വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Friday, October 07, 2005

പ്രശ്നോത്തരി

എന്തെല്ലാം തടസ്സങ്ങൾ

ഉത്സവമില്ലെന്നാലും, കള്ളേറെ മോന്തിപ്പിള്ളേർ
ഒച്ചവെയ്ക്കുമീ ഗ്രാമമുറങ്ങാറില്ലാ രാവിൽ.
വീഥികൾ കടകളു, മുറങ്ങീടിലും, സദാ
ക്രോധത്താൽക്കടുത്തോതുമമ്മ കണ്ണടയ്ക്കില്ലാ.
ജയിൽ പോൽ പൂട്ടിക്കാക്കുമമ്മ കണ്ണടച്ചാലോ,
വരുമേ കൺ പൂട്ടാത്തോർ, ഗ്രാമത്തിൻ കാവൽബ്ഭടർ.
വേലേന്തും കാവൽക്കാരുറങ്ങിയാൽ, വലഞ്ചുഴി-
വാലാർന്നു ദംഷ്ട്രംകൂർത്ത നായ് കുരച്ചെത്തും മുന്നിൽ.
കുരനായ് കുരയ്ക്കാതെ വീണുറങ്ങിയാ, ലപ്പോൾ
പകൽ പോൽ നിലാവുതിർത്താകാശമധ്യത്തിങ്കൽ
വിസ്തൃതം കാണാം ചന്ദ്രമണ്ഡലം; ചന്ദ്രൻ താഴെ-
യസ്താദ്രി പൂകിക്കൂരിരുട്ടെങ്ങും കനക്കുകിൽ,
യക്ഷികൾ നടക്കുമായാമത്തി, ലെലികളെ-
ബ്ഭക്ഷിയ്ക്കാൻ വലിയ വായ് പിളർന്നെത്തീടും കൂമൻ
ഉൾത്തടം നടുങ്ങുമാറലറും; കൂമൻ പൊന്ത-
ക്കാട്ടിൽപ്പോയ്ക്കരയാതെ കൺചിമ്മിയുറങ്ങിയാൽ,
അഴകായ്ക്കൂകും വീട്ടിൽ വളരും പൂവൻകോഴി;
ഒരു നാളീവിഘ്നങ്ങളൊക്കെയുമൊഴിഞ്ഞെങ്കിൽ,
അടക്കമില്ലാനെഞ്ചിൽ വാഴുമദ്ദേഹം കുറി-
ച്ചിടത്തു വരികയി; ല്ലാകയാൽ പ്രിയസഖി,
അകമേ തരിയിട്ടുകിലങ്ങും ചിലമ്പാർന്നു
നെടുകേ പായുന്നതിൽപ്പേർകേട്ടോരശ്വങ്ങളും
ചുഴലും മതിൽക്കെട്ടു വിയലും തിത്തൻ നൃപ-
നമരുമുറന്തയാം രാജധാനിതൻ ചുറ്റും
പാറകളുയർന്ന കാവൽപ്പുറങ്കാട്ടിൽപ്പോലെ
ഏറെയുണ്ടല്ലോ വിഘ്നമെൻ ഗൂഢപ്രണയത്തിൽ.


ചോദ്യം: ഇതിന്റെ കവി ആരെന്നുൾപ്പെടെയുള്ള വിവരങ്ങൾ അറിയാവുന്നവർ എഴുതൂ. (ഒരു “കുളു” -- ഇതൊരു തർജ്ജമയാണ്.)

ശരിയുത്തരം എഴുതിയറിയിയ്ക്കുന്നവർക്ക് മായാ സോർട്ടെക്സിന്റെ വക ഒരു ചാക്ക് ഉമി, ആൻ‍ഡമാൻ ജൂവലേഴ്സിന്റെ വക 0.0001 ഗ്രാം സ്വർണ്ണം, ഹിമാലയാ ചിട്ടിഫണ്ട് വക ഒരു ഗിഫ്റ്റ് വൌച്ചർ മുതലായവ കിട്ടാൻ സാധ്യതയുണ്ട്.

ഉത്തരം:
സംഘസാഹിത്യത്തിലെ പ്രശസ്തമായ് അകം കവിതകളിലൊന്നാണിത്. മൂലകവി പരണർ. വിവർത്തകൻ എൻ വി കൃഷ്ണവാരിയർ.

5 Comments:

At Friday, October 07, 2005 11:17:00 AM, Blogger പെരിങ്ങോടന്‍ said...

“അഞ്ചാറു് ആങ്ങളമാർ വീടിന്റെ കോലായിൽ കിടപ്പുണ്ടേ” എന്നു് മറ്റൊരു ഗൂഢപ്രണയത്തിൻ വിഘ്നങ്ങളെ പറ്റി കലാഭവൻ മണി ഒരു നാടൻ പാട്ടിൽ പാടിയതോർമ്മയുണ്ട്.

 
At Saturday, October 08, 2005 3:43:00 AM, Blogger കലേഷ്‌ കുമാര്‍ said...

:) നിങ്ങൾ ആള് മോസക്കാരനല്ലല്ലോ പാപ്പാനേ!
(“മോസക്കാ‍രൻ” ഭാസ്കരപ്പട്ടേലർ സ്റ്റൈൽ)
നിങ്ങളുമായി ഞാൻ പണ്ട് വഴക്കുകൂടിയതിൽ എനിക്ക് വിഷമം തോന്നുന്നു!

 
At Saturday, October 08, 2005 6:51:00 AM, Blogger പാപ്പാന്‍‌/mahout said...

പെരി -> :)

കലേഷേ -> ഞാനല്ലാട്ടോ ഇതു തർജ്ജമ ചെയ്തത്.
ഇപ്പോ വഴക്കു കൂടിയതിൽ വിഷമം തോന്നീന്നു പറഞ്ഞതിൽ വിഷമം തോന്നുന്നുണ്ടോ? :-))

മലയാളത്തിലെ ഒരു പ്രശസ്തന്റെ തർജ്ജമയാണ് (മരിച്ചു പോയി). കവിതയുടെ പ്രത്യേകത അതൊരു കൂട്ടത്തിലെ ഒന്നാണെന്നുള്ളതാണ്.

 
At Saturday, October 08, 2005 11:38:00 PM, Blogger വിശാല മനസ്കന്‍ said...

സമ്മാനങ്ങൾ എല്ലാം നന്നായി. ഉമി മികച്ചതും. പക്ഷെ, കവിയേയും തർജ്ജമനെയും അറിയില്ല.

 
At Monday, October 10, 2005 5:11:00 AM, Blogger Achinthya said...

woww...should have guessed lle. mandoossanne njaan.N.V. Kurunthohai okke irunna iruppil vivaRththanam cheyyumaayirunnu nnu kETTiTTundu.
nandi paappankumar

 

Post a Comment

<< Home