടെ ഭാഗ്യവതിയാണ്‌. പത്മരാജനേറ്റ അത്രയും അമ്പുകൾ കൊണ്ടിട്ടുണ്ടാവില്ല അവർക്ക്‌.

കർണ്ണൻ എനിക്ക്‌ വളരെ ഇഷ്പ്പെട്ട ഒരു കഥാപാത്രമാണിപ്പഴും, പുരാണങ്ങളെ പരാമർശിക്കുമ്പോൾ. അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ടവന്‌ brand ambassador ആവാൻ യോഗ്യതയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ വേറെയുമുണ്ട്‌. കൽപിതവും യഥാർഥവും.

പാപ്പാൻ വഴിയിൽ ആനയെ അഴിച്ച്‌ വിടില്ല്യാന്ന്‌ ഉറപ്പു തന്നിട്ടുണ്ട്‌. പാപ്പാന്‌ നന്ദി. :-)

 
At Friday, October 28, 2005 1:34:00 PM, Blogger രാജ് said...

Jo,

ഈ ലിങ്കിൽ പെരിങ്ങോടനെന്ന പേരിന്റെ ഗുട്ടൻസുണ്ട്: http://www.blogger.com/profile/4021932

ലെസ്‍ബിയൻ ആയതുകൊണ്ട് മാത്രം ചിലരാൽ വാഴ്ത്തപ്പെടുന്ന സിനിമ, അല്ലെങ്കിൽ കർണ്ണന്റെ കഥയായതുകൊണ്ടു് മാത്രം വാഴ്ത്തപ്പെടുന്ന ചില നോവലുകൾ, ചുരുക്കം പറഞ്ഞാൽ മുഖ്യധാരയിൽ നിന്ന് അകന്നു നിൽക്കുന്ന എന്നൊരൊറ്റ കാരണം കൊണ്ട് ഉദാത്തമെന്നും ഉത്‍കൃഷ്ടമെന്നും നിരൂപിക്കപ്പെടുന്ന സാഹിത്യസൃഷ്ടികൾ അതുപോലെ തന്നെ മുഖ്യധാരയിലുള്ള ആശയങ്ങളേയും സാഹിത്യത്തേയും തൃണവൽക്കരിച്ച് വേറിട്ട് നിൽക്കുന്ന മറ്റുചിലതിനോട് ചിലർ പുലർത്തുന്ന ചിന്തയിലെ കാപട്യത്തെ കുറിച്ചാണു് ഞാൻ പറഞ്ഞുവന്നത്.

ജോയ്ക്കും പാപ്പാനുമെല്ലാം എതിരഭിപ്രായമുണ്ടാവും എന്നറിയാം, എഴുതുക. ജോയുടെ അവസാന കമന്റ് എങ്ങിനെയോ ഞാൻ വായിക്കാൻ വിട്ടുപോയി അതുകൊണ്ടാണു് മറുപടി ഇത്ര വൈകിയത്.

 

Post a Comment

<< Home