വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Friday, October 14, 2005

കവിതയുടെ മേലുള്ള സംശയം

താഴെക്കൊടുത്തിരിക്കുന്ന വരികളിൽത്തുടങ്ങുന്ന കവിത എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ?

“വീടു മാറുമ്പോൾ വിട പറയുന്നത്
ബന്ധങ്ങളും ബന്ധനങ്ങളുമാണ്
കൊടുക്കലുകളും വാങ്ങലുകളുമാണ്
തേങ്ങലുകളും തലോടലുകളുമാണ്
രാഗവും ദ്വേഷവുമാണ്”

ഇവിടെ ഒരു ലോക്കൽ സാധനത്തിൽ ഒരു ലോക്കൽ കക്ഷിയുടെ പേരിൽ അടിച്ചിറങ്ങിയതാണു സംഭവം. പക്ഷെ ആകെ ഒരു സച്ചിദാനന്ദൻ ചുവയില്ലേ എന്നെനിക്കു ബലമായ സംശയം. സച്ചിദാനന്ദന്റെ “വീടുമാറ്റം” ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ഒന്നു താരതമ്യപ്പെടുത്തുമോ? തെറ്റ് എന്റേതാവാനും മതി.

12 Comments:

At Friday, October 14, 2005 5:53:00 AM, Blogger .::Anil അനില്‍::. said...

കവിതമേല്‍ സംശയം വരാന്‍ തികച്ചും പറ്റിയ സമയം!
പക്ഷേ ഉത്തരം എന്റെ കൈയിലില്ല.:(

 
At Friday, October 14, 2005 10:33:00 AM, Anonymous ബെന്നി said...

പി. കെ രാജശേഖരന്‍ സാറെ വിളിച്ചു ചോദിച്ചു. "ആശേ, വിക്ക് എന്ന സമാഹാരത്തിലാണോ വീടുമാറ്റം വന്നത്?" എന്നു രാധികച്ചേച്ചിയോട് സാര്‍ ചോദിക്കുന്നത് ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ കേട്ടു. "ബെന്നിയൊരു കാര്യം ചെയ്യൂ. കുറച്ചു കഴിഞ്ഞ് വിളിക്കൂ. ഞാനൊന്നു നോക്കട്ടെ" എന്നു പറഞ്ഞു.

കുറച്ചു കഴിഞ്ഞു വിളിച്ചു ചോദിച്ചിട്ട് പറയാം.

 
At Friday, October 14, 2005 11:08:00 AM, Anonymous ബെന്നി said...

ഞാന്‍ വീണ്ടും വിളിച്ചു. വീടിനെപ്പറ്റി ഒരുപാട് കവിതകള്‍ സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. അവയില്‍ വീടുമാറ്റം എന്ന കവിതയുമുണ്ട്. അതില്‍ ഇപ്പറഞ്ഞ വരികളില്ല. പിന്നെ വീടിനെപ്പറ്റി ഗദ്യത്തില്‍ സച്ചിദാനന്ദന്‍ കവിതയെഴുതിയതായി രാജശേഖരന്‍ സാര്‍ ഓര്‍ക്കുന്നില്ല. പ്രാദേശിക ലേഖകന്‍റെ ചിന്താവിലാസം തന്നെയാവണം ഈ വരികളെന്നാണ് രാജശേഖരന്‍ സാര്‍ പറഞ്ഞത്.

(കിട്ടിയ സമയം പാഴാക്കാതെ, മലയാളം ബ്ലോഗുകളെപ്പറ്റി സാറിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബ്ലോഗന്‍ബാര്‍ നടത്തുന്ന സമാന്തര അക്ഷരകലാ പ്രവര്‍ത്തനങ്ങള്‍ ഇന്നു രാത്രി തന്നെ നോക്കുന്നുണ്ട് എന്ന് ഞാന്‍ സാറില്‍ നിന്നും ഉറപ്പു വാങ്ങി.)

 
At Friday, October 14, 2005 11:39:00 AM, Blogger പാപ്പാന്‍‌/mahout said...

അയ്യോ, അപ്പോൾ എന്റെ തെറ്റ്. ആ സോവനീറിലെ ബാക്കി കവിതകളെല്ലാം തീരെ നിലവാരമില്ലാത്തവയായതിനാലും, എഴുതിയ ആൾ കമ്മിറ്റി പ്രസിഡന്റിന്റെ കുടുംബാംഗമായതുകൊണ്ടും എനിക്കൊരു സംശയം തോന്നി. ഞാൻ പാപി.

ഏതായാലും ഇതു നോക്കിയെടുത്തു തന്നതിനു ബെന്നിക്കും, രാജശേഖരൻ സാറിനും ഒരു പാടു നന്ദി.

 
At Saturday, October 15, 2005 3:30:00 AM, Blogger കലേഷ്‌ കുമാര്‍ said...

പ്രിയ പാപ്പാൻ,
ഇതെവിടെയോ കേട്ടിട്ടുള്ളതാണെന്നുറപ്പ്!
ലോഹിതദാസിന്റെ ഏതോ സിനിമയിലാണോന്നൊരു സംശയം!

 
At Saturday, October 15, 2005 7:58:00 AM, Anonymous Sunil Krishnan said...

പ്രിയ പാപ്പാന്‍,

വീടുമാറ്റം എന്ന കവിത പോസ്റ്റ്‌ ചെയ്യട്ടെ?
വരികള്‍ കൂടുതലുണ്ട്‌. അതിനാലാണ്‌ അനുവാദം ചോദിക്കല്‍.

 
At Saturday, October 15, 2005 8:52:00 AM, Blogger പാപ്പാന്‍‌/mahout said...

കലേഷേ-> അതായിരുന്നു എന്റെയും സംശയം -- എവിടെയോ കേട്ടിട്ടുള്ളപോലെ.

സുനിൽ-> പോസ്റ്റു ചെയ്യൂ, തീർച്ചയായും. അതിനു അനുവാദത്തിന്റെ ആവശ്യമേയില്ല.

 
At Sunday, October 16, 2005 1:05:00 PM, Anonymous Sunil Krishnan said...

വീട്‌
വീട്‌ പുറത്തു ശ്വാസകോശങ്ങളുള്ള ഒരു ജന്തുവാണ്‌.
അതുകൊണ്ടാണ്‌ ഒന്നു വെയില്‍ കാഞ്ഞാല്‍,
മഞ്ഞിന്റെ തണുപ്പേറ്റാല്‍,
അതിനു പനി പിടിക്കുന്നത്‌.
മഴയും കാറ്റും ഇനിയും തുടര്‍ന്നാല്‍
അതു മരിച്ചുപോയേക്കാം. (1994)

(സമാഹാരം: മലയാളം)
*************************************

വീടുമാറ്റം

ഇല്ല വരുന്നില്ലുറക്കം പ്രിയേ, പ്രിയേ,
ചൊല്ലുവതെങ്ങിനെയെന്നുടെയാധികള്‍?

ആരുടെ കാലടികാണുന്നൂ ഞാന്‍ തൂത്തൂ-
വാരിയമുറ്റത്തുമണ്ണില്‍ പുലരിയില്‍?
ആരൊഴുക്കും ചോരയാലെന്‍ തലയിണ
പാതിരാതോറും കുതിര്‍ന്നൊട്ടിവീര്‍ക്കുന്നൂ?
ആരുടെ ബാധയകറ്റുവാന്‍ നെറ്റിയാല്‍
പാലമേലാണിയടിച്ചു കേറ്റുന്നു നാം?
ആരറിയുന്നു ചേര്‍ പുത്തിരിച്ചോറി,ലാ-
രാരകത്തന്യമാം ഭാഷമൊഴിയുവോന്‍?
ആരെന്റെ വാക്കിന്റെയര്‍ത്ഥങ്ങള്‍ ചോര്‍ത്തുവോന്‍
ആരെന്റെ ക്രിയകള്‍ കുടുച്ചുവറ്റിക്കുവോന്‍

ഇല്ല,വരുന്നില്ലുറക്ക,മെന്നൂരല്ലി-
തല്ലിതെന്‍ വീട്‌, ഞാനല്ലയെന്‍ മേനിയില്‍

ഇന്നലെക്കൂടിയും കഴിഞ്ഞിങ്ങു
വന്നപ്പോഴോര്‍ക്കതെപോയി ഞാനോമനേ
മുമ്പു നാം പാര്‍ത്തൊരപ്പച്ചയാം വീടിന്റെ-
യുമ്മറത്തോളം,കുളിച്ചുമാമ്പൂവില്‍ ഞാന്‍
പത്തിവിടര്‍ത്തുന്ന ചെമ്പകപ്പൂമണം
കൊട്ടച്ചെടികളില്‍ ചുറ്റിപ്പിണയവേ
പട്ടില്‍ പൊതിഞ്ഞൊരു ദേവിയെപ്പോല്‍ തന്റെ
തട്ടകത്തില്‍ തണല്‍ വീശിപൂവാകകള്‍

ഇല്ല വരുന്നില്ലുറക്കമെന്‍ വേരുകള്‍
വിങ്ങുന്നു, മുങ്ങിമരിക്കുന്നു ശൈശവം.

പച്ചവയല്‍ ചിറകേറ്റിയ
തത്തകള്‍
അത്തിയെപ്പാണനായ്‌ മാറ്റിയ മൈനകള്‍
നീലയാം ശക്തിയാല്‍ വാനിലുയരുവോ-
നൂണിന്‍ തളികയാം നൈതലാമ്പല്‍ക്കുളം
കുന്നിന്‍ പുറത്തു പറന്നു മന്ദാരങ്ങള്‍
പോന്നിന്‍ ചിലങ്ക കിലുക്കീ തകരകള്‍
നെല്ലറവാതില്‍ തുറക്കെയെത്തും മണം
നമ്മെത്തലോടി,പിതാമഹര്‍-കര്‍ഷകര്‍-
തന്നൂഷ്മളോച്‌ഛ്വാസമാ,യവര്‍ തന്‍ കൈകള്‍
കൊന്നയ്ക്കു കൊമ്പായ്‌,ചൊരിഞ്ഞു തേന്‍നെഞ്ചൂകള്‍
കണ്ടഫലങ്ങളിലൊക്കെ,നിറച്ചുനീര്‍
കണ്ണൂകള്‍ കാറ്റില്‍, കരിമ്പിന്‍ സിരകളില്‍.

ഇല്ല വരുന്നില്ലുറക്കം പ്രിയേ, ഇങ്ങു
വന്നത്തിപ്പിന്നെനാം വൃദ്ധരായെത്രമേല്‍!

ഈ വീട്ടിലില്ല തേന്‍ കൂടും കുടപ്പനും
ശീലമായ്‌ കയ്‌പുകള്‍,തുപ്പിക്കളയുന്നു.
ഞാന്‍ മധുരങ്ങള്‍, വിഷംനിറഞ്ഞത്രമേല്‍
വായില്‍,മനസില്‍,രക്തത്തി,ലീണങ്ങളില്‍
ഈ വീട്ടിലില്ല മുക്കുറ്റിതന്‍ പൂക്കളില്‍
വീണുപൊന്നാവുന്ന പുള്ളുവന്‍ പാട്ടുകള്‍,
ഇല്ലപറന്നുയരുന്നമെതിയടി
ഇല്ലനാടന്‍ മലയാളത്തിലച്‌ഛന്റെ
നല്ലമൊഴിയില്‍ ചുരത്തുമകിടുകള്‍ -
പൊങ്ങും കദളികള്‍-പാടുമുറവകള്‍
നിര്‍ത്തീ മൃഗങ്ങള്‍ സംസാര,മീമുറ്റത്തി-
ലെത്തിനോക്കില്ല പൂരങ്ങള്‍, പുള്ളുകള്‍

ഇല്ലവരുന്നില്ലുറക്കം പ്രിയേ,കൊണ്ടു
വന്നൂ പിതൃസ്വമായീ വീട്ടിലെന്തു നാം?

വര്‍ണ്ണധര്‍മ്മങ്ങള്‍ തന്‍ ഗര്‍വങ്ങള്‍,ഊമയായ്‌
പെണ്ണിനെ മാറ്റും സ്മൃതികള്‍,പറയനെ-
ത്തീണ്ടിയാല്‍ വീണുപോം സ്വര്‍ണ്ണദന്തങ്ങളാം
പുണ്യങ്ങള്‍,അന്തിക്കിരതേടിയന്യന്റെ
പെണ്ണിനെത്തിന്ന വായ്‌
ശുദ്ധമാക്കാനുണര്‍-
ന്നെന്നും കുലുക്കുഴിയും വേദമന്ത്രങ്ങള്‍,
കോണകവാലിന്റെ നീളത്തിനാലള-
ന്നീടും തറവാട്ടുമേന്മകള്‍,മച്ചിലെ-
ദ്ദൈവങ്ങളെച്ചൂഴ്ന്നുനില്‍ക്കുന്ന രാത്രികള്‍,
ചോരമണക്കും വിരുന്നു മുറിയിലെ
മാനിന്‍ തലകള്‍,കിരാതശിരസ്സുകള്‍,
ഗോപിക്കുറികള്‍,മുറുക്കിച്ചുവപ്പിച്ച
ശ്ലോകത്തിലാടിക്കുഴഞ്ഞുണ്ണിയാടികള്‍,
ഭക്തിപൂര്‍വം തിത്യപാരായണത്തിന്നു
യുദ്ധകാണ്ഡങ്ങള്‍, സിദ്ധാര്‍ത്ഥദഹനങ്ങള്‍
വേളിച്ചരടില്‍ തളഞ്ഞുപോം വീര്യങ്ങള്‍
വേലിവഴക്കില്‍ ശമിക്കുമുറുമികള്‍
ഭാഗിച്ചുകിട്ടീ നമുക്കു: നെല്ലിപ്പൂക്കള്‍
പോയതെ, ങ്ങെങ്ങു പൂച്ചപ്പഴക്കാടുകള്‍

ഇല്ലവരുന്നില്ലൂറക്കം പ്രിയേ,'കാട്ടു
പുല്ലുക'ളെന്നീയുലകിന്‍ പതികളാം?
എങ്ങു കുന്തം പോലെ കൂര്‍പ്പിച്ചൊരിച്‌ഛകള്‍?
എങ്ങൂ കൊറിച്ച്യപ്പടനിലപ്പച്ചകള്‍?

പൊള്ളുകയാണുള്ളൂ
നമ്മളെപ്പെറ്റൊര-
ത്തള്ളപ്പറയി-
യ്‌ക്കുറങ്ങരുതാമേ ! (1987)
*****************

സമാഹാരം : വീടുമാറ്റം

നെല്ലിപ്പലകയിലേക്ക്‌ ഇനിയും ദൂരമുണ്ടെങ്കില്‍ "സച്ചിദാനന്ദന്റെ കവിതകള്‍" (1962-82) എന്നസമാഹാരത്തില്‍ നിന്ന് "വീട്‌" എന്ന കവിതയും ഇവനെക്കൂടി എന്നസമാഹാരത്തില്‍നിന്ന് "വീടും തടവും" എന്നൊരു കവിതയും കൂടി നോട്ടീസുകിട്ടിയാല്‍ പോസ്റ്റ്‌ ചെയാം.

 
At Monday, October 17, 2005 5:39:00 AM, Anonymous Anonymous said...

ഇവിടെ ആര്‍ക്കും അറ്റുത്തകാലത്തായി ചെറുതായ കമന്റുകള്‍ ഇടാനറിയാതായിരിക്കിഉന്നു! ഇച്ചങാതി കണ്ടില്ലേ ഒരു സമാഹാരം മുഴുവന്‍ കമന്റാം എന്നാ പറയുന്നേ! -സു-

 
At Monday, October 17, 2005 1:13:00 PM, Anonymous Sunil Krishnan said...

ഇല്ലാ ഇല്ലാ ഞാന്‍ സമ്മതിക്കില്ല
വാറണ്ടിന്‌ കീഴടങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല
എന്റെ കയ്യില്‍ മുന്‍കൂര്‍ ജാമാപേക്ഷയും അതിന്‍ മേലുള്ള കോടതി വിധിയുമുണ്ട്‌.

കോടതിയലക്ഷ്യത്തിന്റെ വിവിധ വകുപ്പുകളെപ്പറ്റി ഒരു പാമ്പന്‍ പോസ്റ്റ്‌ നടത്തട്ടെ?

 
At Monday, October 17, 2005 6:10:00 PM, Blogger പാപ്പാന്‍‌/mahout said...

സുനിൽ കൃഷ്ണന്-> കവിത പോസ്റ്റിയതിൽ വളരെ നന്ദി. ഞാൻ ഇതു വായിച്ചിട്ടില്ലായിരുന്നു ഇതു വരെ. കമന്റ് പോസ്റ്റ് ചെയ്യാൻ എന്റെ അനുവാദം വേണ്ട എന്നതാണെന്റെ പോളിസി. എന്തും എഴുതാം.

-സു- (സുനിൽ?)-> ആകപ്പാടെ കുറച്ചു മലയാളം വായിക്കാൻ കിട്ടുന്നത് ഈ ബ്ലോഗുകൾ വഴിയാണ്. അതെത്രയെങ്കിലും നീളട്ടെ.

 
At Friday, October 21, 2005 5:57:00 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഡും..ഡും..ഡും.....
പ്രിയപ്പെട്ട കൂട്ടുകാരേ...
ഞാനും തുടങ്ങി ബ്ലോഗ്‌..
ഞാനും തുടങ്ങി ബ്ലോഗ്‌..

എന്റെ "യു ആർ എൽ" ഇൽ ക്ലിക്ക്‌ ചെയ്യൂ..!!

 

Post a Comment

<< Home