വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Friday, October 21, 2005

മഹിഷാസുരൻ

തുളസിയുടെ ഈ പോസ്റ്റും അതിലെ “കരിങ്കാലി”ക്കമന്റുകളും കണ്ടപ്പോൾ ഒരു പഴയ കഥ ഓർമ്മ വന്നു, അല്പം ‘ഭീകരമായ’ കഥ:

ഒരിരുപത്തഞ്ചു കൊല്ലം മുമ്പാണ് സംഭവം നടന്നത് (അഥവാ ഞാൻ അതെപ്പറ്റി കേൾക്കുന്നത് -- ഈ കഥയിൽ ഉത്തമ, മധ്യമപുരുഷവേഷങ്ങളിലൊന്നും ഞാനില്ല). സ്ഥലം മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളം, അന്നുമുതലേ റബ്ബറിനും, കൈതച്ചയ്ക്കയ്ക്കും പേരുകേട്ട ഇടമാണത്. (മൂവാറ്റുപുഴ ഏരിയയിൽ കുഞ്ഞുങ്ങൾ കുടിക്കുന്ന മുലപ്പാലിനുപോലും റബ്ബർപ്പാലിന്റെ ടെയ്‍സ്റ്റാണ്, അത്രമേലിഷ്ടമാണ് ഞങ്ങൾക്കു റബ്ബറിനെ). വാഴക്കുളം അന്നൊരു കുഗ്രാമം. ഒരു സിനിമ കാണണമെങ്കിൽ വാഴക്കുളംകാർക്ക് അടുത്തുള്ള ഏകമെട്രോപൊളിസായ മൂവാറ്റുപുഴയിൽ വരണം. (നല്ലൊരു സിനിമ കാണാൻ മൂവാറ്റുപുഴക്കാർക്ക് എറണാകുളത്തുപോകണം -- ഇന്നും).

ഒരുരാത്രി അങ്ങനെ ഒരു റബ്ബർകർഷകൻ “യക്ഷഗാനം” എന്ന പ്രേതസിനിമ കാണാൻ നഗരത്തിലെത്തുന്നു. സൈക്കിളിലാണു വരവ്. കക്ഷി ഒറ്റയ്ക്കേയുള്ളുതാനും. പ്രേതസിനിമകളുടെ സെക്കൻഡ് ഷോകൾ ഒറ്റയ്ക്കുകാണാൻ വരുന്ന എല്ലാവർക്കും പറ്റുന്നപോലെ ഒരു ദുർഭാഗ്യം നമ്മുടെ കർഷകനും പറ്റി -- സിനിമ കഴിഞ്ഞുതിരിച്ചുപോകാൻ നേരത്ത് ടയർ “പഞ്ചർ“. നന്നാക്കാൻ ആ അസമയത്ത് ആരെയും കിട്ടാന്നുമില്ല. കൊട്ടകയിൽ സൈക്കിൾ വച്ചിട്ട് വാഴക്കുളം വരെ നടക്കാൻ കർഷകൻ ഉറച്ചു. അധികം ദൂരമൊന്നുമില്ല, 6-7 കിമീ മാത്രം. അന്നത്തെക്കാലത്ത് ഈസിയായി നടക്കാവുന്ന ദൂരം. കർഷകൻ നടന്നുനടന്ന് മൂവാറ്റുപുഴ വലിയപാലം, പോസ്റ്റോഫീസ് പടി, തൊടുപുഴ പാലം, നിർമ്മലാകോളേജ് ഇവ കഴിഞ്ഞ് ആനിക്കാടെത്തുന്നു. അവിടം മുതൽ റബ്ബർക്കാടുകൾ തുടങ്ങുകയായി -- റോഡിനിരുവശവും റബ്ബർതോട്ടങ്ങൾ മാത്രം. നഗരാതിർത്തി കഴിഞ്ഞതിനാൽ വഴിവിളക്കുകളില്ല. ചന്ദ്രികയോ, രമണനോ, നാട്ടുവെളിച്ചമോ ഒന്നും തന്നെയില്ല -- കുറ്റാക്കുറ്റിരുട്ട്. “നിശീഥിനീ, നിശീഥിനീ, ഞാനൊരു രാപ്പാടി” എന്നുപാടിക്കൊണ്ട് ഏതുനിമിഷവും ഏതുയക്ഷിക്കും വരാം എന്ന് “യക്ഷഗാനം” കണ്ട കർഷകനറിയാം. അയാൾ അർദ്ധമൃതശരീരനായി നടക്കുന്നു. അയാൾ സത്യത്തിൽ യക്ഷികളിൽ വിശ്വസിക്കാത്ത ഒരാളാണ്. പക്ഷേ യക്ഷികൾക്കതറിയില്ലല്ലോ. പെട്ടെന്ന് ഇടതുവശത്തെ തോട്ടത്തിൽ കരിയിലകളിളകുന്നു. ആരോ നടന്നടുക്കുകയാണ് റോഡിലേക്ക്. കർഷകൻ അപ്പോൾത്തന്നെ 80 ശതമാനം മരിച്ചു. വെറുതെ ഈ മെലോഡ്രാമയെല്ലാം ഒഴിവാക്കാൻവേണ്ടി, യക്ഷിക്കുകൊടുക്കാൻ ചുണ്ണാമ്പു നേരത്തെതന്നെ എടുത്തുവച്ചാലോ എന്നുപോലും അയാൾ ആലോചിച്ചു. എങ്കിലും, കനകച്ചിലങ്ക കിലുങ്ങിക്കേൾക്കാത്തതെന്തെന്ന് അയാൾ ചിന്തിക്കാതിരുന്നില്ല. പെട്ടെന്നു റബ്ബർതോട്ടത്തിൽനിന്നു ഒരു മനുഷ്യരൂപം ഇറങ്ങിവന്നു, ഒന്നു ചുമച്ചു -- ആണിന്റെ കുര. കർഷകനു സമാധാനമായി. യക്ഷിയല്ല. “ആരാ അത്” എന്നു കർഷകൻ ചോദിച്ചപ്പോൾ “ഓ, ഞാനൊരു റബ്ബർ വെട്ടുകാരനാണേ” എന്നു രൂപം ഉത്തരം പറഞ്ഞു. "എങ്ങോടാ” എന്നു കർഷകൻ. “ഓ, ഒന്നു വാഴക്കുളം വരെ” എന്നു രൂപം. “ഞാനും അങ്ങോട്ടാ” എന്നു ഒരു കൂട്ടുകിട്ടിയ സന്തോഷത്തിൽ കർഷകൻ. കുറച്ചുദൂരം നിശ്ശബ്ദത. “ചേട്ടന്റെകൈയിൽ തീപ്പെട്ടിയുണ്ടോ” എന്നു രൂപം ചോദിച്ചപ്പോൾ “എന്നാത്തിനാടാ ഉവ്വേ” എന്നു കർഷകൻ ചോദിച്ചു. “ഒരു ബീഡി വലിക്കാനാ” എന്നു രൂപം. കർഷകൻ കൊടുത്ത തീപ്പെട്ടിയിൽനിന്നും രൂപം ഒരു കൊള്ളിയെടുത്തുരച്ചു. പിന്നീട് അറിയാതെപറ്റിയതുപോലെ ആ കത്തുന്ന കൊള്ളി താഴെയിട്ടു. അതിന്റെ വെളിച്ചത്തിൽ കർഷകൻ ആ ഭയാനകമായ കാഴ്ച്ക കണ്ടു: മടക്കിക്കുത്തിയ മുണ്ടിനുതാഴേക്കുകാണുന്ന രൂപത്തിന്റെ കാലുകൾ മനുഷ്യന്റേതല്ല, കറുത്ത നിറവും രോമങ്ങളും കുളമ്പുകളുമുള്ള അവ പോത്തിന്റെ കാലുകളായിരുന്നു...

കർഷകൻ ഓടി. റബ്ബർതോട്ടങ്ങളുടെ ഇടയിലൂടെ വാഴക്കുളം ലക്ഷ്യമാക്കി ഓടി. പുറകിൽനിന്നും പോത്തിന്റെ കുളമ്പടികൾ ഉയരുന്നുണ്ടോയെന്ന തോന്നൽ ഓട്ടത്തിന്റെ വേഗത കൂട്ടി. ഓടിയോടി ചങ്കുപറിയാറായപ്പോൾ മറ്റൊരു വഴിയാത്രക്കാരനെക്കണ്ടു. അയാളുടെ കയിൽ കത്തിച്ച ഒരു ചൂട്ടുകെട്ടുമുണ്ടായിരുന്നു (അക്കാലത്തെ റ്റോർച്ച്). നടന്നുക്ഷീണിച്ചിട്ടാവാം, അയാൾ റോഡ്‍സൈഡിൽ ഒരു കലുങ്കിലിരിക്കുകയായിരുന്നു. കർഷകൻ ഓടിപ്പോയി അയാളോട് വിവരമെല്ലാം പറഞ്ഞു. ആദ്യം കർഷകൻ “റബ്ബർ തോട്ടം”, “തീപ്പെട്ടിക്കൊള്ളി”, “പോത്തുംകാൽ“ എന്നൊക്കെപറഞ്ഞപ്പോൾ കലുങ്കിലിരുന്നയാൾക്ക് ഒന്നും മനസ്സിലായില്ല. പിന്നീടു കർഷകൻ നിറുത്തിനിറുത്തി സംഭവങ്ങളെല്ലാം വിവരിച്ചുകഴിഞ്ഞപ്പോൾ വഴിപോക്കനു കാര്യം മനസ്സിലായെന്നു തോന്നി. അയാൾ മുണ്ടുമടക്കി ചൂട്ടു താഴ്ത്തി വെളിച്ചം സ്വന്തം കാലുകളിലേക്കുകാണിച്ചു. ആ കാഴ്ചയിൽ ബോധം പൂർണ്ണമായി മറയുന്നതിനുമുമ്പ് കൊണ്ട് കർഷകൻ അയാളുടെ ചോദ്യം ഏതോ വിദൂരത്തെന്നപോലെ കേട്ടു -- “ചേട്ടാ, ചേട്ടൻ കണ്ടയാളുടെ കാലുകൾ ഇതുപോലെയല്ലേ ഇരുന്നത്?”.

കർഷകന് അഞ്ചുദിവസം പനിച്ചു.

10 Comments:

At Saturday, October 22, 2005 4:10:00 AM, Blogger വിശാല മനസ്കന്‍ said...

പ്രിയ പാപ്പാൻ: ഇത്രക്കും ഗംഭീരമായിട്ട്‌ ഞാൻ പോത്തുംകാല്‌ കഥ കേട്ടിട്ടില്ല. സമ്മതിച്ചൂ.. ചുള്ളാ.

 
At Saturday, October 22, 2005 4:53:00 AM, Blogger ദേവന്‍ said...

കാലൻകൂടിയാൾ പിന്നെ കാലംകൂടുകയേ നിവർത്തിയുള്ളുവെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം.. ഈ മച്ചാൻ കാൽജിയെ ഓടി തോൽപ്പിച്ചുകളഞല്ലോ..

 
At Saturday, October 22, 2005 6:56:00 AM, Blogger kumar © said...

ഗംഭീരം. പേടിപ്പിച്ചുകളഞ്ഞു.

 
At Saturday, October 22, 2005 9:11:00 AM, Blogger സിബു::cibu said...

ഈ കഥ എഴുതിവച്ചതിന്‌ വളരെ വളരെ വളരെ നന്ദി. (നമ്മളും പടിഞ്ഞാറ്റയിലുള്ളവരും തമ്മിലുള്ള ഒരു വലിയ വ്യത്യാസം സ്വന്തം കാര്യങ്ങള്‍ എഴുതിവയ്ക്കുന്നതിലാണെന്ന്‌ ഇടയ്ക്കിടെ തോന്നാറുണ്ട്‌)

എന്റെ ഓര്‍മ്മയിലെ ആദ്യത്തെ പ്രേതകഥ പോത്തുംകാലനായിരുന്നു.. സന്ദര്‍ഭം ഏതാണ്ടിതുപോലെ; സ്ഥലം സ്വാഭാവികമായും തൃശ്ശൂര്‍ റൌണ്ടും.

 
At Saturday, October 22, 2005 12:42:00 PM, Blogger Achinthya said...

ആനക്കാലുകൾടെ ഇടക്കുനിന്നു പാപ്പാങ്കുമാർ പോതിങ്കാലിന്റെ കധ എഴുതീതു നന്നായിടുണ്ടെട്ടോ.

പണ്ടു ഇതേ കധ ഇവടത്തെ പഴേ മാതാ തിയേറ്റരിന്നു പടം കഴിഞ്ഞു വരണ ഒരാൾടെ അനുഭവായി കേടിടുണ്ടൂ. പക്ഷേ ഈ രസല്യായിരുന്നു.
പുഷ്പരാജും,മാർക്സും എന്തിനു ഒരു ഇരുമ്പു കൈ മയാവീം കൂടി ഇല്യാത ലോകത്തു പുത്യേ ഒരു കധാപാത്രത്തിനെ പടചൂടെ?

 
At Saturday, October 22, 2005 3:18:00 PM, Blogger Jo said...

I also heard this story here in Thrissur as Achinthya said and somebody even showed the place where the 'potthu' asked for beedi!! Yeah!!! :-))

 
At Saturday, October 22, 2005 5:47:00 PM, Blogger പാപ്പാന്‍‌/mahout said...

നല്ല കമന്റുകൾക്കു നന്ദി. പോത്തുമനുഷ്യർ തൃശ്ശൂരാണ് ആദ്യമുണ്ടായതെന്നു തൃശ്ശൂർക്കാർ വാദിച്ചാൽ ഞാൻ സമ്മതിച്ചുതരാം, നിങ്ങളെടുത്തോ :)

 
At Sunday, October 23, 2005 12:59:00 AM, Blogger സു | Su said...

:)
ഇത് ഞാൻ ഒരു സിനിമയിൽ കണ്ടിട്ടുണ്ട്. വഴിപോക്കൻ കുറേ ആൾക്കാരെ കാണുന്നതും കാലും മുഖവും കരടികളെപ്പോലെ കാണുന്നതും ഒക്കെയായിട്ട്.

(യാതൊരു വിവാദത്തിനും ഞാൻ ഇല്ല )

 
At Sunday, October 23, 2005 2:30:00 AM, Blogger .::Anil അനില്‍::. said...

അതൊരാനേടെ കാലായിരുന്നെങ്കിൽ
അൽ‌പ്പം കൂടി സ്വാഭാവികമായേനെ.
ആള് പാപ്പാനല്ലേ.

 
At Wednesday, February 01, 2012 9:52:00 AM, Anonymous Devassy J said...

ഇത് ശരിക്കും നടന്നുന്ന് പറയണത് മുവ്വാറ്റുപുഴക്കടുത്ത് "കടാതി"യിലാണ്. ഈ കടാതി എന്ന് പറഞ്ഞ സ്ഥലം മുവ്വാറ്റുപുഴ നിന്നും എറണാകുളം പോണ വഴിയിലാണ്. അപ്സരേലോ ലക്ഷ്മീലോ സെക്കന്‍ഡ് ഷോ കണ്ട് മടങ്ങിയ ആള്‍ടെ കൂട്ടിന് പോത്തുംകാലന്‍ വന്നത്രേ!

വേറൊന്ന് നടന്ന സംഭവമാണ്. 2 പുലികള്‍ മുവ്വാറ്റുപുഴ പ്രദേശത്ത് 1996 കാലത്താണെന്ന് തോന്നണു, ആള്‍ക്കാര്‍ കാണാന്‍ തുടങ്ങി. ഏതോ അത്ഭുത ജീവിയാണെന്ന് ചിലര്‍. ചിലര്‍ പുലിയെ കണ്ടു.
അവസാനം, വാളകത്തിനടുത്ത് മുവാറ്റുപുഴയാറിന്റെ നടുക്കുള്ള ഏതോ തുരുത്തില്‍ നിന്നും ഉടമസ്ഥര്‍ വന്ന് ആ പുലികളെ കൂട്ടിക്കൊണ്ടു പോയത്രേ! അത് വളര്‍ത്തു പുലികളായിരുന്നുവത്രേ! കല്ലുര്‍ക്കാട്(മുവാറ്റുപുഴ) ഭാഗത്തുള്ള ഒരു ബല്യ മുതലാളീടെ ഓമന മൃഗങ്ങളായിരുന്നു അവ!

 

Post a Comment

<< Home