വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Monday, May 15, 2006

“ഭി ഫോര്‍ ...”

ബംഗാളികളുടെയും, ഗുജറാത്തികളുടെയും ഇംഗ്ലീഷുച്ചാരണത്തെപ്പറ്റിയുള്ള ദേവന്റെ ഈ കമന്റ് വായിച്ചപ്പോഴാണു ബംഗാളികളുടെ ഒരു സ്പെല്ലിങ്ങ് വൈചിത്ര്യം ഓര്‍മ്മ വന്നത് - “ഭ” എന്ന അക്ഷരം അവര്‍ ഇംഗ്ലീഷില്‍ ‘v' എന്നേ എഴുതൂ. ‘അഭിജിത്’ എന്നും ‘Avijit' ആയിരിക്കും. ഫുള്‍ സൂട്ടിനോടൊപ്പം “മങ്കി ക്യാപ് “ വയ്ക്കുന്ന പോലെ മറ്റൊരു ബംഗാളി idiosyncracy. ഇതിനോടു ബന്ധപ്പെട്ട ഒരു ഒരു സംഭവം ഓര്‍ക്കുകയാണ്. എന്റെ കൂട്ടുകാരനും ബംഗാളിയുമായ രഞ്ജനാണ് ഇതിലെ കഥാനായകന്‍.

രഞ്ജനും ഞാനും തമ്മിലുള്ള പരിചയം ഞങ്ങളുടെ ബാച്ചിലര്‍ ജീവിതത്തിലേ തുടങ്ങിയതാണു്. ഞാന്‍ പണ്ട് ജോലിചെയ്തിരുന്ന ദില്ലിക്കമ്പനിയില്‍ എന്റെ ഒന്നുരണ്ടു ബാച്ച് ജൂനിയറായിരുന്ന രഞ്ജന്‍ എനിക്കുമുമ്പേ അവിടം വിട്ട് അമേരിക്കാമഹാരാജ്യത്തെത്തി. ഒരു ‘ബഹുഗോ’വായി പിമ്പേഗമിച്ചിവിടെയെത്തിയ എനിക്കു ഇവിടത്തെ ആദ്യദിനങ്ങളില്‍ രഞ്ജന്‍ ഒരു വലിയ സഹായമായിരുന്നു.

കാലം കുറച്ചുകൂടി മുമ്പോട്ടേക്കു നടന്നപ്പോള്‍ രഞ്ജന്‍ വിവാഹിതനായി. “നിഹാരിക”എന്ന നല്ല പേരുള്ള പെണ്‍‌കുട്ടി “നിക്കി”യായി രഞ്ജന്റെ ഭാര്യയായി (എന്റെ കല്യാണം ഇതിനൊക്കെ മുമ്പു കഴിഞ്ഞിരുന്നു). പിന്നെയും കുറെക്കൂടി കഴിഞപ്പോള്‍ അവര്‍ക്കൊരു മോനുമുണ്ടായി.

ഞാന്‍ പറയാന്‍പോകുന്ന സംഭവം നടക്കുന്നത് ഞാനും, ഭാര്യയും കൂടി രഞ്ജന്റെ കുട്ടിയെക്കാണാന്‍ പോകുമ്പോള്‍. ഞങ്ങള്‍ സംഭവസ്ഥലത്തുചെന്നു പൊന്നും, മൂറും, കുന്തിരിക്കവുമൊക്കെ കൊടുത്തു. “നിന്റെ മോന്റെ പ്യാരെന്തര്” എന്നു ഇംഗ്ലീഷില്‍ ചോദിച്ചു . “ഋഷഭ്” എന്നു മൊഴിഞ്ഞു രഞ്ജന്‍. ഞങ്ങള്‍ക്കിനി പിടികിട്ടിയില്ലെങ്കിലോ എന്നു പേടിച്ചാകണം, അവനതിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങും നല്‍കി: "R, I, S, H, A, V". എനിക്കു സംഭവമെല്ലാം വളരെ നേച്ചുറല്‍ ആയിത്തോന്നി; പ്രത്യേകിച്ചും അഷ്ടദിക്കും പൊട്ടുമാറുള്ള കുട്ടിയുടെ ആക്രന്ദനം കൂടി കേട്ടപ്പോള്‍ “ഏറ്റ പേരു തന്നെ” എന്നു മനസ്സില്‍ കരുതി. എന്നാല്‍ കറതീര്‍ന്ന മലയാളിയും ‘ത’ എന്നതിന് ഇംഗ്ലീഷില്‍ ‘th' എന്നെഴുതുന്നവളുമായ എന്റെ വാമഭാഗം നിഷ്കളങ്കമായ ആ ചോദ്യം ചോദിച്ചു; “അതെന്താ രഞ്ജാ, B, H എന്നല്ലേ അവസാനത്തെ രണ്ടക്ഷരങ്ങള്‍ വരേണ്ടത്‌ , പിന്നെന്താ ‘V' എന്നാക്കിയതു് അവസാനത്തില്‍?” എന്ന്.

ഒരു നിമിഷം ഉത്തരവും കഴുക്കോലുമില്ലാത്തവനായി രഞ്ജന്‍. പെട്ടെന്ന്, തുണിയില്ലാതെ നഗരമദ്ധ്യത്തിലൂടെ ഓടുവാന്‍ ഒരു ചാ‍ന്‍സ് കിട്ടിയ ആര്‍ക്കിമിഡീസിന്റെ സന്തോഷത്തോടെ രഞ്ജന്‍ ആക്രോശിച്ചു: “ഭീ ഫോര്‍ ഭിക്‍ടറി...”.

14 Comments:

At Friday, May 19, 2006 6:57:00 PM, Blogger പാപ്പാന്‍‌/mahout said...

ഒരു ശിന്ന നമ്പര്‍

 
At Friday, May 19, 2006 11:55:00 PM, Blogger ദേവന്‍ said...

മാക്രി :- എം ഏ കൃ കൃ വൈ എന്നു പറഞ്ഞപോലായല്ലോ.

ഞാനൊരിക്കല്‍ ഹൈദരാബാദിലെ സൂ പാര്‍ക്കില്‍ ഒരപൂര്‍വ ദൃശ്യം (കടുവനും അവന്റെ കടുവത്തിയും കൂടെ വെള്ളത്തില്‍ തപ്പി മീന്‍ പിടിക്കുന്നത്‌) കണ്ട്‌ നില്‍ക്കുമ്പോള്‍ വളവിനപ്പുറത്തേക്ക്‌ പോയ ഹിന്ദിക്കാരന്‍ ഇപ്പുറത്തിരുക്കുന്ന മക്കളെ വിളിച്ചു "ആവോ മുന്നാ, ജെബ്ര, ജെബ്ര"

കൈ നനച്ചു മീന്‍ പിടിക്കുന്ന കടുവകളെ വിട്ടിട്ട്‌ അവന്റെ മുന്നയുടെ മുന്നേ ഞാന്‍ ഓടി ചെന്നു ഈ ജെബ്രയെന്ന പുതിയ ജീവിയെക്കാണാന്‍.

വേലിക്കപ്പുറം കറുപ്പിനഴക്‌.. ഓ വെളുപ്പിനഴക്‌ ഓ.. സീബ്ര. ഈ ഹിന്ദിപ്പൊട്ടന്‍ വെറുതേ..

(വീക്കേയെന്‍സ്‌ അധികാരം നോവലില്‍
"എന്താ തന്റെ പേര്‌?
"കറം ചന്ദ്‌, സാബ്‌"
"കര്‍മ്മചന്ദ്രന്‍ അല്ലേ?"
"അതേ".)

 
At Saturday, May 20, 2006 2:34:00 AM, Blogger kumar © said...

ഷുനൊ,
ഭല്ലാത്ത പ്യാരു തന്നെ.

പ്യാരു എന്തരു എന്നതിനു “തൊമാ‍ര്‍ നാം കി” എന്നു ചോയിച്ചാ പോരെ?
അപ്പൊ ഇവര്‍ ഭാ.... എന്നു ആട്ടൂന്നത് വാ എന്നു വിളിക്കും പോലാണോ?

‘സ’ യ്ക്ക് ‘ജ’ ഉച്ചരിക്കുന്നത് പണ്ട് ഡല്‍ഹിയില്‍ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.
ഇറ്റ് ഈജ് എ ബ്ലോഗ്.
ഗസല്‍ എന്നതിന്റെ ഗജല്‍ എന്ന പ്രയോഗം പോലെ സാ-യുടെ മാറ്റമായിരിക്കും അതും.

 
At Saturday, May 20, 2006 3:18:00 AM, Blogger kumar © said...

അതേയ് പാപ്പാനേ,
ഒരു പരാതി ഉണ്ട്.

ഞങ്ങടെ അചിന്ത്യ ചേച്ചിയെ
നിങ്ങളുടെ ബ്ലോഗിന്റെ വലതു വശത്തെ ലിങ്കിലൂടെ
ഉമാസ് കോര്‍ണര്‍ എന്നു പറഞ്ഞ് ഏതോ മൂലയില്‍ കൊണ്ടിരുത്തി മൊബൈല്‍ ഫോണും റിങ്ങ്‌ടോണും കച്ചവടം നടത്തിക്കുകാണോ? ഇതൊന്നും ശരിയല്ല. ബാലവേലയ്ക്ക് കേസുകൊടുക്കും ഞങ്ങള്‍.

ഇഷ്ടങ്ങളുടെ നിരയില്‍ ഈ തോന്ന്യാക്ഷരിയേയും ചേര്‍ത്തതില്‍ സന്തോഷം ഉണ്ട്.

 
At Saturday, May 20, 2006 3:53:00 AM, Blogger ദേവന്‍ said...

അചിന്ത്യ ഊമയായി ഒരു കോര്‍ണറില്‍ ഇരിക്കുകയാണ്‌ അതുകൊണ്ട്‌ വേറേ സ്ഥലത്തോട്ട്‌ ലിങ്ക്‌ മാറിക്കൊളുത്തുന്നു എന്നാ അതിന്റെയര്‍ത്ഥം കുമാറേ

 
At Sunday, May 21, 2006 7:38:00 AM, Blogger Jo said...

haha.. good to see you baaack!

 
At Monday, May 22, 2006 1:20:00 AM, Blogger Achinthya said...

എന്റെ പാപ്പാനേ ,
ഇത്രേം ദിവസായിട്ടും എന്നെ മത്തിക്കച്ചോടത്തിനിരിക്കണ കേപീയേസീ ലളിതേനെപ്പോലെ അ മുക്കിലിരുത്തീര്‍ക്ക്യാ? ആ ഡീ- യൂ- എബ്ബ്‌-എബ്ബ്‌-ഏ-യാര്‍-ഡബ്ബര്‍ വെച്ചു എന്റെ പേരൊന്നു മായ്ക്ക്വോ? അചിന്ത്യ ഊമയാവേ?വിഷ്ഫുള്‍ തിങ്കിംഗ്‌ , ദേവാ...

 
At Monday, May 22, 2006 1:40:00 AM, Blogger Adithyan said...

ഇതു വായിച്ചപ്പൊഴാണ് മറ്റൊരു ബംഗാളി ദുഖകഥ ഓര്‍മ്മ വന്നത്...

ഞങ്ങള്‍ ബോംബെയിലൊരു കമ്പനിയില്‍ ജോയിന്‍ ചെയ്ത സമയം... ആദ്യദിവസം നേരത്തെയെത്തിയ ഞങ്ങള്‍ ബാച്ചിന്റെ ലിസ്റ്റില്‍ പെണ്‍കുട്ടികള്‍ടെ പേരിനായി തപ്പാന്‍ തുടങ്ങി...ഒരു പേര് - soumya prasad ghosh. ആഹഹാ... ഇതൊരു ബംഗാളി സുന്ദരി തന്നെ എന്ന്‌ ഉറപ്പിച്ച്‌ കൂട്ടത്തില്‍ പലരും ടാഗോറിന്റെ വരികള്‍ ഒക്കെ ഒന്നുകൂടെ മനസില്‍ പാടി നോക്കാന്‍ തുടങ്ങി...

എല്ലാ‍വരും ട്രെയിനിംഗ് റൂമില്‍ കയറി... ബംഗാളി സുന്ദരിമാരെ ആരെയും കാണുന്നില്ല... ജാവ പഠിപ്പിക്കാന്‍ വന്ന തമിഴന്‍ മാഷ്‌ സൌമ്യ പ്രസാദ് ഘോഷ്‌ എന്നു വിളിച്ചപ്പോള്‍ ആറടി രണ്ടിഞ്ചുയരവും അതിനൊത്ത വണ്ണവുമുള്ള ഒരു ബംഗാളി സുന്ദരന്‍ എണീറ്റു നിന്നതു മാത്രം ഓര്‍മ്മയുണ്ട്‌... soumya എന്നത്‌ ഷോമു എന്നാണത്രെ ബംഗാളിയില്‍ ഉച്ചരിക്കുന്നത്‌...

 
At Monday, May 22, 2006 6:01:00 PM, Blogger പാപ്പാന്‍‌/mahout said...

സ, ജ -> നമ്മള്‍ “z"-നെ “സ” ആക്കുമ്പോള്‍ വടക്കനും ചിരിക്കുന്നൂന്നു മാത്രം. എന്നാലും “ഗജല്‍” എന്നതു ഭയങ്കര അരോചകമായിത്തോന്നുമായിരുന്നു കേള്‍‌ക്കുമ്പോള്‍‌.

അചിന്ത്യയെ ഒരു നല്ല മൂലയിലാക്കീട്ടുണ്ട്. കുഴപ്പം ചൂണ്ടിക്കാണിച്ച ദേവകുമാരന്മാര്‍ക്ക് പെരുത്തു നന്ദികള്‍.

ജോ, ബ്ലോഗ്‌സ്വരയുടെ മനോരമ വാര്‍ത്ത വായിച്ചു ഞാനാകെ വികാരവിശ്വംഭരനായി. അഭിനന്ദനങ്ങള്‍.

ആദിത്യാ, കാര്യമിങ്ങനെയാണെങ്കിലും എനിക്കു ബംഗാളികളോടും, പ്രത്യേകിച്ച് അവരുടെ പേരുകളോടും ഭയങ്കരമതിപ്പാ‍ണേ. എനിക്കിഷ്ടമില്ലാത്ത ബംഗാളിപ്പേരുകള്‍ വളരെ അപൂര്‍‌വം.

 
At Thursday, June 15, 2006 2:45:00 AM, Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

പാപ്പാന്‍,

comments ഉം പഴയ പോസ്റ്റുകളും വായിച്ച്‌ ഒത്തിരി ചിരിച്ചിട്ടും ചിന്തിച്ചിട്ടുമുണ്ട്‌. പിന്നെ കുറെയായി ഇവിടെ വന്നിട്ട്‌...

വടക്കരുടെ ഉച്ഛാരണത്തെക്കുറിച്ചു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്‌ കമ്പനിയുടെ ബീഹാര്‍ പ്ലാന്റ്‌ മാനേജര്‍ standard എന്ന വാക്ക്‌ ഞങ്ങളെ പറഞ്ഞു മനസ്സിലായ്ക്കിയ്ക്കാന്‍ ശ്രമിച്ചതാണ്‌. ഇഷ്ടാന്‍ഡാര്‍ഡ്‌ എന്നോമറ്റോ പലവട്ടം പറഞ്ഞിട്ടും ഫലമില്ലെന്നറിഞ്ഞു നിരാശനായി അദ്ദേഹം പിന്നെ എഴുതിക്കാണിയ്ക്കുകയായിരുന്നു ചെയ്തത്‌!

............

“സള്ഫര് ഖനികളില്നിന്നു കുറുക്കന്മാരുടെ ഓരിയുയര്ന്നു. അന്ത്യപ്രളയത്തില് ആലിലമേല് ശയിക്കുന്ന അദ്ഭുതശിശുവിനെപ്പോലെ ആഷ്ട്രേയില് ഹാഫ്-എ-കൊറോണ അര്ദ്ധനിദ്രയിലാണ്ടുകിടന്നു. മാര്ക്സിന് അതെടുത്ത് ഒരു പുക വിട്ടപ്പോള് വിഷ്ണുരൂപി മാര്ക്സിനു ശിവതുല്യമായ മുക്കണ്ണായി. ആദിമസ്നേഹം ചുരുട്ടുപുകപോലെ എങ്ങും പരന്നു. ഗുരുസമാനനായ വൃക്ഷം മാര്ക്സിനു വേണ്ടി സാമഗാനം ആലപിച്ചു. നീരാളിച്ചുഴികളില് നിന്നു വേദനയുടെ സംത്രാസത്തിന്റെ ബുദ്ബുദങ്ങല് തേങ്ങും മനസ്സിനൊരാന്ദോളനമായി”

............

ഇതു പറഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍, ഇപ്പോഴും ചിരിയ്ക്കാറുണ്ടിടയ്ക്കിടെ... :D

 
At Saturday, October 07, 2006 12:31:00 AM, Blogger തഥാഗതന്‍ said...

v യ്ക്ക്‌ പകരം B ഉപയോഗിക്കുന്ന ബംഗാളി വാമൊഴിയെക്കുറിച്ച്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌

ബാസു എന്നത്‌ മലയാളത്തിലെ വാസു ആണെന്ന് വി.കെ.എന്‍

100 Volt എന്നത്‌ വ്യാകരണം പഠിച്ച ബംഗാളി 100 ബോള്‍ട്‌സ്‌ എന്നെ പറയു

 
At Sunday, November 26, 2006 10:22:00 AM, Anonymous Anonymous said...

എന്താ പാപ്പാനേ പുതിയ പോസ്റ്റിംഗ്‌ ഒന്നും കാണുന്നില്ലല്ലോ, എന്തുപറ്റി?

വെടിവട്ടം വളരെ നല്ല ബ്ലോഗ്‌ ആണു. നിര്‍ത്തിക്കളയല്ലെ.

 
At Sunday, June 03, 2007 6:13:00 PM, Blogger ദേവന്‍ said...

ലാസ്റ്റ് പോസ്റ്റ് വീണിട്ട് ഒരു വര്‍ഷവും പത്തൊമ്പതു ദിവസവും ആയി പാപ്പാനേ :(

 
At Tuesday, May 06, 2008 11:02:00 PM, Blogger kumar © said...

paappaaaneeeee.....
varoooooo....

 

Post a Comment

<< Home