വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Tuesday, September 27, 2005

അവർ പാടുമ്പോൾ...

എന്റെ മിക്കവാറും സുഹൃത്തുക്കളൊക്കെ പാട്ടുകളെ ഇഷ്ടപ്പെടുന്നവരും, പാടണം എന്നാഗ്രഹമുള്ളവരുമാണ്. പക്ഷേ ആഗ്രഹം കൊണ്ടുമാത്രം കാര്യമില്ലല്ലോ. അതുമാത്രമല്ല, പാടുമ്പോൾ ചിലപ്പോൾ പാട്ടുതന്നെ മാറിപ്പോകുന്ന സംഭവങ്ങളും ധാരാളം.


സുഹൃത്തുക്കളിൽനിന്നും മറ്റും ഞാൻ കേട്ടിട്ടുള്ള ചില വരികൾ (ഇതോരോന്നും അതാതു കക്ഷികൾ വളരെ സീരിയസ് ആയി പാടിയതാണുകേട്ടോ):

  • “ഉണരൂ വേഗം നീ, ശിവകാമീ, വന്നൂ നായകൻ...” -- ഒരു ക്ലാസ്മേറ്റ് “മലരേ, തേൻ‍മലരേ” എന്ന ജാനകി ക്ലാസ്സിക്‍ പാടിയപ്പോൾ
  • “ഞാൻ നിന്നെ പ്രേമിക്കുന്നൂ മാൻകിടാവേ...
    മെയ്യിൽ പാതി അറുത്തുതരൂ... മനസ്സിൽ പാതിയറുത്തുതരൂ...” -- അതേ സതീർത്ഥ്യൻ, മറ്റൊരിക്കൽ

  • “ചന്ദനലേപസുഗന്ധം ചൂടിയതാരോ, കാറ്റോ, കാമിനിയോ?
    മൈഥുനച്ചെപ്പു തുറന്നുകൊടുത്തതു യൌവ്വനമോ, രതിദേവതയോ?“ -- വേറൊരു ക്ലാസ്സ്‍മേറ്റ്

  • തച്ചോളിമാൻകുരുന്നേ, തിൻകൾത്തേരിൽ ആലോലമാടാൻ“ -- എന്റെയൊരമ്മാവൻ “കസ്തൂരിമാൻകുരുന്നേ” എന്ന ഗാനം പാടിയപ്പോൾ

Thursday, September 22, 2005

വൊ സുബ്‍ഹാ കഭീ തോ ആയേഗീ

മലയാളഭാഷ, സാഹിത്യം, സംസ്കാരം ഇവ്വക കാര്യങ്ങളിലൊന്നിലും അധികം വിവരമില്ലാത്ത ഒരു സാദാമലയാളിയാണു ഞാൻ. വായനയിലാണെൻകിൽ പൊതുവെ ഹാസ്യ-, അപസർപ്പക നോവൽ ഇനങ്ങളിലാണെനിക്കു കമ്പം. മലയാളത്താന്മാർക്കാണെൻകിൽ ഈ രണ്ടു വിഷയങ്ങളോടും പൊതുവെ അവജ്ഞ .

ചിരിക്കാൻ കഴിയാനാകാതെ ഒരുതരം മുറുകിയ റബ്ബർബാൻഡുപോലെ ജീവിക്കുന്നതുകൊണ്ടാണ് ഒരുറുമ്പുകടിക്കുമ്പൊഴെക്കും മലയാളി ഉടനെ തൂങ്ങിച്ചാവാൻ കയറുവാങ്ങാനോടുന്നത്; കേരളസർക്കാർ ഒരു കയർബോർഡ് തന്നെയുണ്ടാക്കി നാട്ടുകാർക്കൊക്കെ തൂങ്ങിച്ചാവാൻ ഇഷ്ടമ്പോലെ കയർ സപ്ലൈ ചെയ്യുന്നത്; കെട്ടിതൂങ്ങാൻ സ്ഥലമില്ലാത്തവരെ ഓർത്ത് തകഴി “കയർ“ എന്ന ഒരു ടൺ സാധനമിറക്കിയത് . തൂങ്ങിച്ചാവാൻ സ്ഥലമില്ലെൻകിൽ വിഷമിക്കണ്ട -- ഡീസീ ബുക്സിൽ പോയി “കയർ“ വാങ്ങുക, കയർബോർഡിൽപ്പോയി കയർ വാങ്ങുക. കയറിന്റെ ഒരറ്റം കഴുത്തിൽ മുറുക്കിക്കെട്ടുക. കയറിന്റെ മറ്റേഅറ്റം “കയറി”ൽ മുറുക്കിക്കെട്ടുക. എന്നിട്ട് വീട്ടിലെ കിണറ്റിലേക്കെടുത്തുചാടുക.

ഒരിക്കൽ ഒരു കാലത്തു മലയാളത്തിൽ കുറെ വളിപ്പുപടങ്ങളിറങ്ങി. ആളുകൾ തീയറ്ററുകളിൽപ്പോയി ആർത്തുചിരിച്ചു, VKN പറഞ്ഞപോലെ തലകൾ പുറകോട്ടേക്കെടുത്തെറിഞ്ഞു ചിരിച്ചു, ശ്വാസം മുട്ടും വരെ ചിരിച്ചു. ആത്മഹത്യകളില്ലാതായി. കയറും, “കയറ്”ഉം ആർക്കും വേണ്ടാതായി. അപ്പോൾ ഇവിടത്തെ ബുദ്ധിമാനുകൾ, ബുദ്ധിയാടുകൾ, പൊതുവേയുള്ള മറ്റുബുദ്ധിജന്തുക്കൾ എല്ലാർക്കും ആധിയായി. കേരളത്തിൽ ആത്മഹത്യ കുറയുകയേ! ശാന്തം പാപം! ബുദ്ധിമൃഗങ്ങളെല്ലാംകൂടി മലയാളസിനിമയ്ക്കുവന്ന അപചയം, അജീർണ്ണം എന്നിവയെപ്പറ്റി ഘോരഘോരം ഛർദ്ദിക്കാനും വിസർജ്ജിക്കാനും തുടങ്ങി. കുറെയൊക്കെ ഈ കോളറ സഹിച്ചു നിർമ്മാതാ-സം‍വിധായകഗണം. പിന്നെ അവരും മലയാളികളല്ലേ, കുറെയായപ്പോൾ അവരിൽപ്പലരും തന്നെ കയറും, “കയറ്”ഉം തേടിയിറങ്ങി. അങ്ങനെ മലയാളിച്ചിരി വറ്റി. ഇപ്പൊ സംകതി പഴേപോലെ നോർമ്മൽ. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ പെട്ടെന്നുപെട്ടെന്നു കാണാതാകുന്നു.

ഓർമ്മയിൽനിന്നെഴുതുകയാണ്--മഹാഭാരതത്തിലാണെന്നു തോന്നുന്നു “ലോകത്തിലെ ഏറ്റവും വലിയ തമാശയേത്” എന്ന ചോദ്യത്തിന് “ഒരാൾ മരിക്കുമ്പോൾ ഇന്നു നീ നാളെ ഞാൻ എന്നോർക്കാതെ മറ്റുള്ള മർത്ത്യർ ദുഃഖം പ്രകടിപ്പിക്കുന്നത്” എന്നൊരുത്തരം. വ്യാസൻ ഉത്തർപ്രദേശ് ഏരിയയിൽ ജീവിച്ചതിനാലാണ് അങ്ങനെ എഴുതിയതു്. കേരളത്തിലായിരുന്നെൻകിൽ ഉത്തരം ഇങ്ങനെ എഴുതുമായിരുന്നു “തമിഴ്നാട്ടിലെ നേതാക്കൾ മരിക്കുമ്പോൾ തമിഴർ ആത്മഹത്യചെയ്തതുവായിച്ചു മലയാളത്താന്മാർ ചിരിക്കുന്നത്” എന്ന്. തമിഴർക്ക് അല്പം ആവേശമെൻകിലുമുണ്ടെടേ...

മലയാളികളെ ചിരിപ്പിക്കാൻ കഴിവുള്ള പുസ്തകങ്ങളും പണ്ടുമുതലേ കുറവ്. ഒരു പുസ്തകം വായിച്ചെങ്ങാൻ താൻ ചിരിച്ചാൽ നിശ്ചയമായും ആ പുസ്തകം മോശം തന്നെ എന്ന് ഓരോ മലയാളനും മലയാളിയും ചെറുപ്പത്തിലെതന്നെ പഠിച്ചുവയ്ക്കുന്നു എന്നാണെനിക്കു തോന്നുന്നത്. ഇതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാം. പണ്ടൊക്കെ എല്ലാരും വായനിറച്ചു മുറുക്കിയാണല്ലോ നടന്നിരുന്നത്. വായ്ക്കകത്തുമുഴുവൻ മുറുക്കാനുള്ളപ്പോൾ ചിരിയെക്കാളും കരച്ചിലായിരുന്നിരിക്കും വസ്ത്രത്തിനുനന്നായിരുന്നത് -- പ്രത്യേകിച്ചും “ഉജാല” ഒന്നും ഇല്ലാതിരുന്ന കാലത്ത്.

അതുപോലെ, ഡിറ്റക്ടീവ് കഥകൾ മലയാളിക്കിഷ്ടമില്ലാത്തതിനൊരു കാരണവും അവകളിൽ വേണ്ടത്ര കരച്ചിൽ ഇല്ല എന്നതായിരിക്കും എന്നെനിക്കു തോന്നുന്നു. അനുവാചകരുടെ മനസ്സറിയാതെ കഥ എഴുതുന്നവരാണു കോട്ടയം പുഷ്പനാഥാദിയായ ഡി നോവലെഴുത്തുതൊഴിലാളികൾ. അല്ലെൻകിൽ കേരളത്തിലേക്കു വേണ്ടി എഴുതുന്ന നോവലുകളുടെ അവസാനത്തിൽ അല്പം ചെയ്ഞ്ച് വരുത്തി ഇഷ്ടമ്പോലെ “ചെയ്ഞ്ച്” വാരാമായിരുന്നു അവർക്ക്.

ഉദാഹരണത്തിന്‌, സാധാരണ ഒരു നാടകാന്തം കവിത്വത്തിൽ, ഡിറ്റക്ടീവ് കള്ളനെ പിടി കൂടുന്നു. പൊലീസ് ചീഫിനു കൈ മാറുന്നു. അതോടെ കഥ “ഠിം” എന്നങ്ങു നിൽക്കുന്നു. അതു വായിക്കുന്ന ഒരു സാധാരണ മലയാളവായനത്തൊഴിലാളി “ഈ കഥയിൽ കരച്ചിലെവിടെ“ എന്നന്തം വിട്ട്, കഴിഞ കൊല്ലത്തെ ചോർന്ന പേപ്പർ കാണാതെപഠിച്ച് ഇത്തവണ SSLC എഴുതാൻ വന്നവനെപ്പോലെ വായുമ്പൊളിച്ചിരിക്കും. മലയാളികൾക്കു വേണ്ടി എഴുതുമ്പോൾ ആ അന്ത്യരംഗത്തിൽത്തന്നെ ഒരന്ത്യരംഗം വേണം. ഒന്നുരണ്ടു രീതികൾ താഴെക്കൊടുക്കാം:

കള്ളനെ കൈവിലങ്ങുവയ്ച്ച് പോലീസ് ചീഫിന്റെ കയ്യിൽ ഏൽപ്പിച്ച ശേഷം ഡിറ്റക്ടീവ് ഒരു നെടുവീര്പ്പിടുന്നു. അയാളുടെ കണ്ണുകൾ ദൂരത്തേയ്ക്കു പായുന്നു. പിന്നെ തന്റെ അരയിൽ ആരും കാണാതെ കെട്ടിവച്ചിരുന്ന മൂന്നുമുഴം കയർ അഴിച്ചെടുത്ത് അയാൾ സ്റ്റേഷനു പുറത്തുള്ള ആൽമരം ലക്ഷ്‍യമാക്കി നടക്കുന്നു. ഇങ്ങനെ കഥ നിർത്തിയാൽ പുസ്തകം ചൂടപ്പം.

മറ്റൊരു വിജയഫോർമുല: ഷോപ്പിങ് സെന്റരിനുവെളിയിൽ നടക്കുന്ന പോരാട്ടത്തിൽ അധോലോക നായകനെ ഡിറ്റക്ടീവ് വെടിവച്ചിടുന്നു. ഷോപ്പിങ് സെന്റരിന്റെ രണ്ടാംനിലയിലെ ഡീസീ ബുക്സിൽനിന്നും ആത്മഹത്യക്കായി “കയർ“ വാങ്ങിനടന്നുപോകുന്ന ഒരാൾ വെടിയൊച്ച കേട്ടു ഞെട്ടുന്നു, വടിപോലെ നിൽക്കുന്നു. അയാളുടെ കയ്യിൽനിന്നും താഴേക്കു തെറിച്ചുവീഴുന്ന “കയർ“ ഹെൽമറ്റിടാത്ത ഡിറ്റക്ടീവിന്റെ തലയിൽ വീഴുന്നു. അല്പസമയം കഴിഞ്ഞപ്പോൾ, ചമ്മന്തിരൂപമായ ആ അപസർപ്പകശരീരത്തെ പോലീസുകാർ ഷോപ്പിങ്ങ് സെന്റർ പാർക്കിങ് ലോട്ടിൽനിന്നും പാളക്കീർ കൊണ്ട് വടിച്ചെടുക്കുന്നത് നോക്കിനില്ക്കുന്ന പോലീസ് ചീഫ്. അദ്ദേഹത്തിന്റെ കണ്ണിൽനിന്നും അശ്രുപ്രവാഹം, മൂക്കിൽനിന്നും വായിൽനിന്നും നെടുവീർപ്പ് (ഒരു നെടുവീർപ്പ് എവിടെയെൻകിലും വേണം, അല്ലാതെ ഞാൻ സമ്മതിക്കത്തില്ല)

മലയാളത്തിൽ ഡിറ്റക്ടീവ് നോവൽ എഴുതുന്നവർ സാധാരണ കാണിക്കുന്ന മറ്റൊരു തെറ്റുണ്ട്. നേരെവാ നേരെപോ എന്നമട്ടിൽ എഴുതും. ഉദാഹരണത്തിന് “ഡിറ്റക്ടീവ് മാർക്സിൻ ഒരു ഹാഫ്-എ-കൊറോണയ്ക്കു തീ കൊളുത്തി ആ കേസിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു” എന്നു വായിക്കുമ്പോൾ ആർക്കും ഒരു കൺഫ്യൂഷനും തോന്നില്ല. ആ വാചകത്തിൽ ഒന്നിൽക്കൂടുതൽ അർത്ഥങ്ങൾക്ക് ഒളിച്ചിരിക്കാൻ സ്ഥലവുമില്ല. അവിടെയാണു നോവലിസ്റ്റിന്റെ പരാജയം. ഈ രീതി ഇംഗ്ലീഷ് കഥകൾക്കുപറ്റും. മലയാളത്തിൽ വിജയിക്കണമെൻകിൽ സ്റ്റൈൽ മാറ്റണം.

“സൽഫർ ഖനികളിൽനിന്നു കുറുക്കന്മാരുടെ ഓരിയുയർന്നു. അന്ത്യപ്രളയത്തിൽ ആലിലമേൽ ശയിക്കുന്ന അദ്ഭുതശിശുവിനെപ്പോലെ ആഷ്ട്രേയിൽ ഹാഫ്-എ-കൊറോണ അർദ്ധനിദ്രയിലാണ്ടുകിടന്നു. മാർക്സിൻ അതെടുത്ത് ഒരു പുക വിട്ടപ്പോൾ വിഷ്ണുരൂപി മാർക്സിനു ശിവതുല്യമായ മുക്കണ്ണായി. ആദിമസ്നേഹം ചുരുട്ടുപുകപോലെ എങ്ങും പരന്നു. ഗുരുസമാനനായ വൃക്ഷം മാർക്സിനു വേണ്ടി സാമഗാനം ആലപിച്ചു. നീരാളിച്ചുഴികളിൽ നിന്നു വേദനയുടെ സംത്രാസത്തിന്റെ ബുദ്ബുദങ്ങൾ തേങ്ങും മനസ്സിനൊരാന്ദോളനമായി” എന്നൊക്കെ കുറെ എഴുതിവച്ചാൽ അതിനു വയലാർ അവാർഡുകിട്ടും...

കരച്ചിലുണ്ടാക്കാതെതന്നെ വിറ്റഴിയാൻകഴിയുന്ന നല്ല അപസർപ്പകനോവലുകൾ മലയാളത്തിലുണ്ടാകുന്ന ഒരു നല്ലനാൾ പുലരും, പുലരാതിരിക്കില്ല.

Tuesday, September 20, 2005

മത്തായി

മത്തായി എന്റെ പ്രിയസതീർത്ഥ്യൻ. എന്റെ ക്ലാസ്സിൽ എല്ലാവരുടെയും ഇലക്ട്രോണിക്സ് പ്രോജക്റ്റുകൾ ചെയ്തുകൊടുത്തിരുന്ന നല്ലവൻ. ബിരുദത്തിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ അഴിച്ചുവിട്ട മൂരിയായി ഞാൻ നടക്കുമ്പോൾ അവൻ എന്റെ തൊഴുത്തിൽ എന്റെ സഹമുറിയൻ, സഹകുടിയൻ, ഒരുപാടു നാൾ എന്റെ ഇരുചക്രഡ്രൈവൻ.

ദില്ലിയിൽ ഞങ്ങൾ പയ്യന്മാരായി വാഴുമ്പോൾ മത്തായിക്കൊരു പ്രശ്നമുണ്ടായിരുന്നു, actually 2 പ്രശ്നങ്ങൾ: നമ്പ്ര 1: വളരെ മൃദുവായേ മത്തായി പേശൂ. നമ്പ്ര 2: ഹിന്ദി മത്തായിക്കു തീരെ പിടിയില്ല. ഇവകളിൽ ഏതെന്കിലും ഒരു പ്രശ്നം തന്നെ ഡെഡ്‍ലി ആണു ഡെല്ലിയിൽ, രണ്ടും കൂടെയായപ്പോഴത്തെ സ്ഥിതി ചിന്ത്യം.

ഉദാഹരണത്തിന്, വീട്ടിലെ സോപ്പുതീരുമ്പോൾ മത്തായി അടുത്തുള്ള പലചരക്കുകടയിൽ പോകുന്നു (തെറ്റിദ്ധരിക്കരുത് -- സോപ്പ് തീരുന്ന സംഭവം ഹാലീസ് കോമെറ്റ് പോലെ യുഗത്തിൽ വല്ലപ്പോഴും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാമതു ഞാനോ, മത്തായിയോ, കൂടെത്താമസിച്ചിരുന്ന മറ്റു നാലു കന്നുകാലികളോ കുളിയിൽ വിശ്വാസമില്ലത്തവരായിരുന്നു. കുളി എന്നാൽ വിജയശ്രീ (പണ്ടുകാലത്തെ ഒരു ഷക്കീല), രേഖ മുതലായ സിനിമാനടികൾക്കു വിധിച്ച ഒരാചാരമായാണു പൊതുവേ തൊഴുത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. അതുമാത്രവുമല്ല സോപ്പ്, പേസ്റ്റ് മുതലായ സാധനങ്ങൾ അവയുടെ ഒരു തന്മാത്ര പോലും അവശേഷിക്കാത്ത രൂപത്തിൽ തീർന്നുകഴിഞ്ഞിട്ടേ പുതിയവ വാങ്ങാറുണ്ടായിരുന്നുള്ളു.)

കടക്കാരനു ഞങ്ങളെ വലിയകാര്യമാണ് -- കുളിതേവാരങ്ങളിൽ പുറകിലാണെൻകിലും തീറ്റയിൽ ബഹുകേമരായിരുന്നു ഞങ്ങൾ. അതുകൊണ്ടു പിണ്ണാക്ക്, കാലിത്തീറ്റ ഇനങ്ങളിൽ കടക്കാരൻ കൊയ്തുകൊണ്ടിരുന്നു. പിന്നെ മദ്രാസിപ്പശങ്ങളാണ്, പൊതുവേ നാട്ടുനടപ്പും കമ്പോളനിലവാരവും പിടിയില്ലാത്തവരായതിനാൽ വണികൻ ചോദിക്കുന്ന വില എല്ലാറ്റിനും കിട്ടും. ആയതിനാൽ മത്തായി നടന്നുവരുമ്പോൾ ഒരു മാടിനെയല്ല, പ്രത്യുത ആണ്ടിൽ 365 ദിവസവും, അധിവർഷങ്ങളിൽ 366 ദിവസവും ജംബോസൈസ് പൊന്മുട്ടയിടുന്ന ഒരു താറാവിനെയാണ് കടൈശ്വരൻ കണ്ടത്. ശേഷം അവർ തമ്മിൽ നടന്ന വാർത്താലാപ് താഴെക്കൊടുക്കുന്നു:

കട: ആയിയേ സാബ്, കീ ഹാൽ ഹൈ

മത്തൻ (കടക്കാരന്റെ പുറകിലേക്കു കൈചൂണ്ടിക്കൊണ്ട്): ബ്സ്‍സ്, ബ്സ്ബ്സ്സ്സ് (ഹേ വണികമഹാശയാ, എനിക്കൊരു ലക്സ് തരൂ മഹാനുഭാവാ)

കട: അച്ഛാ, ആപ്കൊ ദാൽ ചാഹിയേ ക്യാ? (മദ്രാസീ, നിനക്കെന്താ പരിപ്പു വേണായിരിക്കും നിന്റെ “സാംഭാറി”ലിടാൻ)
കട (അവിടെനിൽക്കുന്ന സഹായിയോട്): ഛോട്ടൂ, സാബ് കേ ലിയെ ദോ കിലോ ദാൽ (ഡാ പ്ശാശേ, രണ്ടുകിലോ ദാൽ മദ്രാസീടെ വായിൽ തള്ള്)

മത്തായി (ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന രോഷത്തോടെ): ബ്സ്ബ്സ്ബ്സ്ബ്സ്‌സ് (എടോ കടക്കാരാ, എനിക്കു സോപ്പാണുവേണ്ടത്, സോപ്പ്. മനസ്സിലായോ പൊണ്ണത്തടിയാ)

കട: അച്ഛാ, ചാവൽ ഭീ ചാഹിയേ? ഛോട്ടൂ, ചാവൽ ദേനാ പാഞ്ച് കിലോ. (മദ്രാസീ, കാള വാലുപൊക്കുമ്പോഴറിയില്ലേ എന്താ സംഭവം ന്നു്. താൻ പരിപ്പു മേടിച്ചപ്പൊഴേ ഞാൻ തീരുമാനിച്ചു അരി മേടിക്കാതെവിടെപ്പോകാൻ എന്നു. പ്ശാശേ, ഇയാക്കു അഞ്ചു കിലോ ചാക്കരി കൂടി എടുത്തോ)

മത്തായി (ഒരു കൊടുൻകാറ്റായി മാറുന്നു): ബ്സ്‌ബ്സ്‌സ്‌സ്‌സ്‌സ്‌സ്‌സ്‌സ് (എടോ തന്നെ ഞാൻ... എന്റെ അപ്പൻ ആരാണെന്നറിയാമോ തനിക്ക്. കേരളത്തിൽ മന്ത്രിയാണ്)
[അതു സത്യത്തിൽ ഒരു നുണയായിരുന്നു മത്തായി പറഞ്ഞത് -- മത്തായിയുടെ പിതാവ് ഒരിക്കലും മന്ത്രി ആയിട്ടില്ല]

കട: ഛോട്ടൂ, സാബ് കോ നാരിയൽ കാ തേൽ ഇക് ബഡാ ബോത്തൽ ദേ ദോ (പ്ശാശേ, ഇയാക്കു കുറെ പാരഷൂട് എണ്ണയും കൊട്. അവന്റെ ഒടുക്കത്തെ ഒരു തേങ്ങാഎണ്ണ കുടി... ഇവന്മാർക്കൊക്കെ പോസ്റ്റ്മാൻ എണ്ണ ഉപയോഗിച്ചുകൂടെ)

ഇത്രയും ആകുമ്പൊഴേക്കു മത്തായിക്കു സ്വന്തം പരിമിതികൾ ബോദ്ധ്യം വരുന്നു. കീശയിൽ നിന്നും പണസഞ്ചി വെളിയിൽ വരുന്നു. കടക്കാരൻ ബാഹ്യമായും, ആന്തരികമായും വെളുക്കെച്ചിരിച്ചുകൊണ്ട് ഒരു വലിയ തുക കള്ളക്കണക്കുണ്ടാക്കി മത്തായിയെ ഒരു തുണ്ടുകടലാസിൽ എഴുതിക്കാട്ടുന്നു. മത്തായി അതു കൊടുക്കുന്നു. സാമാനങ്ങളും ഭേസി മത്തായി നടന്നകലുമ്പോൾ തന്റെ ഇഷ്ടദൈവമായ ബജ്‍രംഗ്ബലിക്കു കടക്കാരൻ ഒരു ചന്ദനത്തിരി കൊളുത്തുന്നു. ഞങ്ങളുടെ തൊഴുത്തിൽ ചോറിന്റെയും പരിപ്പിന്റെയും ഒരു സേവനവാരം അപ്പോൾ തുടങ്ങുകയായി... സോപ്പില്ലാത്ത കുളികളുടെയും...

===================================================================
മറ്റു രണ്ടു മത്തായിഫലിതങ്ങൾ:

വാശിയേറിയ ചീട്ടുകളി. കുണുക്ക് വയ്ക്കലും ഇറക്കലും ആകെപ്പാടെ ബഹളം. മത്തായിയാണു തുരുപ്പു കമഴ്ത്തിയിരിക്കുന്നതു്. എതിർകക്ഷിയിലെ ഒരു വിദ്വാനു തുരുപ്പു തുറക്കാൻ ഒരവസരം:

വിദ്വാൻ: മത്തായീ, തുരുപ്പുചീട്ട് മലത്തി ഇടടാ...
(നിശ്ശബ്ദതയുടെ ഒരു മൈക്രോസെക്കന്റ്റ്)
മത്തായി: അതിനു മലം എവിഡെഡാ?

------------------------------------------------------------------------------------------------

മത്തായി വിവാഹിതനാകുന്നു. വിവാഹപൂർവ്വരാത്രികളുടെ 2 കൊല്ലം മത്തായി ഒറ്റയ്ക്ക് ഒരു ഫ്ളാറ്റിലാണ് ചെലവഴിച്ചിരുന്നത് (ഞങ്ങൾ അപ്പൊഴേക്കും പിരിഞ്ഞിരുന്നു).

വിവാഹശേഷം നവവധൂസമേതനായി മത്തായിയുടെ പട്ടണപ്രവേശം. മത്തായി പതിവുപോലെ രാവിലെ ജോലിക്കുപോകുന്നു. എല്ലാ പുത്തനച്ചികളെയും പോലെ ഭാര്യക്കു പുരപ്പുറം വരെ തൂക്കാൻ കൊതി. മത്തായിയുടെ ഫ്ലാറ്റ് ആണെൻകിൽ അതിനു ധാരാളം സ്കോപ് ഉള്ള സ്ഥലം. 2 വർഷമായി ചൂലെന്നൊരു സാധനം അവിടെ കയറിയിട്ടില്ല. ഭാര്യ ചൂൽ, ബക്കറ്റ്, വെള്ളം, തുണി എന്നിവയുമായി അരയും തലയും മുറുക്കി ഇറങ്ങുന്നു

....

മത്തായി വൈകിട്ടു തിരിച്ചുവരുമ്പോൾ ആകെ ഒരു മാറ്റം. “വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും” എന്നു കുഞ്ചൻ (നടനല്ല) പണ്ടു പാടിയതുപോലെ ആകെ ഒരു തിളക്കം. മത്തായി ഞെട്ടി, സ്വന്തം മുറിയിലേക്കോടി. ഭാര്യയും ഞെട്ടി, മത്തായിയുടെ പുറകെയോടി. മത്തായിയുടെ മുറിയിലും നക്ഷത്രത്തിളക്കം. പക്ഷേ മത്തായി വിതുമ്പാൻ തുടങ്ങി.

മത്തായി (തേങ്ങലിനിടയിൽ): എടീ, നീ ഈ മേശ തുടച്ചു വൃത്തിയാക്കിയോ?

ഭാര്യ: തീർച്ചയായും. എന്താ, ഇനിയും ഇതിൽ പൊടിയോ ചെളിയോ ഉണ്ടോ? അതാണോ നിങ്ങൾ കരയുന്നേ?

മത്തായി: എടീ ദുഷ്ടേ, ഈ മേശപ്പുറത്തെ പൊടിയിലായിരുന്നെടീ ഞാൻ എല്ലാവരുടെയും ഫോൺ നമ്പരുകൾ എഴുതിവച്ചിരുന്നത്, അതെല്ലാം നീ കളഞ്ഞില്ലേ (പൊട്ടിപ്പൊട്ടിക്കരയുന്നു)

Friday, September 02, 2005

പുരാതനശിലായുഗം

ന്റെ ഭാര്യക്കു കേരളത്തെപ്പറ്റി വളരെ romantic ആയ കാഴ്ചപ്പാടാണ്—അവൾ “കേരളം”, “കേരളം” എന്നുപറയുമ്പോൾ പശ്ചാത്തലത്തിൽ കേളികൊട്ടുയരുന്നതു കേൾക്കാം. അവൾ ജനിച്ചതും, 30 കൊല്ലം വളർന്നതും കേരളത്തിലാണ് – എന്നിട്ടുകൂടി! പൊതുവെ പല കാര്യങ്ങളിലും romantic എന്നു ബലം പിടിച്ചു നടക്കുന്ന ഞാനോ, ഇക്കാര്യത്തിൽ പക്കാ realist.

കഴിഞ്ഞ കൊല്ലം ഒറ്റയ്ക്കു നാട്ടിൽ വന്നപ്പോൾ കിട്ടിയ ഷോക്ക് ഇപ്പൊഴും മാറിയിട്ടില്ല എനിക്ക്.

പണ്ട്, വളരെപ്പണ്ട്, ഞാൻ ഒരു ബാലയോഗിയായി, ബ്രഹ്മചാരിയായി എൻ കുഗ്രാമത്തിൽ മരുവും കാലം, എന്റെ വീടിരിക്കുന്ന ഊടുവഴിയിൽ, വേറെ 3 വീടുകളേ വിളിപ്പാടിൽ ഉണ്ടായിരുന്നുള്ളു. പുതുമഴ പെയ്താൽ അന്നുരാത്രി വഴി നിറയെ പാമ്പിറങ്ങും -- മനുഷ്യൻ സൂക്ഷിച്ചു നടന്നിലെന്കിൽ പാമ്പ് ഖസാക്കിന്റെ ഇതിഹാസം രചിക്കും. രവീന്നാണോ, അതോ അപ്പുക്കിളീന്നാണോന്നു പേരുപോലും ചോദിക്കില്ല. മഴയില്ലാത്ത ദിവസം രാത്രി ആ വഴി വരുമ്പോൾ, വഴിയുടെ ഇരുവശവുമുള്ള മാവിലും, പ്ലാവിലും തൂങ്ങിയാടുന്ന ഞറള വള്ളികൾ നിലാവത്തു യക്ഷികളുടെ ഊഞാൽ പോലെയോ, അനാക്കൊണ്ട (ചില ആങ്ഗലേയ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരിനം റബ്ബറ്പ്പാമ്പ്) പോലെയോ ഒക്കെതോന്നും. ആ വഴിയിലൂടെ ഒറ്റയ്ക്കു സെക്കൻഡ് ഷോ കാണാൻ പോയിത്തുടങ്ങിയ കാലത്താണു ഞാൻ മഹാഭാരതം തപ്പിപ്പിടിച്ചെടുത്തു അർജ്ജുനന്റെ 10 നാമങ്ങളും ഭക്ത്യാ ജപിക്കാൻ പഠിച്ചത്. അവിടെയും വന്നു ഒരു പാര. ഏകദേശം അക്കാലത്താണു ഫാ ജിയോ കപ്പലുമാക്കൻ കപ്പലുമാവുകളുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും സമീപത്തുകൂടി നടന്നുപോകുന്നവരുടെ ശരീരത്തിൽ ആവേശിക്കുന്ന ഒരുതരം മറുതകളെപ്പറ്റി മനോരമ ആഴ്ച്ചപ്പതിപ്പിൽ എഴുതിത്തുടങ്ങിയത്. കഞ്ഞി കുടിക്കാൻ കാശില്ലാത്തവന് വയറിളക്കം വന്ന പോലെയായി എന്റെ സ്ഥിതി. കപ്പലുമാക്കൻ മറുതകളാണെൻകിലോ കൂടിയ ഇനമാണു്. നമ്മുടെ ശരീരത്തിൽ കയറിയാലും, നമ്മൾ അറിഞ്ഞെന്നു വരില്ല. പുറമെനിന്നു കണ്ടാൽ മുഹമ്മദ് ആട്ടയെപ്പോലെ ഒരു പാവത്താൻ ലുക്ക് ആയിരിക്കും സാധനങ്ങൾക്കു്. ചിലപ്പോൾ ഒരു പൂച്ചക്കുട്ടി, ചിലപ്പോൾ ഒരു പട്ടിക്കുട്ടി. അങ്ങനെ എന്തെൻകിലുമൊന്നു്. പക്ഷേ, നമ്മെ ആവേശിച്ചുകഴിഞാൽ അവറ്റയ്ക്കും ആവേശമാകുമത്രെ. ബാധ കൂടിയ ആളുടെ സ്വഭാവം മാറും എന്നതാണു് ആകെ ഒരു ബാഹ്യലക്ഷണം. ഓരോ സെക്കൻഡ് ഷോ പരിപാടി കഴിയുമ്പോഴും അടുത്ത ആഴ്ച വരെ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നുണ്ടോയെന്നു ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചുപോന്നു. ഇനി എന്റെ മാറ്റങ്ങൾ എനിക്കു തന്നെ കണ്ടുപിടിക്കാൻ പറ്റാതെ പോയാലോ എന്നു കരുതി അമ്മയേയും, അനിയത്തിയേയും കൂടി ഈ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പൊതുവെ ഒരു കിടുകിടുങ്കൻ സ്ഥലവും, കാലവും.

കഴിഞ്ഞ കൊല്ലം നാട്ടിൽ ചെന്നപ്പോഴാണു് മാറ്റങ്ങൾ എന്നെ വളഞ്ഞുനിന്നാക്രമിച്ചത്. “തൊണ്ട്” എന്നു ഞങ്ങൾ ഓമനയായി വിളിച്ചുപോന്ന ഊടുവഴി ഇപ്പോൾ ചങ്ങമ്പുഴ റോഡ് ആയി. ഞങ്ങളുടെ പുരയിടം ഒഴികെ ബാക്കി പറമ്പുകളിലെല്ലാം ഇപ്പോൾ വീടുകളാണു കൃഷി ചെയ്യുന്നതെന്നു തോന്നി. പണ്ടു പ്രധാനമായി ഞങ്ങൾക്കു കുട്ടിയും, കോലും കളിക്കാനും, പിന്നെ ബാക്കി കാലങ്ങളിൽ നെല്ലു കൃഷി ചെയ്യാനും വേണ്ടി ഇട്ടിരുന്ന സ്ഥലങ്ങളായിരുന്നു അവ. ആ പുരാതനശിലായുഗത്തിൽ, അക്ഷരാർത്ഥത്തിൽ വീകേയെൻ പറഞ്ഞതുപോലെ, “ഒന്നിനും ഒരു കുറവുമില്ല, രണ്ടിനാണെൻകിൽ പറമ്പിൽ ഇഷ്ടം പോലെ സ്ഥലം” എന്നതായിരുന്നു അവസ്ഥ.
ഇപ്പോഴോ, അടുത്ത വീട്ടിലെ കൊച്ചുതെമ്മാടി മുറ്റത്തു മുള്ളിയാൽ, ചുറ്റുമുള്ള മൂന്നാലു വീട്ടിലെൻകിലും സുനാമി വന്നേക്കുമോ എന്നു വർണ്ണ്യത്തിലാശങ്ക. ആകപ്പാടെ ഒരു “ഒരു ദേശത്തിന്റെ കഥ“യുടെ അവസാനത്തെ അദ്ധ്യായം പോലെ.

അമ്മയും അച്ഛനും താമസിക്കുന്ന “അന്നൈ ഒരാലയം” തന്നെയും പഴയതിൽനിന്നും ഒരുപാടുമാറിക്കഴിഞ്ഞിരിക്കുന്നു. പണ്ടു ഞാനും അനിയത്തിയും വളർന്ന, ഓടുമേഞ്ഞ, കുറച്ചൊരു തണുപ്പും, കുറച്ചൊരിരുട്ടും ഒക്കെയുണ്ടായിരുന്ന വീട് ഇപ്പോൾ വാടകക്കാർക്ക്. പകരം അമ്മ പണിയിച്ചു ഒരു വെള്ള നിറമുള്ള കോൺക്രീറ്റ് ബോർമ്മ.
“കൂപോദകം, വടച്ഛായാ, ഗൃഹാന്തം, തരുണീസ്തനം
ശീതകാലേ വഹത്യുഷ്ണം, ഉഷ്ണകാലേതു ശീതളം” എന്ന് ഏതോ വീകേയെൻ കഥയിൽ വായിച്ചതാണ്. ഈ പുതിയ ഗൃഹാന്തത്തിൽ ഉഷ്ണകാലത്തുഷ്ണം മാത്രമേയുള്ളു. യീസ്റ്റ്, സോഡാക്കാരം മുതലായവ അടങ്ങിയതൊന്നും കഴിച്ച് വീട്ടിൽ അധികനേരം ഇരിക്കരുതെന്നു ഞാൻ മാതാപിതാക്കളെ താക്കീതു ചെയ്തു. “കേട്ടില്ലേ, ആ തെക്കേലെ ടീച്ചർ കേയ്ക്ക് ആയിപ്പോയി” എന്നു ജനത്തിനെക്കൊണ്ട് പറയിക്കണ്ടല്ലോ.

ഇങ്ങനെയൊക്കെയാണു് ഇന്നത്തെ കേരൾ പ്രദേശ് എന്നു ഞാൻ വാമഭാഗത്തിനെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചുവരവെയാണ് ഞങ്ങൾ ഇവിടെ ഒരു പഴയ വീട്ടിലേക്ക് പുതുതായി മാറിയത്.

(ഉദ്വേഗജനകമായ ഈ കഥയുടെ രണ്ടാം ഭാഗം ഇതേ ബ്ലോഗിൽ തുടരും. ർഭിണികൾ, കൊച്ചുകുട്ടികൾ, വൃദ്ധർ, പിടലി ഉളുക്കാൻ സാദ്ധ്യതയുള്ളവർ എന്നിവർ തുടർന്നുവായിക്കരുത്.)

പാഠം 1 പറ

മലയാളം ബ്ലോഗുകളുടെ ഈ ദുനിയാവിലേക്കു അറച്ചറച്ചാണെൻകിലും ഞാനും എന്റെ ഈ “പെഹ്‌ലാ കദം“ വെച്ചോട്ടെ.

ഇതിനു പ്രചോദനം തന്ന തോഴർക്കെല്ലാം ഇതു വേണ്ടായിരുന്നൂന്നു ഒരിക്കൽ തോന്നിയാൽ ഞാൻ ധന്യനായി...
(വിശ്വം വിഷ്ണുർ വഷട്കാരോ ഭൂതഭവ്യഭവദ്പ്രഭു വിശ്വപ്രഭ, പെരിങ്ങോടർ, കലേഷ്, ആദ്യമായി വെബിൽ മലയാളം എഴുതാൻ എനിക്കൊരു കാൻ‍വാസും കുറെ വഴക്കും തന്ന സൂ, കുമാർ, അനിൽ ഇവരാണ് ടിയാന്മാർ എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തും)

എല്ലാം തുടങ്ങാൻ എനിക്കു വളരെ എളുപ്പമാണ് -- ബ്രഹ്മാവാണു് എന്റെ ഇഷ്ടദൈവം. 3 മാസത്തിനു ശേഷവും ഈ ബ്ലോഗ് “ഉജാർ“ ആയിട്ടിരിക്കുകയാണെൻകിൽ, ഇതിന്റെ പേര് ഞാൻ താജ് മഹലിന്റെ താഴെ എഴുതാം -- വിശ്വാദ്ഭുതങ്ങളുടെ പട്ടികയിൽ.

രാത്രി വൈകി. ഇനി തൂങ്ങീട്ട് നാളെ ഐശ്വര്യമായി മലയാളത്തിനെ അറുത്തുതുടങ്ങാം.